Connect with us

Education

എസ് എസ് സി വിജ്ഞാപനമായി

കേരളം ഉൾപ്പെടുന്ന റീജ്യനിൽ 378 അവസരം

Published

|

Last Updated

കേന്ദ്രസർക്കാറിന് കീഴിലുള്ള സെലക്‌ഷൻ നിയമനത്തിനായി സ്റ്റാഫ് സെലക്‌ഷൻ കമ്മീഷൻ നടത്തുന്ന പരീക്ഷക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 549 കാറ്റഗറികളിലായി 5,369 ഒഴിവാണുള്ളത്. ജനറൽ -2,540, എസ് സി-687, എസ് ടി- 343, ഒ ബി സി-1,322, വിമുക്തഭടൻമാർ-154, ഇ ഡബ്ല്യു എസ്-467, ഭിന്നശേഷിക്കാർ- ഒ എച്ച്- 56, എച്ച് എച്ച്- 43, വി എച്ച്- 17, മറ്റുള്ളവർ 16 എന്നിങ്ങനെയാണ് ഓരോ വിഭാഗത്തിനുമുള്ള ഒഴിവുകൾ. വിവിധ റീജ്യനുകളിലായാണ് ഒഴിവ്. കേരളവും കർണാടകയും ലക്ഷദ്വീപും ഉൾപ്പെടുന്ന കേരള- കർണാടക (കെ കെ ആർ) റീജ്യനിൽ ആകെ 378 ഒഴിവുകളുണ്ട്.

എസ് എസ് എൽ സിയും ഹയർ സെക്കൻഡറിയും ബിരുദവും അതിന് മുകളിലുള്ള യോഗ്യതകളും നേടിയവർക്ക് അപേക്ഷിക്കാം. 18 മുതൽ 30 വയസ്സ് വരെ വിവിധ പ്രായപരിധികളാക്കി തിരിച്ചാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള കന്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ ജൂൺ, ജൂലൈ മാസങ്ങളിൽ നടക്കും.

തസ്തികകൾ
ലബോറട്ടറി അറ്റൻഡന്റ്, ജൂനിയർ എൻജിനീയർ, കെമിക്കൽ അസിസ്റ്റന്റ്, ഫാർമസിസ്റ്റ്, ഹിന്ദി ടൈപ്പിസ്റ്റ്, സ്റ്റെനോഗ്രാഫർ, ഡ്രൈവർ, നഴ്സിംഗ് ഓഫീസർ, ഡെന്റൽ ടെക്‌നീഷ്യൻ, ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ് II, ടെക്‌നീഷ്യൻ, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റന്റ്, സീനിയർ ട്രേഡ്സ്ൻ, ജൂനിയർ ട്രാൻസ്‌ലേറ്റർ, ഡാറ്റാ എൻട്രി ഓപറേറ്റർ ഗ്രേഡ് II, അസിസ്റ്റന്റ്, സർവെയ്‌ലൻസ് അസിസ്റ്റന്റ്, സെക്‌ഷൻ ഓഫീസർ(ഹോർട്ടികൾച്ചർ), ലൈബ്രറി ക്ലാർക്ക്, റിസർച്ച് അസിസ്റ്റന്റ്, സ്‌റ്റോർ കീപ്പർ, സൂപ്രണ്ട് (സ്റ്റോർ), ഡാറ്റാ പ്രൊസസിംഗ് അസിസ്റ്റന്റ്, ലീഗൽ അസിസ്റ്റന്റ്, ഇൻസെക്ട് കലക്ടർ, ഫാം അസിസ്റ്റന്റ്, ഗ്യാലറി അസിസ്റ്റന്റ്, പ്രൂഫ് റീഡർ, ഓഫീസ് സൂപ്രണ്ട്, സബ് ഇൻസ്‌പെക്ടർ, ഫയർ, ഡ്രാഫ്റ്റ്‌സ്മാൻ, എൻജിൻ ഡ്രൈവർ, മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്, ജൂനിയർ വയർലെസ്സ് ഓഫീസർ, സ്റ്റോക്ക്മാൻ, ബോട്ടാണിക്കൽ അസിസ്റ്റന്റ്, അക്കൗണ്ടന്റ്, ജൂനിയർ കെമിസ്റ്റ്, ആയ, കുക്ക്, ഡയറ്റീഷ്യൻ, ഫോട്ടോഗ്രാഫർ, ഫോർമാൻ, റേഡിയോ മെക്കാനിക്, ടെക്‌സ്‌റ്റൈൽ ഡിസൈനർ, കെയർടോക്കർ, വർക്ക്‌ഷോപ്പ് അറ്റൻഡന്റ്, കാന്റീൻ അറ്റൻഡന്റ്, ലാസ്‌കർ, കൺസർവേഷൻ അസിസ്റ്റന്റ്, ഗേൾ കേഡറ്റ് ഇൻസ്ട്രക്ടർ തുടങ്ങിയ തസ്തികകളിലാണ് അവസരം.

