Ongoing News
കര്‍ഷക ആത്മഹത്യക്ക് കാരണം സംസ്ഥാന സര്‍ക്കാറിന്റെ കെടുകാര്യസ്ഥത: വി ഡി സതീശന്‍
കേരളം ഇന്ന് നികുതി വെട്ടിപ്പുകാരുടെ പറുദീസയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ഷാര്‍ജ |കേരളത്തില്‍ നടക്കുന്ന കാര്‍ഷക ആത്മഹത്യക്ക് കാരണം സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും പിടിപ്പുകേടുമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. കേരളം ഇന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. പ്രതിപക്ഷം നിരന്തരമായി നിയമസഭക്ക് അകത്തും പുറത്തും കാര്‍ഷിക പ്രശനം ഉയര്‍ത്തികൊണ്ടുവന്നതാണെന്നും വി ഡി സതീശന്‍ പറഞ്ഞു
നെല്ല് സംഭരിച്ച പണം കൊടുക്കുവാന്‍ ഇതുവരെ സര്‍ക്കാറിന് കഴിയുന്നില്ല. കര്‍ഷകന്‍ വട്ടിപലിശക്കാരുടെ കയ്യില്‍ നിന്നും പണം പലിശക്ക് വാങ്ങിയാണ് പാടത്ത് നെല്ല് വിതച്ചത്. കേന്ദ്ര ഫണ്ട് കേരളത്തിന് ലഭിക്കാത്തതിന് കാരണം നേരത്തെ നല്‍കിയതിന് കണക്ക് കൊടുക്കാത്തതാണ്. വിതരണക്കാര്‍ ആരും ഇപ്പോള്‍ ഇ ടെണ്ടറില്‍ പങ്കെടുക്കുന്നില്ല. മഹാമാരിയുടെ കാലത്ത് കിറ്റ് വിതരണം നടത്തിയതിനും ഇതുവരെ പണം നല്‍കിയിട്ടില്ല. ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയസായിരുന്നു വി ഡി സതീശന്‍.
കെ എസ് ആര്‍ ടി സി, വൈദ്യുതി ബോര്‍ഡ് ഓരോ വകുപ്പും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇതുവരെ കാണാത്ത ഭയാനകമായ ധന പ്രതിസന്ധിയിലൂടെയാണ് സംസഥാനം കടന്ന് പോകുന്നത്. കേരളീയത്തിന് ഏറ്റവും കൂടുതല്‍ സ്പോണ്‍സര്‍ഷിപ്പ് നല്‍കിയ വകയില്‍ അവാര്‍ഡ് നല്‍കിയത് ജി എസ് ടി യുടെ അഡീഷണല്‍ കമ്മീഷണര്‍ ഇന്റലിജന്‍സിനാണ്. നികുതി വെട്ടിപ്പ് തടയേണ്ട ഉദ്യോഗസ്ഥനാണ് പണം പിരിക്കാന്‍ ഏല്‍പ്പിച്ചിരിക്കുന്നത്. എന്തൊരു വിരോധാഭാസമാണെന്ന് സതീശന്‍ ചോദിച്ചു. നികുതി പിരിവില്‍ സര്‍ക്കാര്‍ ദയനീയ പരാജയമാണ്. സ്വര്‍ണത്തില്‍ നിന്നും ടാക്‌സ് പിരിക്കുന്നില്ല, ബാറിന്റെ എണ്ണം കൂടുന്നു, ഉപഭോഗം വര്‍ദ്ധിക്കുന്നു.കേരളം ഇന്ന് നികുതി വെട്ടിപ്പുകാരുടെ പറുദീസയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.




