Connect with us

Cover Story

ഓർമത്തുരുത്തിലെ കല്ലടയാളങ്ങൾ

കാലത്തിന്റെ പിന്നാമ്പുറങ്ങളിലേക്കു മനസ്സ് പായിക്കുമ്പോൾ യുവതലമുറയുടെ നോട്ടങ്ങൾ പതിക്കാത്ത ഒട്ടേറെ ചരിത്രശേഷിപ്പുകളും അവയുടെ അംശങ്ങളും അങ്ങിങ്ങ് ഇപ്പോഴും കാണാം. പരുന്തിൻ കൂട്ടങ്ങളിൽ നിന്നും കോഴിക്കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ഉപയോഗിച്ചിരുന്ന മുളങ്കൂട് (ഒറ്റാൽ) ഇന്ന് ഒറ്റപ്പെട്ടുകഴിഞ്ഞു. ഇരുട്ടിനെ കീറിമുറിച്ചു പ്രകാശം പരത്താൻ പഴമക്കാർ ഉപയോഗിച്ചിരുന്ന റാന്തൽ വിളക്കുകൾ നവ എട്ടുകെട്ടുകളുടെ തിരുമുറ്റത്തു കെട്ടിത്തൂക്കിയിടുന്ന കാഴ്ചവസ്തുവായി മാറി.

Published

|

Last Updated

“പണ്ട്, എന്നു പറഞ്ഞാൽ പണ്ട് പണ്ട്, നാമൊക്കെ ജനിക്കുന്നതിനു നൂറ്റാണ്ടു മുമ്പ് കേരളം എന്നൊരു നാടുണ്ടായിരുന്നു. അവിടെയുള്ളവർ മലയാളം എന്ന ഭാഷയാണ് സംസാരിച്ചിരുന്നത്. അവരുടെ വീടുകളുടെ മേൽക്കൂര തെങ്ങോല പാകിയതും കാലാന്തരത്തിൽ കോൺക്രീറ്റിൽ നിർമിച്ചവയുമായിരുന്നു. സമ്പന്നർ താമസിച്ചിരുന്ന ഭംഗിയുള്ള വീടുകളെ നാലുകെട്ടു, എട്ടുകെട്ടു എന്നിങ്ങനെയാണ് വിളിച്ചിരുന്നത്. മുറ്റത്തു തുളസിത്തറയും വൈക്കോൽ തുറുവും പശുത്തൊഴുത്തുമൊക്കെയുണ്ടായിരുന്നു. പ്രൗഢിയോടെ ജീവിച്ചിരുന്ന അവർ പരസ്പരം സ്‌നേഹിച്ചിരുന്നവരും സഹായിക്കുന്നവരുമായിരുന്നു. കുടുംബബന്ധങ്ങൾ കാത്തു സൂക്ഷിച്ചിരുന്ന അവരുടെ ഗ്രാമീണഭംഗി വളരെ മനോഹരമായിരുന്നു. പാവങ്ങൾ തികഞ്ഞ അധ്വാനികളും പഴഞ്ചോറുകഴിച്ചു ആരോഗ്യം കാത്തു സൂക്ഷിക്കുന്നവരുമായിരുന്നു. ‘

