Cover Story
പ്രതിരോധത്തിന്റെ വിഷാദഗീതങ്ങൾ
സാഹിത്യലോകത്തെ അത്യുന്നത പുരസ്‌കാരമായ നൊബേൽ ലാസ് ലൊ ക്രസ്നഹോർകയിയെ തേടിയെത്തിയത് വായനാലോകത്ത് സൃഷ്ടിച്ചത് വലിയ ആഹ്ലാദവും ആവേശവുമാണ്.
2002ലാണ് ഹംഗറിയുടെ മണ്ണിലേക്ക് ആദ്യമായി സാഹിത്യ നൊബേൽ കടന്നുവരുന്നത്, ഇമ്രെ കെർതേഹ്സിലൂടെ. ഇരുപത്തിമൂന്ന് വർഷത്തിനുശേഷം ലാസ് ലൊ ക്രസ്നഹോർകയിലൂടെ സാഹിത്യലോകത്തെ ഈ വിഖ്യാത പുരസ്‌കാരം വീണ്ടും ആ രാജ്യത്തെ തേടിയെത്തിയിരിക്കുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച സ്റ്റോക്ക് ഹോമിൽ സംഘടിപ്പിച്ച പ്രൗഢമായ ചടങ്ങിലാണ് നൂറ്റിപ്പതിനെട്ടാമത് സാഹിത്യ നൊബേലിന് ക്രസ്നഹോർകയി അർഹനായ വിവരം സ്വീഡിഷ് അക്കാദമി പ്രഖ്യാപിച്ചത്. പുരസ്‌കാരം ഡിസംബറിൽ സമ്മാനിക്കും.
സമകാലിക ഹംഗേറിയൻ സാഹിത്യത്തിലെ ഏറ്റവും വലിയ എഴുത്തുകാരിലൊരാളാണ് ലാസ് ലൊ ക്രസ്നഹോർകയി (Laszlo Krasznahorkai). നോവൽ, ചെറുകഥ, തിരക്കഥ തുടങ്ങി എഴുത്തിന്റെ വ്യത്യസ്ത മേഖലകളിൽ തന്റെ സർഗശക്തി തെളിയിച്ച എഴുത്തുകാരനാണ് അദ്ദേഹം. 2015ലെ മാൻ ബുക്കർ ഇന്റർനാഷനൽ പ്രൈസ് നേടിയത് ക്രസ്നഹോർകയി ആയിരുന്നു. അദ്ദേഹത്തിന്റെ തിരക്കഥയിൽ പിറന്ന ചലച്ചിത്രങ്ങളെല്ലാം ഹംഗറിയിലെ പ്രേക്ഷകലോകം അത്യധികമായ ആഹ്ലാദത്തോടെയാണ് വരവേറ്റത്.
തെക്കു കിഴക്കൻ ഹംഗറിയിലെ ഗ്യൂല എന്ന, റൊമാനിയയുടെ അതിർത്തി പങ്കിടുന്ന ചെറിയൊരു പട്ടണത്തിൽ 1954 ലാണ് ലാസ് ലൊ ക്രസ്നഹോർകയി ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ഗ്യോർഗി ക്രസ്നഹോർകയി ഒരഭിഭാഷകനായിരുന്നു. നിയമബിരുദം നേടിയശേഷം കുറേക്കാലം ഫ്രീലാൻസ് ജേണലിസ്റ്റായി ജോലിചെയ്ത ക്രസ്നഹോർകയി അതോടൊപ്പം കഥകൾ എഴുതിക്കൊണ്ട് സാഹിത്യലോകത്തും തന്റെ സാന്നിധ്യമുറപ്പിച്ചു. ആദ്യനോവൽ 1985ൽ പ്രസിദ്ധീകരിച്ച Satantango ഹംഗറിയിൽ വലിയൊരു തരംഗം തന്നെ സൃഷ്ടിച്ചു. അവിടുത്തെ ഒരു നാട്ടുപ്രദേശത്തെ കൂട്ടുകൃഷി ഫാമിലെ അഗതികളായ കുറേ അന്തേവാസികളുടെ പ്രതീക്ഷയും ദൈന്യവും ഇടകലർന്ന ജീവിതചിത്രങ്ങൾ ആവിഷ്കരിക്കുന്ന ഈ നോവൽ ഹംഗറിയിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിലെ സാമൂഹികാവസ്ഥകളെകൂടി നിർദ്ധാരണം ചെയ്യുന്നു.
