Connect with us

National

ഔദ്യോഗിക ചടങ്ങുകളിലും സ്‌കൂള്‍ അസംബ്ലികളിലും വന്ദേമാതരം ആലപിക്കണം; പുതിയ മാര്‍ഗനിര്‍ദേശവുമായി കേന്ദ്രം

വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകള്‍ ഉള്‍പ്പെട്ട മൂന്ന് മിനുട്ടും പത്ത് സെക്കന്‍ഡും ദൈര്‍ഘ്യമുള്ള പതിപ്പാണ് ആലപിക്കേണ്ടത്.

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേമാതരം ആലപിക്കണമെന്ന നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകള്‍ ഉള്‍പ്പെട്ട മൂന്ന് മിനുട്ടും പത്ത് സെക്കന്‍ഡും ദൈര്‍ഘ്യമുള്ള പതിപ്പാണ് ആലപിക്കേണ്ടത്.

ദേശീയ പതാക ഉയര്‍ത്തുമ്പോഴുംരാഷ്ട്രപതിയുടെയും ഗവര്‍ണര്‍മാരുടെയും സാന്നിധ്യമുള്ള ഔദ്യോഗിക ചടങ്ങുകളിലുംഅവര്‍ വരുമ്പോഴും പോകുമ്പോഴും വന്ദമാതരം ആലപിക്കണമെന്ന് ജനുവരി 28 തീയതി വച്ചുള്ള 28 പേജ് വരുന്ന ഉത്തരവില്‍ വ്യക്തമാക്കുന്നു. ദേശീയ ഗാനവും ദേശീയ ഗീതവും ഒരുമിച്ച് ആലപിക്കുന്ന അവസരങ്ങളില്‍ വന്ദേമാതരത്തിന് മുന്‍ഗണന നല്‍കുകയും അത് ആദ്യം ആലപിക്കുകയും വേണം.

സിവില്‍ ചടങ്ങുകള്‍, സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഔദ്യോഗിക സംസ്ഥാന പരിപാടികളിലും മറ്റ് ചടങ്ങുകളിലും രാഷ്ട്രപതിയുടെ വരവ്, അത്തരം ചടങ്ങുകളില്‍ നിന്ന് അദ്ദേഹം പോകുമ്പോള്‍, പ്രസിഡന്റ് അഖിലേന്ത്യാ റേഡിയോയിലൂടെയും ടെലിവിഷനിലൂടെയും രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന് തൊട്ടു മുമ്പും ശേഷവും, ഗവര്‍ണര്‍/ലെഫ്റ്റനന്റ് ഗവര്‍ണര്‍ തന്റെ സംസ്ഥാന/കേന്ദ്രഭരണ പ്രദേശത്തിനുള്ളിലെ ഔദ്യോഗിക സംസ്ഥാന പരിപാടികളില്‍ എത്തിച്ചേരുമ്പോഴും അദ്ദേഹം പോകുമ്പോഴും, ദേശീയ പതാക പരേഡില്‍ കൊണ്ടുവരുമ്പോള്‍, ഇന്ത്യാ ഗവണ്‍മെന്റ് പ്രത്യേക ഉത്തരവുകള്‍ പുറപ്പെടുവിക്കുന്ന സന്ദര്‍ഭങ്ങളിലും വന്ദേ മാതരം ആലപിക്കണമെന്നും നിര്‍ദേശമുണ്ട്.

വന്ദേ മാതരം ആലപിക്കുന്ന സമയത്ത് എല്ലാവരും എഴുന്നേറ്റ് നില്‍ക്കണം. എന്നാല്‍, വാര്‍ത്താചിത്രങ്ങളിലോ ഡോക്യുമെന്ററികളിലോ സിനിമയുടെ ഭാഗമായി ഗീതം കേള്‍പ്പിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കേണ്ടതില്ല.സ്‌കൂള്‍ അസംബ്ലികളിലും വന്ദേ മാതരം ആലപിക്കാന്‍ സാധിക്കുന്ന എല്ലാ പരിപാടികളിലും സ്ഥലങ്ങളിലും നിര്‍ബന്ധമായും ഇനി മുതല്‍ വന്ദേ മാതരം ആലപിക്കണം.

സ്‌കൂളുകളില്‍ രാവിലെ വന്ദേമാതരം ആലപിക്കണമെന്നും വിദ്യാര്‍ഥികളില്‍ ദേശീയ പതാകയോടും ദേശീയ ഗീതത്തോടും ആദരവ് വളര്‍ത്താന്‍ സ്‌കൂള്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെടുന്നു. സ്‌കൂളുകളില്‍ പ്രവര്‍ത്തി ദിനം വന്ദേ മാതരം ആലപിച്ചുകൊണ്ട് വേണം ആരംഭിക്കാന്‍. പൊതുചടങ്ങുകളില്‍ വന്ദേ മാതരം വരികള്‍ അച്ചടിച്ച് സദസ്സില്‍ വിതരണം ചെയ്യണം. വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയോ അല്ലാതെയോ വന്ദേ മാതരം ആലപിക്കാം. ബാന്റ് സെറ്റുകളുടെ അകമ്പടിയോടെ വന്ദേമാതരം അവതരിപ്പിക്കുന്ന അവസരങ്ങളില്‍ ഗീതം ആരംഭിക്കുന്നതിന് മുമ്പായി ഏഴ് താളത്തിലുള്ള ഡ്രം റോള്‍ ഉണ്ടായിരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

 

Latest