Kasargod
മഞ്ചേശ്വരത്ത് മാതാവിനെ മകന്‍ കൊലപ്പെടുത്തിയത് സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന്
വീടും സ്ഥലവും തന്റെ പേരില്‍ എഴുതിത്തരാന്‍ മാതാവിനോട് മകന്‍ ആവശ്യപ്പെടുകയായിരുന്നു. ബേങ്കില്‍ ഈടായി വച്ച് വായ്പയെടുക്കാനായിരുന്നു ഇത്. എന്നാല്‍, ഇതിന് ഫില്‍ഡ തയ്യാറായില്ല.

കാസര്‍കോട് | മഞ്ചേശ്വരത്ത് മാതാവിനെ മകന്‍ അടിച്ചു പരുക്കേല്‍പ്പിക്കുകയും തീകൊളുത്തി കൊലപ്പെടുത്തുകയും ചെയ്തത് സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന്. മഞ്ചേശ്വരം വോര്‍ക്കാടി നലങ്ങി സ്വദേശി ഫില്‍ഡ (60) ആണ് മകന്‍ മെല്‍വിന്‍ മൊണ്ടേറയുടെ അടിയേറ്റു കൊല്ലപ്പെട്ടത്. മെല്‍വിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
വീടും സ്ഥലവും തന്റെ പേരില്‍ എഴുതിത്തരാന്‍ മാതാവിനോട് മകന്‍ ആവശ്യപ്പെടുകയായിരുന്നു. ബേങ്കില്‍ ഈടായി വച്ച് വായ്പയെടുക്കാനായിരുന്നു ഇത്. എന്നാല്‍, ഇതിന് ഫില്‍ഡ തയ്യാറായില്ല. ഇതേ തുടര്‍ന്നായിരുന്നു കൊലപാതകം. മരിച്ചെന്ന് കരുതിയാണ് അമ്മയുടെ മേല്‍ തീക്കൊളുത്തിയതെന്ന് മെല്‍വിന്‍ പോലീസിന് മൊഴി നല്‍കി.
ബുധനാഴ്ച രാത്രിയോടെയായിരുന്നു സംഭവം. അമ്മയെ കൊലപ്പെടുത്തിയ ശേഷം മെല്‍വിന്‍ അയല്‍വാസിയായ ലോലിറ്റയെ വീട്ടിലേക്ക് വിളിച്ചുവരുത്തി. ലോലിറ്റയേയും മെല്‍വിന്‍ തീകൊളുത്തി അപായപ്പെടുത്താന്‍ ശ്രമിച്ചു. പിന്നാലെയാണ് ഇയാള്‍ ഒളിവില്‍ പോയത്. വ്യാഴാഴ്ച രാവിലെ വീട്ടിലെത്തിയ അയല്‍ക്കാരാണ് ഫില്‍ഡയേയും ലോലിറ്റയേയും പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ഫില്‍ഡ മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റിരുന്ന ലോലിറ്റയെ ഇവര്‍ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തിനുശേഷം ഒളിവില്‍പോയ പ്രതിയെ ഉഡുപ്പി കുന്ദാപുരയില്‍ വച്ചാണ് പിടികൂടിയത്. 200 കിലോമീറ്റര്‍ പിന്തുടര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയും തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തതെന്ന് പോലീസ് അറിയിച്ചു.