മുത്തച്ഛന്റെ ഈ കഥകൾ കേട്ടു ഇലക്ട്രോണിക് കസേരയിൽ ചാരിക്കിടന്ന ചെറുമകൻ താഴേക്കു ഉതിർന്നു വീഴുന്ന ജീൻസ് ട്രൗസർ ഒന്നുകൂടി മുകളിലേക്കു വലിച്ചുകയറ്റി അത്ഭുതത്തോടെ ഇംഗ്ലീഷിൽ ചോദിക്കും “ഗ്രാന്റ് പാ, അങ്ങനെയൊരു കൂട്ടരുണ്ടായിരുന്നോ ?’ കൈയിലിരുന്ന ചായക്കോപ്പ ചാരുകസേരക്കരികിൽ വെച്ചു തൊട്ടടുത്തിരുന്ന ചരിത്രപുസ്തകം ഒരാവർത്തികൂടി നോക്കി നരച്ചതാടിയിൽ തലോടി വീണ്ടും മുത്തച്ഛൻ തുടരും. “അക്കാലങ്ങളിൽ ആഹാരം പാകം ചെയ്തിരുന്നത് മൺപാത്രങ്ങളിലായിരുന്നു. ഭക്ഷ്യവസ്തുക്കൾ പാകപ്പെടുത്താനായി കല്ലുകൾ അവർ ഉപയോഗിച്ചിരുന്നു. വഴിയാത്രക്കാർക്കു ദാഹമകറ്റാനായി പാത്രങ്ങളിൽ ശുദ്ധജലം വീടിനു മുമ്പിൽ വെച്ചിരുന്നു. അവർക്കു ദൂരമറിയാൻ റോഡരികിൽ നാഴികക്കല്ലും സ്ഥാപിച്ചിരുന്നു. രാജാവും പ്രജകളും എന്ന ഭരണ സംവിധാനമായിരുന്നു അവിടെയുണ്ടായിരുന്നത്.’

ആട്ടുകല്ല്, അരക്കല്ല്, തിരിക്കല്ല്, ചാണക്കല്ല്, ഉപ്പുകല്ല്, വിളക്കുകല്ല്, കുഴവിക്കല്ല്, ചാറക്കല്ല്, മൈൽക്കുറ്റി, ചുമടുതാങ്ങി, കട്ടിളക്കല്ല്, പാറക്കല്ല് … തുടങ്ങിയ വ്യത്യസ്തയിനം കല്ലുകൾ നിത്യജീവിതത്തിന്റെ ഭാഗമായിരുന്ന ഒരു കാലം മലയാളിക്കുണ്ടായിരുന്നു. അതിനു നൂറ്റാണ്ടുകൾക്കു മുമ്പെ കല്ലുകൊണ്ടുുള്ള ആയുധങ്ങളും മനുഷ്യൻ ഉപയോഗിച്ചിരുന്നു. എന്നാൽ വൈദ്യുതിയുടെ കണ്ടുപിടിത്തവും അതുവഴി മോട്ടോറിന്റെ കടന്നുവരവും യന്ത്രസാമഗ്രികളുടെ വളർച്ചയുമെല്ലാം കല്ലുകൊണ്ടുള്ള ഉപകരണങ്ങൾ വർത്തമാനകാലത്തിന്റെ പുറത്തുനിർത്തി. കല്ലുംമണ്ണും പൊടിയും വേർതിരിക്കാതെ യന്ത്രത്തിൽ പൊടിച്ചെടുത്ത് ആകർഷകമായി പായ്ക്കുചെയ്തു കടകളിൽ കണ്ണഞ്ചിപ്പിക്കുന്ന രീതിയിൽ വിൽപ്പനക്കായി വെച്ചിരിക്കുന്ന ധാന്യപ്പൊടികൾ ഉപയോഗിക്കുന്ന പുതുതലമുറകൾക്കു ഉരലിൽ പൊടിച്ചെടുത്ത പുട്ടുപൊടിയും അപ്പപ്പൊടിയും ആട്ടുകല്ലിൽ അരച്ച മാവുകൊണ്ടുള്ള ഇഡ്ഡലിയും ദോശയുമെല്ലാം അപരിചിതമായിരിക്കും. അവ ഉപയോഗിച്ചുണ്ടാക്കുന്ന ഭക്ഷണങ്ങളുടെ രുചി ഒന്നു വേറെ തന്നെയാണെന്ന് പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു.

