Connect with us

Kerala

പതിനൊന്നുകാരിയെ വീട്ടില്‍ കയറി ആക്രമിച്ച് പരുക്കേല്‍പ്പിച്ച കേസ്; പ്രതിക്ക് 13 വര്‍ഷം കഠിന തടവും പിഴയും

കഠിനതടവിനൊപ്പം 40,000 രൂപ പിഴയും ഒടുക്കണം.

Published

|

Last Updated

തിരുവനന്തപുരം |  അസഭ്യം പറഞ്ഞതിനെതിരെ പോലീസില്‍ പരാതി നല്‍കിയതിന്റെ വൈരാഗ്യത്തില്‍ പതിനൊന്നുവയസുകാരിയെ വീട്ടില്‍ കയറി ആക്രമിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ച കേസില്‍ പ്രതിയ്ക്ക് 13 വര്‍ഷം കഠിനതടവ്. മുത്താന അമ്പലത്തുംവിള ലക്ഷംവീട് കോളനിയില്‍ ഗിരീഷിനെയാണു കോടതി ശിക്ഷിച്ചത്. കഠിനതടവിനൊപ്പം 40,000 രൂപ പിഴയും ഒടുക്കണം. 2011 ജൂണ്‍ മൂന്നാണു കേസിനാസ്പദമായ സംഭവം

മക്കള്‍ സ്‌കൂളിലേയ്ക്കു പോകുമ്പോഴും വരുമ്പോഴും പ്രതി കളിയാക്കുന്നതും അസഭ്യം പറയുന്നതും തുടര്‍ന്നതോടെ അമ്മ പോലിസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് പ്രതിയെ താക്കീത് നല്‍കി വിട്ടയച്ചിരുന്നു. അതിന്റെ വൈരാഗ്യത്തില്‍ ഗിരീഷ് വീട്ടില്‍ അതിക്രമിച്ചു കയറി പെണ്‍കുട്ടിയെ തലയ്ക്കടിച്ചു പരുക്കേല്‍പ്പിക്കുകയായിരുന്നു. അക്രമം തടയാന്‍ ശ്രമിച്ച അമ്മക്കും സഹോദരിക്കും പരുക്കേറ്റിരുന്നു.

പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതി ഒരു വര്‍ഷം കൂടി തടവുശിക്ഷ അനുഭവിക്കണം. വര്‍ക്കല പോലീസ് ഇന്‍സ്പെക്ടറായിരുന്ന വി സൈജുനാഥ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 16 സാക്ഷികളെ വിസ്തരിക്കുകയും 21 രേഖകളും ഹാജരാക്കുകയും ചെയ്തു.

Latest