Connect with us

Kerala

സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഇന്നു മുതല്‍

14 ഇനങ്ങള്‍ അടങ്ങിയ 6,03,291 ഭക്ഷ്യ കിറ്റാണ് നല്‍കുക.

Published

|

Last Updated

തിരുവനന്തപുരം| സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് മുതല്‍ ആരംഭിക്കും. സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിച്ചു.എ എ വൈ റേഷന്‍ കാര്‍ഡ് (മഞ്ഞ കാര്‍ഡ്) ഉടമകള്‍ക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുമാണ് സൗജന്യ ഓണക്കിറ്റ് ലഭിക്കുക. 14 ഇനങ്ങള്‍ അടങ്ങിയ 6,03,291 ഭക്ഷ്യ കിറ്റാണ് നല്‍കുക.

5,92,657 മഞ്ഞക്കാര്‍ഡുകാര്‍ക്ക് റേഷന്‍കട വഴിയാകും കിറ്റ് വിതരണം നടക്കുക. ക്ഷേമസ്ഥാപനത്തിലെ നാല് അന്തേവാസികള്‍ക്ക് ഒരു കിറ്റ് എന്ന നിലയിലാണ് നല്‍കുക. ഇത്തരത്തില്‍ 10,634 കിറ്റുകള്‍ നല്‍കും. സെപ്തംബര്‍ നാലുവരെ കിറ്റ് വാങ്ങാവുന്നതാണെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചു. ഓണക്കിറ്റില്‍ പഞ്ചസാര, വെളിച്ചെണ്ണ, തുവര പരിപ്പ്, ചെറുപയര്‍ പരിപ്പ്, വന്‍ പയര്‍, കശുവണ്ടി,മില്‍മ നെയ്യ്, ഗോല്‍ഡ് ടീ, പായസം മിക്സ്, സാ മ്പാര്‍ പൊടി, മുളകുപൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, ഉപ്പ് എന്നിവയാണ് ഉണ്ടാകുക.

ഓണക്കാലത്ത് പിങ്ക് കാര്‍ഡുകാര്‍ക്ക് നിലവിലുള്ള വിഹിതത്തിനു പുറമെ അഞ്ചുകിലോ അരിയും നീല കാര്‍ഡുകാര്‍ക്ക് 10 കിലോയും വെള്ളക്കാര്‍ഡുകാര്‍ക്ക് 15 കിലോയും അരി നല്‍കും. കിലോയ്ക്ക് 10.90 രൂപ നിരക്കിലാണ് അരി ലഭ്യമാക്കുന്നത്.

 

Latest