National
അരുണാചല്‍ പ്രദേശില്‍ ഏറ്റ്മുട്ടലിനിടെ ഉള്‍ഫ ഭീകരനെ വധിച്ചു; മറ്റുള്ളവര്‍ക്കായി തിരച്ചില്‍
പരിശോധനയ്ക്കിടെ ഉള്‍ഫ തീവ്രവാദികള്‍ ആസാം റൈഫിള്‍സിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു

ഇറ്റാനഗര്‍ \ അരുണാചല്‍ പ്രദേശിലെ നംസായിയില്‍ ആസാം റൈഫിള്‍സുമായുണ്ടായ ഏറ്റുമുട്ടലില്‍ ഉള്‍ഫ ഭീകരന്‍ കൊല്ലപ്പെട്ടു. നംസായ് പോലീസ് സ്റ്റേഷന് കീഴിലുള്ള പ്രദേശത്താണ് ഏറ്റുമുട്ടല്‍ നടന്നത്
ലെകാംഗ് ഖാംപ്തി പ്രദേശത്ത് ഉള്‍ഫ പ്രവര്‍ത്തകരുടെ സാന്നിധ്യത്തെക്കുറിച്ച് അസം റൈഫിള്‍സിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയ്ക്കിടെ ഉള്‍ഫ തീവ്രവാദികള്‍ ആസാം റൈഫിള്‍സിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
ആസാം റൈഫിള്‍സ് നടത്തിയ പ്രത്യാക്രമണത്തിലാണ് ഒരു ഭീകരന്‍ കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്നവര്‍ സ്ഥലത്ത് നിന്നും ഓടിരക്ഷപെട്ടു. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്നും ഒരു എച്ച്‌കെ സീരീസ് ഓട്ടോമാറ്റിക് റൈഫിള്‍, ഒരു ഗ്രനേഡ്, മൂന്ന് ബാഗുകള്‍ എന്നിവ കണ്ടെടുത്തു.
ഹെലികോപ്റ്റര്‍, ഡ്രോണ്‍, ട്രാക്കര്‍ നായ്ക്കള്‍ എന്നിവ ഉപയോഗിച്ച് മേഖലയില്‍ തിരച്ചില്‍ നടത്തുകയാണെന്ന് പോലീസ് പറഞ്ഞു.