വയസ്സിളവ്
ഈ വർഷം ജനുവരി ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. ഉയർന്ന പ്രായപരിധിയിൽ എസ് സി, എസ് ടി വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഒ ബി സിക്കാർക്ക് മൂന്ന് വർഷത്തെയും ഇളവുണ്ട്. ഭിന്നശേഷിക്കാരിലെ ജനറൽ വിഭാഗത്തിന് പത്ത് വർഷം, എസ് സി, എസ് ടി-15 വർഷം, ഒ ബി സി 13 വർഷം എന്നിങ്ങനെയും വയസ്സിളവ് ലഭിക്കും. വിമുക്തഭടൻമാർക്കും നിയമാനുസൃത വയസ്സിളവുണ്ട്. വിധവകൾക്കും വിവാഹമോചിതർക്കും 35 വയസ്സുവരെ (എസ് സി, എസ് ടി 40 വയസ്സ് വരെ) അപേക്ഷിക്കാം.

പരീക്ഷ
പത്താം ക്ലാസ്സ്, ഹയർ സെക്കൻഡറി, ബിരുദം എന്നിങ്ങനെ യോഗ്യതയനുസരിച്ച് മൂന്നായാണ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തുക. ഒബ്ജക്ടീവ് ടൈപ്പ്, മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളായിരിക്കും ഉണ്ടാവുക. ജനറൽ ഇന്റലിജൻസ്, ജനറൽ അവേർനെസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലീഷ് ഭാഷ എന്നിവയാണ് വിഷയങ്ങൾ. ഓരോന്നിനും 50 മാർക്ക് വീതം, ആകെ 200 മാർക്കിനായിരിക്കും പരീക്ഷ. ഒരു മണിക്കൂറാണ് സമയം. തെറ്റുത്തരത്തിന് അരമാർക്ക് നെഗറ്റീവുണ്ടായിരിക്കും. ജനറൽ 30 ശതമാനം, ഒ ബി സി, ഇ ഡബ്ല്യു എസ് 25 ശതമാനം, മറ്റ് വിഭാഗങ്ങൾ 20 ശതമാനം എന്നിങ്ങനെ മാർക്ക് നേടിയാലേ അടുത്ത ഘട്ടത്തിലേക്ക് പരിഗണിക്കു.

പരീക്ഷാ കേന്ദ്രങ്ങൾ
കേരളത്തിൽ എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലും ലക്ഷദ്വീപിൽ കവരത്തിയും പരീക്ഷാ കേന്ദ്രങ്ങളായിരിക്കും. ഒരു റീജ്യനിൽ മൂന്ന് കേന്ദ്രങ്ങൾ മുൻഗണനാ ക്രമത്തിൽ തിരഞ്ഞെടുക്കാം. പിന്നീട് മാറ്റാനാവില്ല.

ഫീസ്
വനിതകൾ, എസ് സി, എസ് ടി വിഭാഗക്കർ, ഭിന്നശേഷിക്കർ, വിമുക്തഭടൻമാർ എന്നിവർക്ക് ഫീസില്ല. മറ്റുള്ളവർക്ക് 100 രൂപയാണ് ഫീസ്. ഓൺലൈനായും ജനറേറ്റ് ചെയ്ത ചെലാൻ വഴി എസ് ബി ഐയിലും ഫീസ് അടക്കാം. ഈ മാസം 28 വരെ ഫീസടക്കാം.

അപേക്ഷ
ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിശദവിവരങ്ങൾക്ക് www.ssc.nic സന്ദർശിക്കാം. അപേക്ഷക്ക് ശേഷം പ്രിന്റൗട്ട് സൂക്ഷിക്കണം. പരീക്ഷക്ക് ശേഷം കമ്മീഷൻ ആവശ്യപ്പെടുകയാണെങ്കിൽ ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പിനൊപ്പം ഇതും സമർപ്പിക്കണം. അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 27. അപേക്ഷ തിരുത്തുന്നതിന് ഏപ്രിൽ മൂന്ന് മുതൽ അഞ്ച് വരെ സമയമുണ്ട്. എന്നാൽ, ഇതിന് ഫീസ് ഈടാക്കും.

Latest