Connect with us

Kerala

അമിത വേഗത്തില്‍ ബസ് ഓടിച്ചത് നേരിട്ട് കണ്ടു; ഡ്രൈവറോട് ലൈസന്‍സ് പോയിട്ടോയെന്ന് പറഞ്ഞ് ഗതാഗത മന്ത്രി

അമിത വേഗം, ഇടതുവശത്തുകൂടി ഓവര്‍ടേക്കിങ് തുടങ്ങി അപകടകരമായ രീതിയില്‍ ബസ് ഓടിച്ചതിന് മന്ത്രിയുടെ നിര്‍ദേശപ്രകാരം ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു.

Published

|

Last Updated

കാക്കനാട്|അമിത വേഗതയില്‍ ബസ് ഓടിച്ചതിന് സ്വകാര്യ ബസ് ഡ്രൈവറുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹനവകുപ്പ്. ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ കൊച്ചി നഗരത്തിലൂടെ സ്വകാര്യ കാറില്‍ സഞ്ചരിച്ചപ്പോഴാണ് ബസിന്റെ അമിത വേഗം ശ്രദ്ധയില്‍പ്പെട്ടത്. മന്ത്രിയുടെ നിര്‍ദേശമനുസരിച്ച് കാറില്‍ ഒപ്പമുണ്ടായിരുന്ന ആള്‍ ഈ രംഗങ്ങളൊക്കെ ഫോണില്‍ പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ എറണാകുളം ആര്‍ടിഒ കെ ആര്‍ സുരേഷിന് വാട്സാപ്പില്‍ അയച്ചു കൊടുത്തു.

ഉടന്‍ തന്നെ കങ്ങരപ്പടി സ്വദേശിയായ ബസ് ഡ്രൈവറും ഉടമയുമായ റഹീമിന്റെ ഡ്രൈവിങ് ലൈസന്‍സ് ആര്‍ടിഒ സസ്‌പെന്‍ഡ് ചെയ്തു. ബസ് പെര്‍മിറ്റ് സസ്‌പെന്‍ഡ് ചെയ്യാന്‍ ആര്‍ടിഎ ബോര്‍ഡിലേക്ക് ശുപാര്‍ശയും ചെയ്തിട്ടുണ്ട്. അമിത വേഗം, ഇടതുവശത്തുകൂടി ഓവര്‍ടേക്കിങ് തുടങ്ങി അപകടകരമായ രീതിയില്‍ ബസ് ഓടിച്ചതിനാണ് മന്ത്രിയുടെ നിര്‍ദേശപ്രകാരം മോട്ടോര്‍വാഹന വകുപ്പ് നടപടിയെടുത്തത്. .

മന്ത്രി യാത്ര ചെയ്ത വാഹനത്തില്‍ കേരള സ്റ്റേറ്റ് ബോര്‍ഡോ പോലീസ് അകമ്പടിയോ ഇല്ലാതെയായിരുന്നു. ഈ കാറിനു പിന്നാലെയെത്തിയ ബസ് ഇടതുവശത്തു കൂടി ഓവര്‍ടേക്ക് ചെയ്തിരുന്നു. മുന്നിലുള്ള മറ്റ് ചെറുവാഹനങ്ങളെയും മാറ്റിച്ച് ബസ് അമിതവേഗത്തില്‍ ഓടുകയായിരുന്നു. ബസിന്റെ പിന്നാലെ മന്ത്രിയുടെ കാറും പോയി. ഒന്നര കിലോമീറ്റര്‍ പിന്നിട്ട് ബസ് സ്റ്റോപ്പില്‍ ഒതുക്കിയപ്പോള്‍ കാറിന്റെ ഗ്ലാസ് താഴ്ത്തി ഡ്രൈവറോട് ‘തന്റെ ഡ്രൈവിങ് ലൈസന്‍സ് പോയിട്ടോ’യെന്ന് മന്ത്രി വിളിച്ചു പറയുകയും ചെയ്തു. ബസ് ഡ്രൈവറെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് ആര്‍ടിഒ ലൈസന്‍സ് രണ്ടുമാസത്തേക്ക് സസ്പെന്‍ഡു ചെയ്തത്.

 

Latest