Connect with us

National

പുതുവർഷത്തിന് മുന്നോടിയായി മിന്നൽ പരിശോധന; ഡൽഹിയിൽ നൂറുകണക്കിന് പേർ അറസ്റ്റിൽ

പരിശോധനയിൽ നിരവധി മാരകായുധങ്ങൾ, ലക്ഷക്കണക്കിന് രൂപ, അനധികൃത മദ്യം, മയക്കുമരുന്ന്, മോഷ്ടിച്ച വസ്തുക്കൾ എന്നിവ പിടിച്ചെടുത്തു.

Published

|

Last Updated

ന്യൂഡൽഹി | പുതുവർഷ ആഘോഷങ്ങൾക്ക് മുന്നോടിയായി ദേശീയ തലസ്ഥാനത്ത് പോലീസ് നടത്തിയ വൻ സുരക്ഷാ പരിശോധനയിൽ നൂറുകണക്കിന് പേർ അറസ്റ്റിൽ. ഓപ്പറേഷൻ ആഘാത് 3.0 എന്ന് പേരിട്ട മിന്നൽ പരിശോധനയിൽ സൗത്ത്, സൗത്ത് ഈസ്റ്റ് ഡൽഹി ജില്ലകളിൽ നിന്നായി 660 ലധികം പേരെയാണ് പിടികൂടിയത്. പരിശോധനയിൽ നിരവധി മാരകായുധങ്ങൾ, ലക്ഷക്കണക്കിന് രൂപ, അനധികൃത മദ്യം, മയക്കുമരുന്ന്, മോഷ്ടിച്ച വസ്തുക്കൾ എന്നിവ പിടിച്ചെടുത്തു.

പുതുവർഷത്തോടനുബന്ധിച്ച് കുറ്റകൃത്യങ്ങൾ തടയുന്നതിനായി കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് സംയുക്ത പരിശോധന നടന്നത്. സൗത്ത് ഈസ്റ്റ് ജില്ലയിൽ മാത്രം 285 പേർ അറസ്റ്റിലായതായി പോലീസ് അറിയിച്ചു. ആയുധ നിയമം, എക്സൈസ് നിയമം, എൻ ഡി പി എസ് ആക്ട്, ചൂതാട്ട നിരോധന നിയമം എന്നിവ പ്രകാരമാണ് നടപടി. പരിശോധനയുടെ ഭാഗമായി 2,800 ഓളം പേരെ ചോദ്യം ചെയ്യുകയും 850 പേരെ കരുതൽ തടങ്കലിൽ വെക്കുകയും ചെയ്തു.

പതിവ് കുറ്റവാളികളായ 155 പേരും 10 വസ്തുവകകൾ മോഷ്ടിക്കുന്നവരും അറസ്റ്റിലായവരിലുണ്ട്. ലഹരി മാഫിയ, ചൂതാട്ടക്കാർ, സ്ഥിരം കുറ്റവാളികൾ എന്നിവരെ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും പരിശോധന നടന്നതെന്ന് ഡൽഹി പോലീസ് ജോയിന്റ് കമ്മീഷണർ എസ് കെ ജയിൻ പറഞ്ഞു. ആയുധ നിയമപ്രകാരം 66 കേസുകൾ രജിസ്റ്റർ ചെയ്തു. 24 നാടൻ തോക്കുകളും 44 കത്തികളും പിടിച്ചെടുത്തിട്ടുണ്ട്.

മദ്യവുമായി ബന്ധപ്പെട്ട് 60 പേരും 10 കിലോ കഞ്ചാവുമായി 10 പേരും പിടിയിലായി. പൊതുസ്ഥലത്ത് മദ്യപിച്ചതിന് 350 പേർക്കെതിരെ നടപടിയെടുത്തു. വാഹന മോഷണ ശൃംഖലകൾ തകർക്കുന്നതിന്റെ ഭാഗമായി അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും 231 ഇരുചക്ര വാഹനങ്ങളും ഒരു കാറും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ചൂതാട്ടവുമായി ബന്ധപ്പെട്ട് 68 പേരെ അറസ്റ്റ് ചെയ്ത പോലീസ് ഇവരിൽ നിന്ന് 2.3 ലക്ഷം രൂപ കണ്ടെടുത്തു. മോഷണം പോയതോ നഷ്ടപ്പെട്ടതോ ആയ 350 മൊബൈൽ ഫോണുകളും പോലീസ് വീണ്ടെടുത്തിട്ടുണ്ട്. ഇവ ഉടമകൾക്ക് തിരികെ നൽകുമെന്ന് അധികൃതർ അറിയിച്ചു.

Latest