നക്ഷത്ര ഹോട്ടലുകളുടെ അടുക്കളയിൽ പൊയ്‌പ്പോയ പ്രതാപത്തോടെ കറിച്ചട്ടികൾ വീണ്ടും സ്ഥാനം പിടിച്ചു തുടങ്ങിയതിനു പിന്നാലെ വഞ്ചിവീടുകളുടെ അടുക്കളയിലും അവ കടന്നുകൂടി. പേരക്കുട്ടികളുമായി ചിരിച്ചും കളിച്ചും പഴമ്പുരാണങ്ങൾ പറയുന്ന ഉൾനാടൻ ഗ്രാമങ്ങളിലെ പല്ലുകൊഴിഞ്ഞ അമ്മൂമ്മമാരുടെ കട്ടിലിനടിയിലെ മുറുക്കാൻ ചെല്ലവും കുഴവിക്കല്ലും കോളാമ്പിയും വിടചൊല്ലാൻ സമയം കാത്ത് അപൂർവമായെങ്കിലും അങ്ങിങ്ങു അന്തിയുറങ്ങുന്നുമുണ്ട്. ദൂരം കാൽച്ചുവടിൽ നിന്നും അടിയിലേക്കും ഫർലോംഗിലേക്കും പിന്നീട് മൈലിലേക്കും കിലോമീറ്ററിലേക്കും ചുവടുകൾ മാറ്റിയപ്പോൾ പഴയദൂരം ഓർമയിൽ വിളിച്ചറിയിച്ചുള്ള മൈൽക്കുറ്റികൾ ഗ്രാമപാതകളുടെ ഓരങ്ങളിൽ ഇപ്പോഴും മൂകസാക്ഷിയായി മുഖം മറച്ചും ഇടക്കിടക്കു കാണാം. ഒപ്പം ഉൾനാടൻ ഗ്രാമങ്ങളുടെ ഓർമയിലെ ഓളങ്ങളായി ചുമടുതാങ്ങികളുമുണ്ട്. ഉത്സവലഹരിയിൽ ആറാടി നിൽക്കുന്ന ക്ഷേത്രങ്ങളുടെ നാല് ചുവരുകൾ വൈദ്യുത ദീപാലങ്കാരങ്ങളാൽ വിസ്മയക്കാഴ്ചകൾ തീർക്കുമ്പോൾ യക്ഷിക്കാവിലും സർപ്പക്കാവിലും ക്ഷേത്രമുറ്റത്തും കരിങ്കൽ വിളക്കുകൾ അപൂർവമായെങ്കിലും ഇപ്പോഴും കണ്ണടച്ചിട്ടില്ല.

