Kerala
തിരുനെല്ലി റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ആദിവാസി വിദ്യാര്‍ത്ഥികളോട് കൊടുംക്രൂരത; 127 പെണ്‍കുട്ടികള്‍ അന്തിയുറങ്ങുന്നത് മൂന്ന് ക്ലാസ് മുറികളില്‍
റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍ ആയതോടെയാണ് വിദ്യാര്‍ത്ഥികളെ ക്ലാസ് മുറികളിലേക്ക് മാറ്റിയത്.

കല്‍പ്പറ്റ| മാനന്തവാടി തിരുനെല്ലിയിലെ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ ആദിവാസി വിദ്യാര്‍ത്ഥികളോട് കൊടുംക്രൂരത. 127 വിദ്യാര്‍ത്ഥികള്‍ അന്തിയുറങ്ങുന്നത് മൂന്ന് ക്ലാസ് മുറികളിലായാണ്. ഇവിടെ ഇത്രയും പേര്‍ക്കായി ഒറ്റ ശുചിമുറിയാണുള്ളത്. റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍ ആയതോടെയാണ് വിദ്യാര്‍ത്ഥികളെ ക്ലാസ് മുറികളിലേക്ക് മാറ്റിയത്. എന്നാല്‍ ക്ലാസ് മുറികളിലെ സുരക്ഷിതമല്ലാത്ത അന്തരീക്ഷത്തില്‍ കഴിയുകയാണ് 127 വിദ്യാര്‍ത്ഥികള്‍. പൊതുമരാമത്ത് വകുപ്പ് അപകടാവസ്ഥയിലാണെന്ന് സാക്ഷ്യപ്പെടുത്തിയ കെട്ടിടത്തിന് തൊട്ടടുത്താണ് സ്‌കൂളിലെ 257 വിദ്യാര്‍ത്ഥികളും പഠിക്കുന്നത്.
റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ ജൂലൈയില്‍ കണ്ണൂര്‍ ആറളത്തേക്ക് മാറ്റാന്‍ തീരുമാനമായിട്ടും നടപടിയായില്ല. മന്ത്രി ഒആര്‍ കേളുവിന്റെ പഞ്ചായത്തിലാണ് സംഭവം. ആറളത്തെ സ്‌കൂള്‍ ബില്‍ഡിങ്ങില്‍ വൈദ്യുതി ലഭിക്കാത്തതിനാലാണ് കുട്ടികളെ അവിടേക്ക് മാറ്റാത്തതെന്നാണ് അധികൃതരുടെ വിശദീകരണം. മൂന്ന് ക്ലാസ് മുറികളിലാണ് 127 കുട്ടികള്‍ താമസിക്കുന്നതെന്നും അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.