വിഖ്യാത സംവിധായകനായ ബേല താറിലൂടെ ഈ നോവൽ ചലച്ചിത്രമായപ്പോൾ തിരക്കഥാകൃത്ത് എന്ന നിലയിലും ക്രസ്നഹോർകയി അംഗീകരിക്കപ്പെടുകയായിരുന്നു. The Melancholy of Resistance, War and War, Seiobo There Below, The World Goes On എന്നിവയാണ് ഈ എഴുത്തുകാരന്റെ ഏറെ പ്രശസ്തമായ മറ്റു രചനകൾ. 2021 ൽ പ്രസിദ്ധീകരിച്ച Herscht 07769 എന്ന നോവലും വലിയ തോതിൽ സഹൃദയശ്രദ്ധ നേടുകയുണ്ടായി. കൊവിഡ് മഹാമാരിക്കുശേഷമുള്ള ജർമൻ സാമൂഹികാന്തരീക്ഷത്തിലെ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും ആവിഷ്കരിക്കുന്ന ഈ നോവൽ അവിടുത്തെ തൂരിൻഗൻ എന്ന ചെറിയ ഒരു പട്ടണത്തെ പശ്ചാത്തലമാക്കിയാണ് രചിക്കപ്പെട്ടത്.
ആധുനികതയുടേയും ഉത്തരാധുനികതയുടേയും ശക്തമായ മുദ്രകൾ ഹംഗേറിയൻ സാഹിത്യഭൂപടത്തിൽ ആഴത്തിൽ അടയാളപ്പെടുത്തിയ എഴുത്തുകാരനാണ് ലാസ് ലൊ ക്രസ്നഹോർകയി. നിരാശാഭരിതമായ പ്രമേയങ്ങൾകൊണ്ട് മനുഷ്യമനസ്സിന്റെ ഇരുണ്ടതും വിഷാദമൂകവുമായ വൻകരകളിലേക്ക് അദ്ദേഹം വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു. സങ്കീർണമായ ആഖ്യാനരീതിയും ഭാഷയുടെ അസാധാരണമായ സാന്ദ്രതയും അദ്ദേഹത്തിന്റെ രചനകളെ ഗൗരവപൂർണമായ വായനക്ക് പ്രേരിപ്പിക്കുന്നു. അതോടൊപ്പം ഭരണകൂടങ്ങളുടെ വേട്ടയാടലുകൾക്ക് ഇരയാകുന്ന സാധാരണ മനുഷ്യരുടെ സംത്രാസങ്ങളെയും അവക്കിടയിലും നാമ്പെടുക്കുന്ന പ്രത്യാശയുടെ പുൽക്കൊടികളെയും അവ ശക്തമായി ആവിഷ്കരിക്കുകയും ചെയ്യുന്നു. എഴുത്തിൽ ഒളിമിന്നുന്ന ഭ്രമാത്മകമായ ആഖ്യാനരീതി ഫ്രാൻസ് കാഫ്കയുടെ രചനകളെയാണ് ഓർമിപ്പിക്കുക. കാഫ്‌കയുടെ രചനാരീതി തന്നെ ഏറെ ആകർഷിച്ചിട്ടുണ്ടെന്ന് പല അവസരങ്ങളിലും അദ്ദേഹം രേഖപ്പെടുത്തുന്നുമുണ്ട്.
അഞ്ച് നോവലുകളും അസംഖ്യം ചെറുകഥകളും ഒപ്പം നിരവധി തിരക്കഥകളുമായി ഹംഗറിയുടെ സാഹിത്യ ലോകത്ത് നിറഞ്ഞുനിൽക്കുന്ന എഴുത്തുകാരനാണ് ലാസ് ലൊ ക്രസ്നഹോർകയി. വൈകിയാണെങ്കിലും സാഹിത്യലോകത്തെ ഈ അത്യുന്നത പുരസ്‌കാരം അദ്ദേഹത്തെതേടിയെത്തിയത് വായനാലോകത്ത് സൃഷ്ടിച്ചത് വലിയ ആഹ്ലാദവും ആവേശവുമാണ്. പുരസ്കാരലബ്ധിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആദ്യപ്രതികരണം ഇങ്ങനെയായിരുന്നു. “ഇതെന്നെ വളരെയധികം ആഹ്ലാദിപ്പിക്കുന്നു. അത്യധികമായ സമചിത്തതയോടെ, എന്നാൽ അതിലേറെ പരിഭ്രമത്തോടെയാണ് ഞാൻ ഈ വാർത്ത ശ്രവിച്ചത്.’
.