റാത്തൽകല്ലുകളിൽ നിന്നും കിലോയിലേക്കും കിലോഗ്രാമിലേക്കും അളവു തൂക്കങ്ങൾ മാറിയെങ്കിലും പഴയകാല പ്രൗഢിയിൽ റാത്തൽ കട്ടികൾ ഗ്രാമങ്ങളിലെ വിറകുകടകളിൽ ഇപ്പോഴും തൂങ്ങിനിൽക്കുന്നു. കല്ലുപ്പിൽ നിന്നും പൊടിയുപ്പിലേക്കും പിന്നീട് ഉപ്പുവെള്ളത്തിലേക്കും അടുക്കളയിലെ അമ്മമാർ മാറിയപ്പോൾ ചരിത്രമുറങ്ങുന്ന ഒട്ടേറെ വീടുകളിൽ പഴയകാല ഉപ്പുമരവികൾ ഉപ്പുരസം വറ്റാതെ ദാഹജലം മോഹിച്ചു ഇപ്പോഴും ഉറങ്ങുന്നുണ്ട്. വഴിയാത്രക്കാർക്കും പാവങ്ങൾക്കും ദാഹമടക്കാനായി മോരുംവെള്ളവും സംഭാരവും നൽകിയിരുന്ന മുൻതലമുറക്കാരുടെ അനുയായികൾ കുപ്പിക്കോള സംസ്‌കാരത്തിലേക്കു മനസ്സുകൾ മാറ്റിയപ്പോൾ ഇവ സൂക്ഷിച്ചിരുന്ന വലിയ കരിങ്കൽ പാത്രങ്ങൾ വീടിന്റെ പിന്നാമ്പുറങ്ങളിൽ അനാഥമായി കിടക്കുന്നു. ഒപ്പം മനുഷ്യ സ്‌നേഹത്തിന്റെ നീരുറവയും ഇല്ലാതായി. കൂറ്റൻ കെട്ടിടങ്ങളുടെയും പള്ളികളുടെയും ക്ഷേത്രങ്ങളുടെയും പ്രധാന കവാടങ്ങളിൽ കട്ടിളയായി ഉപയോഗിച്ചിരുന്ന കരിങ്കൽ പാളികൾക്കു പകരം കോൺക്രീറ്റ് കട്ടിളകൾ സ്ഥാനം പിടിച്ചു. എങ്കിലും ചരിത്രമുറങ്ങുന്ന ഒട്ടേറെ സ്മാരകങ്ങളിൽ കരിങ്കൽ കട്ടിളകളുടെ ചരിത്രശേഷിപ്പുകൾ ഇപ്പോഴും അവശേഷിക്കുന്നുമുണ്ട്. നാട്ടുവൈദ്യന്മാർ നൽകുന്ന ആയുർവേദ ഗുളികകൾ ഉരച്ചെടുത്തു കുഞ്ഞുങ്ങളുടെ നാവിൻ തുമ്പിൽ തേക്കാൻ വീടുകളുടെ ഉമ്മറപ്പടിയിൽ കണ്ടിരുന്ന മൂന്നിഞ്ചുമാത്രം വലിപ്പമുള്ള ചാണക്കല്ലുകൾ ആയുർവേദത്തിന്റെ ആധുനികതയിലും അലോപ്പതിയുടെ കടന്നുകയറ്റത്തിലും ഇല്ലാതായി. ഒപ്പം നാട്ടുവൈദ്യന്മാരുടെ കാലവും അസ്തമിച്ചു. ചന്ദന-സാമ്പ്രാണിത്തിരിയും ചന്ദനപ്പൊടിയം യഥേഷ്ടം വരവായതോടെ ചന്ദനക്കല്ലും ആർക്കും വേണ്ടാതായി. ഉഴുന്നും പരിപ്പും അരിയും ഗോതമ്പുമൊക്കെ പൊടിക്കാൻ ഉപയോഗിച്ചിരുന്ന മുൻതലമുറക്കാരുടെ പ്രധാന പൊടിയന്ത്രമായിരുന്ന തിരിക്കല്ലിനെയും തിരിഞ്ഞുനോക്കാനാളില്ലാതായി. പുരാവസ്തുക്കൾ സൂക്ഷിക്കുന്നിടങ്ങളിൽപോലും അവ കാണാനുമില്ല. ഏക്കറുകൾ സെന്റുകളായും കൂട്ടുകുടുംബങ്ങൾ അണുകുടുംബമായി ചുരുങ്ങുകയും ചെയ്തപ്പോൾ പുരയിടത്തിന്റെ നാലതിരുകളിൽ സ്ഥാപിച്ചിരുന്ന വേലിക്കല്ലുകൾ വേലിക്കു പുറത്തുമായി. ഒപ്പം അയൽ വീടുകളുമായി ബന്ധമില്ലാത്ത ആധുനിക മതിലുകൾ അവിടെയെത്തി.

