Kerala
പി എം ശ്രീ പദ്ധതി കേരളത്തിലെ സര്‍ക്കാര്‍ നടപ്പാക്കില്ല; ഏത് സിപിഐ എന്ന് ഗോവിന്ദന്‍ മാഷ് ചോദിച്ചുവെങ്കില്‍ അത് അരാഷ്ട്രീയ ചോദ്യം: ബിനോയ് വിശ്വം
സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി പറഞ്ഞതാണല്ലോ ആ പാര്‍ട്ടിയുടെ നിലപാടെന്നും ബിനോയ് വിശ്വം

തിരുവനന്തപുരം | വിദ്യാഭ്യാസ രംഗത്ത് ആര്‍എസ്എസിന്റെ അജണ്ട നടപ്പിലാക്കാനുള്ള കുറുക്കു വഴിയാണ് ദേശീയ വിദ്യാഭ്യാസ നയ (എന്‍ഇപി) മെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം . പിഎം ശ്രീ പദ്ധതി എന്‍ ഇപിയുമായി ബന്ധപ്പെട്ടതിനാലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ആ പദ്ധതിയെ എതിര്‍ക്കുന്നതെന്ന് ബിനോയ് വിശ്വം പറഞ്ഞു.
ഇക്കാര്യം അറിയാവുന്നതുകൊണ്ടാണ് സിപിഎം അടക്കം എല്ലാ ഇടതുപക്ഷ പ്രസ്ഥാനങ്ങളും മതേതര ബോധമുള്ള പ്രസ്ഥാനങ്ങളും പദ്ധതിയെ എതിര്‍ക്കുന്നത്. അത്തരത്തിലുള്ള ഒരു പദ്ധതി കേരളത്തിലെ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്നില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. എന്‍ഇപി നടപ്പിലാക്കുന്ന പ്രശ്നമില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി ഖണ്ഡിതമായി പ്രസ്താവിച്ചിട്ടുണ്ട്. ബേബിയുടെ ആ നിലപാടിനെ സിപിഐ പിന്താങ്ങുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു.
ഏത് സിപിഐ എന്ന് ഗോവിന്ദന്‍ മാഷ് ചോദിച്ചുവെങ്കില്‍ അത് പൂര്‍ണമായും അരാഷ്ട്രീയമായ ചോദ്യമാണ്. അത്തരമൊരു അരാഷ്ട്രീയ ചോദ്യം ചോദിക്കാനുള്ള ആളല്ല സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി എന്ന് തനിക്കറിയാം. അതുകൊണ്ടു തന്നെ സിപിഎമ്മിന്റെ രാഷ്ട്രീയ – ആശയ നിലവാരത്തിന് നിരക്കാത്ത ചോദ്യം ഗോവിന്ദന്‍ മാഷ് ചോദിക്കില്ലെന്ന് ഉറപ്പുണ്ട്. സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി പറഞ്ഞതാണല്ലോ ആ പാര്‍ട്ടിയുടെ നിലപാടെന്നും ബിനോയ് വിശ്വം പറഞ്ഞു.