International
യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി അമേരിക്കയില്‍ എത്തി
രക്തരൂക്ഷിതമായ റഷ്യ - യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് മുന്‍കൈ എടുത്ത നയതന്ത്ര നീക്കങ്ങളുടെ ഭാഗമാണ് സെലന്‍സ്‌കിയുമായുള്ള ചര്‍ച്ച
ഫ്‌ളോറിഡ | യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചക്കായി അമേരിക്കയില്‍ എത്തി. വരും മണിക്കൂറുകളില്‍ ഫ്‌ളോറിഡയിലെ ട്രംപിന്റെ വസതിയിലാണ് ലോകം ഉറ്റുനോക്കുന്ന കൂടിക്കാഴ്ച നടക്കുക. മൂന്ന് വര്‍ഷത്തോളമായി തുടരുന്ന രക്തരൂക്ഷിതമായ റഷ്യ – യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് മുന്‍കൈ എടുത്ത നയതന്ത്ര നീക്കങ്ങളുടെ ഭാഗമാണ് സെലന്‍സ്‌കിയുമായുള്ള ചര്‍ച്ച.
സമാധാന ശ്രമങ്ങള്‍ വിജയം കാണുമോ എന്നു ലോകം അമേരിക്കയിലേക്ക് ഉറ്റുനോക്കുകയാണ്. ഇക്കാര്യത്തില്‍ അതി നിര്‍ണായക ചര്‍ച്ചകളാണ് വരും മണിക്കൂറില്‍ നടക്കുക. അധികാരമേറ്റ് 24 മണിക്കൂറിനുള്ളില്‍ യുദ്ധം അവസാനിപ്പിക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഒരു വര്‍ഷമാകുമ്പോഴും പ്രഖ്യാപനത്തിനപ്പുറത്തേക്ക് നടപടികള്‍ എത്തിയിട്ടില്ല. സമാധാനശ്രമം ട്രംപ് നിരന്തരമായി നടത്തുന്നുണ്ടെങ്കിലും പല പല കാരണങ്ങളാല്‍ ലക്ഷ്യം അകലുകയായിരുന്നു.
യുക്രൈനെ തള്ളുന്ന തന്ത്രങ്ങള്‍ പോലും ട്രംപ് പലപ്പോഴും പ്രയോഗിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ സെലന്‍സ്‌കിയുമായുള്ള പുതിയ ചര്‍ച്ചയില്‍ അമേരിക്ക, യുക്രൈന് നല്‍കുന്ന സൈനികവും ആയുധപരവുമായ സഹായങ്ങളും വിഷയമാകുമെന്ന് ഉറപ്പാണ്. യുക്രൈന് അമേരിക്ക നല്‍കികൊണ്ടിരിക്കുന്ന വന്‍തോതിലുള്ള സൈനിക സഹായം തുടരുമോ എന്ന കാര്യത്തില്‍ സെലന്‍സ്‌കിക്ക് ആശങ്കയുണ്ട്. ട്രംപിന്റെ സമാധാന പദ്ധതിയില്‍ യുക്രൈന്‍ തങ്ങളുടെ അധീനതയിലുള്ള ചില പ്രദേശങ്ങള്‍ റഷ്യയ്ക്ക് വിട്ടുനല്‍കേണ്ടി വരുമോ എന്ന ചര്‍ച്ചകളും അന്താരാഷ്ട്ര തലത്തില്‍ സജീവമാണ്.


