Connect with us

National

കര്‍ണാടകയില്‍ മലയാളി ലോറി ഡ്രൈവര്‍ക്ക് വെടിയേറ്റു; വെടിവെച്ചത് അനധികൃത കാലിക്കടത്തിനിടെയെന്ന് പോലീസ്

കാസര്‍കോട് സ്വദേശി അബ്ദുള്ളയ്ക്കാണ് വെടിയേറ്റത്

Published

|

Last Updated

ബെംഗളുരു|കര്‍ണാടകയിലെ പുത്തൂരില്‍ മലയാളി ലോറി ഡ്രൈവര്‍ക്ക് വെടിയേറ്റു. അനധികൃത കാലിക്കടത്താണെന്ന് ആരോപിച്ച് പോലീസാണ് ഡ്രൈവര്‍ക്കുനേരെ വെടിയുതിര്‍ത്തത്. കാസര്‍കോട് സ്വദേശി അബ്ദുള്ളയ്ക്കാണ് വെടിയേറ്റത്. കന്നുകാലികളെ കടത്തിയ ലോറി പോലീസ് തടഞ്ഞപ്പോള്‍ അബ്ദുള്ള നിര്‍ത്തിയില്ല. തുടര്‍ന്ന് ലോറിയെ പിന്തുടര്‍ന്ന പുത്തൂര്‍ റൂറല്‍ പോലീസ് വെടിയുതിര്‍ക്കുകയായിരുന്നു. കേരള-കര്‍ണാടക അതിര്‍ത്തിയിലെ ഈശ്വരമംഗളയില്‍ വെച്ചാണ് സംഭവം.

അബ്ദുള്ളയുടെ കാലിലാണ് വെടിയേറ്റത്. ഒരു വെടിയുണ്ട വാഹനത്തിലും തറച്ചിട്ടുണ്ട്. അബ്ദുള്ളയെ മംഗളുരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോറിയില്‍ ഒപ്പമുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ അബ്ദുള്ളയ്ക്കും സഹായിക്കുമെതിരെ കാലിക്കടത്തിന് പോലീസ് കേസെടുത്തു. ബെള്ളാരി പോലീസ് സ്റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.