National
യലഹങ്ക ഒഴിപ്പിക്കൽ: കോൺഗ്രസിന് ബുൾഡോസർ സംസ്കാരത്തിൽ വിശ്വാസമില്ല; പിണറായി വിജയന് മറുപടിയുമായി ഡി കെ ശിവകുമാർ
ബംഗളൂരു നഗരമധ്യത്തിലുള്ള സർക്കാർ ഭൂമി സംരക്ഷിക്കുക എന്ന ഉത്തരവാദിത്തമാണ് സർക്കാർ നിർവഹിക്കുന്നതെന്നും ശിവകുമാർ
ബംഗളൂരു | യലഹങ്കയിലെ ഒഴിപ്പിക്കൽ നടപടിയെ വിമർശിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. കോൺഗ്രസ് സർക്കാരിന് ‘ബുൾഡോസർ സംസ്കാരത്തിൽ’ വിശ്വാസമില്ലെന്നും സർക്കാർ ഭൂമി കൈയേറ്റങ്ങളിൽ നിന്ന് സംരക്ഷിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം ന്യായീകരിച്ചു. വിഷയത്തിലെ വസ്തുതകൾ മനസ്സിലാക്കാതെയാണ് പിണറായി വിജയൻ പ്രതികരിക്കുന്നതെന്ന് ശിവകുമാർ കുറ്റപ്പെടുത്തി.
ഒഴിപ്പിക്കപ്പെട്ട കെട്ടിടങ്ങൾ സർക്കാർ ഭൂമിയിലെ കൈയേറ്റങ്ങളായിരുന്നുവെന്നും ഈ പ്രദേശം മാലിന്യ നിക്ഷേപ കേന്ദ്രമായാണ് ഉപയോഗിച്ചിരുന്നതെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു. പ്രദേശത്ത് ഇതുമൂലം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നിലനിന്നിരുന്നു. മാനുഷിക പരിഗണന നൽകിക്കൊണ്ട് തന്നെ അവിടുള്ളവർക്ക് മാറിതാമസിക്കാൻ അവസരം നൽകിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബംഗളൂരു നഗരമധ്യത്തിലുള്ള സർക്കാർ ഭൂമി സംരക്ഷിക്കുക എന്ന ഉത്തരവാദിത്തമാണ് സർക്കാർ നിർവഹിക്കുന്നത്. ഇതിന് പിന്നിൽ ഭൂമാഫിയയുടെ ഇടപെടലുകളുണ്ട്. ഭൂമി കൈയേറുന്നതിനായി ചേരികൾ നിർമ്മിക്കാൻ ഭൂമാഫിയ ശ്രമിക്കുന്നു. ഇത് അനുവദിക്കില്ലെന്നും എന്നാൽ അർഹരായ താമസക്കാരെ പുനരധിവസിപ്പിക്കുമെന്നും ഡി കെ ശിവകുമാർ ഉറപ്പുനൽകി. രാജീവ് ഗാന്ധി ഭവന പദ്ധതി പ്രകാരം അർഹരായവർക്ക് വീട് നൽകാൻ സർക്കാർ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.
ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചാണ് ഒഴിപ്പിക്കൽ നടന്നതെന്ന ആരോപണങ്ങളെയും അദ്ദേഹം തള്ളി. ഈ നടപടിക്ക് ന്യൂനപക്ഷങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും ആരെങ്കിലും യഥാർത്ഥത്തിൽ ബാധിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്ക് മറ്റ് സ്ഥലങ്ങളിൽ വീട് നൽകുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഭവന നിർമ്മാണ മന്ത്രി സമീർ അഹമ്മദ് ഖാന്റെയും നേതൃത്വത്തിൽ ലക്ഷക്കണക്കിന് വീടുകളാണ് പാവപ്പെട്ടവർക്കായി നിർമ്മിച്ചു നൽകുന്നതെന്നും ശിവകുമാർ ചൂണ്ടിക്കാട്ടി.
വരാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ നാടകമാണ് പിണറായി വിജയന്റേതെന്ന് അദ്ദേഹം ആരോപിച്ചു. അയൽസംസ്ഥാനത്തെ കാര്യങ്ങളിൽ വസ്തുതകൾ അറിയാതെ പ്രതികരിക്കരുതെന്നും ഡി കെ ശിവകുമാർ ആവശ്യപ്പെട്ടു. കർണാടകയിൽ സാധുവായ രേഖകളുമായി താമസിക്കുന്ന ആർക്കും ആവശ്യമായ പിന്തുണ നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.




