International
വെറും രണ്ട് സെക്കൻഡിനുള്ളിൽ 700 കിലോമീറ്റർ വേഗത; ചരിത്രം കുറിച്ച് ചൈനീസ് ട്രെയിൻ
ഏകദേശം ഒരു ടൺ ഭാരമുള്ള വാഹനമാണ് പരീക്ഷണത്തിൽ ഈ അവിശ്വസനീയമായ വേഗത കൈവരിച്ചത്.
ബീജിംഗ് | വെറും രണ്ട് സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 700 കിലോമീറ്റർ വേഗത കൈവരിച്ച് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ചൈനയുടെ പുതിയ മാഗ്ലെവ് ട്രെയിൻ. കണ്ണടച്ചു തുറക്കുന്ന വേഗതയിൽ പാഞ്ഞുപോകുന്ന ഈ ട്രെയിൻ ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർകണ്ടക്റ്റിംഗ് ഇലക്ട്രിക് മാഗ്ലെവ് ട്രെയിനായാണ് കണക്കാക്കപ്പെടുന്നത്. ചൈനയിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ഡിഫൻസ് ടെക്നോളജിയിലെ ഗവേഷകരാണ് ഈ വിസ്മയ നേട്ടത്തിന് പിന്നിൽ.
ഏകദേശം ഒരു ടൺ ഭാരമുള്ള വാഹനമാണ് പരീക്ഷണത്തിൽ ഈ അവിശ്വസനീയമായ വേഗത കൈവരിച്ചത്. 400 മീറ്റർ നീളമുള്ള മാഗ്ലെവ് ട്രാക്കിലായിരുന്നു പരീക്ഷണം. വെള്ളി മിന്നൽ പിണർ പോലെ പായുന്ന ട്രെയിനിന്റെ ദൃശ്യങ്ങൾ ഒരു സയൻസ് ഫിക്ഷൻ സിനിമയെ ഓർമ്മിപ്പിക്കുന്നതാണ്. പാളത്തിൽ തൊടാതെ കാന്തികശക്തി ഉപയോഗിച്ച് ഉയർന്നു പൊങ്ങിയാണ് ഈ ട്രെയിൻ സഞ്ചരിക്കുന്നത്.
#China sets a world record with superconducting maglev train hitting 700 km/h in just 2 seconds!#technology #railway #train pic.twitter.com/kMVSAAwD36
— Shanghai Daily (@shanghaidaily) December 25, 2025
റോക്കറ്റുകൾ വിക്ഷേപിക്കാൻ പോലും ശേഷിയുള്ള അത്ര കരുത്തുറ്റ ആക്സിലറേഷൻ സംവിധാനമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. അതിവേഗ വൈദ്യുതകാന്തിക പ്രൊപ്പൽഷൻ, ഇലക്ട്രിക് സസ്പെൻഷൻ ഗൈഡൻസ് തുടങ്ങിയ സാങ്കേതിക വെല്ലുവിളികൾ ഈ നേട്ടത്തിലൂടെ പരിഹരിക്കപ്പെട്ടതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഭാവിയിൽ വിമാനങ്ങൾക്കും റോക്കറ്റുകൾക്കും കുറഞ്ഞ ഇന്ധനച്ചെലവിൽ വേഗതയേറിയ ടേക്ക് ഓഫ് ഉറപ്പാക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കും.
കഴിഞ്ഞ പത്ത് വർഷമായി ഈ പ്രോജക്റ്റിന് പിന്നിൽ ഗവേഷകർ പ്രവർത്തിച്ചുവരികയാണ്. ഈ വർഷം ജനുവരിയിൽ ഇതേ ട്രാക്കിൽ നടത്തിയ പരീക്ഷണത്തിൽ 648 കിലോമീറ്റർ വേഗത കൈവരിച്ചിരുന്നു. മൂന്ന് പതിറ്റാണ്ട് മുമ്പ് ചൈനയിലെ ആദ്യത്തെ മാഗ്ലെവ് ട്രെയിൻ വികസിപ്പിച്ചതും ഇതേ സർവകലാശാലയായിരുന്നു. പുതിയ പരീക്ഷണം വിജയകരമായതോടെ അതിവേഗ മാഗ്ലെവ് ഗതാഗത രംഗത്ത് ചൈന വലിയ മുന്നേറ്റമാണ് ലക്ഷ്യമിടുന്നത്.