കാലത്തിന്റെ പിന്നാമ്പുറങ്ങളിലേക്കു മനസ്സ് പായിക്കുമ്പോൾ യുവതലമുറയുടെ നോട്ടങ്ങൾ പതിക്കാത്ത ഒട്ടേറെ ചരിത്രശേഷിപ്പുകളും അവയുടെ അംശങ്ങളും അങ്ങിങ്ങ് ഇപ്പോഴും കാണാം. തീറ്റക്കായി പരതിനടക്കുന്ന പരുന്തിൻ കൂട്ടങ്ങളിൽ നിന്നും കോഴിക്കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ഉപയോഗിച്ചിരുന്ന മുളങ്കൂട്(ഒറ്റാൽ) ഇന്നു ഒറ്റപ്പെട്ടുകഴിഞ്ഞു. പ്ലാസ്റ്റിക് നെറ്റുകൾ അവയെ ഒറ്റുകൊടുത്തപ്പോൾ ഗ്രാമങ്ങളിൽ നിന്നും കോഴിക്കുഞ്ഞുങ്ങളും കോഴികളും അപ്രത്യക്ഷമായി. പകരം അൽപായുസ്സുകളായ ബ്രോയിലർ കോഴികളും സ്ഥാനം പിടിച്ചു. ഇരുട്ടിനെ കീറിമുറിച്ചു പ്രകാശം പരത്താൻ പഴമക്കാർ ഉപയോഗിച്ചിരുന്ന റാന്തൽ വിളക്കുകൾ നവ എട്ടുകെട്ടുകളുടെ തിരുമുറ്റത്തു കെട്ടിത്തൂക്കിയിടുന്ന കാഴ്ചവസ്തുവായി മാറി. ഞാറ്റു പാട്ടിന്റെ ഓഹോ വിളികൾ കേൽക്കാൻ കുട്ടനാടൻ വയലേലകളിലെ പാടവരമ്പുകളിലൂടെ ചുവടുകൾ പായിക്കുമ്പോൾ കണ്ടുമുട്ടിയിരുന്ന ചക്രവും അറയും ഇപ്പോൾ ആധുനിക മണിമന്ദിരങ്ങളുടെ പൂമുഖത്തെ ആകർഷകവസ്തുവായി. നിലം ഉഴുതുമറിച്ചിരുന്ന കലപ്പയും കന്നും കാലയവനികക്കുള്ളിൽ മറഞ്ഞപ്പോൾ പാടങ്ങൾക്കരികെ മോട്ടോർതറയും ചിലപ്പോൾ ട്രാക്ടറുകളുടെ ഇരമ്പലും കേൾക്കാം. കല്ലുകൊത്താനുണ്ടോ, അമ്മി കൊത്താനുണ്ടോ എന്നു വിളിച്ചു ചോദിച്ചു കുഞ്ഞുങ്ങളേയും പുറത്തു തൂക്കി ഗ്രാമങ്ങളിലൂടെ നടന്നു നീങ്ങിയിരുന്ന തമിഴ് സ്ത്രീകളുടെ നീണ്ടനിര കാഴ്ചകളും ഇല്ലാതായതോടെ ഗ്രാമീണാന്തരീക്ഷത്തിനും മങ്ങലേറ്റു. ശിലയിൽ മനോഹരശിൽപ്പങ്ങൾ തീർത്തിരുന്ന മഹാശിൽപ്പികളും മൺമറഞ്ഞതോടെ അവയെല്ലാം കേവല ശിലായുഗ സ്മരണകളുമായി.

എങ്കിലും മാറാത്ത ഒന്ന് നൂറ്റാണ്ടുകളായി ലോകമെന്നും നിലനിന്നു വരുന്നു. ഖബർസ്ഥാനികളിലെ മീസാൻകല്ല്. ചിലയിടങ്ങളിൽ മാർബിളിൽ മരണപ്പെട്ടയാളിന്റെ പേരുകൊത്തിയാണ് ഇവ സ്ഥാപിച്ചിരിക്കുന്നതെങ്കിൽ മറ്റുചിലയിടങ്ങളിൽ കൊത്തിയ രണ്ട് വെട്ടുകല്ലുകളാകും സ്ഥാപിക്കുക. എന്നാൽ ചില പ്രദേശങ്ങളിൽ കല്ലിനു പകരം പലക സ്ഥാപിക്കുന്നു എന്നു മാത്രം. എങ്കിലും അതെല്ലാം തലമുറകൾ താണ്ടി നിലനിൽക്കുന്ന മീസാൻ കല്ലുകൾ തന്നെ.

Latest