Kerala
ശബരിമല ദര്‍ശനം നടത്തി രാഷ്ട്രപതി ദ്രൗപതി മുർമു
മന്ത്രി വി എൻ വാസവനും രാഷ്‌ട്രപതിക്കൊപ്പം ദർശനം നടത്തിയിരുന്നു.

പത്തനംതിട്ട |രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിലെത്തി ദര്‍ശനം നടത്തി. വാവര് നടയിലും മുർമു ദര്‍ശനം നടത്തി. മന്ത്രി വി എൻ വാസവനും രാഷ്‌ട്രപതിക്കൊപ്പം ദർശനം നടത്തിയിരുന്നു. ശബരിമലയില്‍ അയ്യപ്പദര്‍ശനം നടത്താന്‍ രാഷ്ട്രപതിപമ്പയില്‍ നിന്ന് ഇരുമുടിക്കെട്ടുനിറച്ചു. രാവിലെ 11 മണിയോടെ പ്രത്യേക വാഹനവ്യൂഹത്തില്‍ പമ്പയിലെത്തിയ രാഷ്ട്രപതി പമ്പാ നദിയില്‍ കാല്‍ കഴുകിയതിന് ശേഷം ഗണപതി ക്ഷേത്രത്തിലെത്തി. ക്ഷേത്രം മേല്‍ശാന്തി വിഷ്ണുനമ്പൂതിരിയുടെ നേതൃത്വത്തില്‍ രാഷ്ട്രപതിക്കും സംഘത്തിനും കെട്ടുനിറച്ചു നല്‍കി. രാഷ്ട്രപതിക്ക് പുറമെ എഡിസി സൗരഭ് എസ് നായര്‍, പി എസ് ഒ വിനയ് മാത്തൂര്‍, രാഷ്ട്രപതിയുടെ മരുമകന്‍ ഗണേഷ് ചന്ദ്ര ഹോംബ്രാം എന്നിവരും പമ്പയില്‍ നിന്ന് കെട്ടുനിറച്ചു. തുടര്‍ന്ന് പ്രത്യേക വാഹന വ്യൂഹത്തില്‍ സന്നിധാനത്തേക്ക് തിരിച്ചു.
രാവിലെ 8.40ന് പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ എത്തിയ രാഷ്ട്രപതിയെ ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ആന്റോ ആന്റണി എംപി, കെ യു ജനീഷ് കുമാര്‍ എംഎല്‍എ, പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, ജില്ലാ പൊലിസ് മേധാവി ആര്‍ ആനന്ദ് എന്നിവരും സ്വീകരിക്കാനുണ്ടായിരുന്നു.