Connect with us

Kerala

കാറിൽ പാമ്പ്; ഞെട്ടി മുഹമ്മദ് മുഹ്‍സിൻ എംഎൽഎ

മഴക്കാലത്ത് പാമ്പുകൾ വീടുകളിലും വാഹനങ്ങളിലുമെല്ലാം കയറാനുള്ള സാധ്യതയുണ്ടെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും എംഎൽഎ

Published

|

Last Updated

പാലക്കാട് | പരിപാടി കഴിഞ്ഞ് വീട്ടിലെത്തിയ എംഎൽഎ കാറിനുള്ളിലെ അപ്രതീക്ഷിത അതിഥിയെ കണ്ട് ഞെട്ടി. കാറിനുള്ളിൽ ഒരു പാമ്പ് തലയുയർത്തി നൃത്തമാടുന്നു! പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്‍സിൻ്റെ കാറിലാണ് പാമ്പിനെ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് അദ്ദേഹം തന്നെയാണ് തൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. മഴക്കാലത്ത് പാമ്പുകൾ വീടുകളിലും വാഹനങ്ങളിലുമെല്ലാം കയറാനുള്ള സാധ്യതയുണ്ടെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും എംഎൽഎ മുന്നറിയിപ്പ് നൽകി.

പൊതുപരിപാടികൾക്ക് ശേഷം വീട്ടിലെത്തി കാറിൽ നിന്നിറങ്ങിയപ്പോഴാണ് വാഹനത്തിനുള്ളിൽ പാമ്പിനെ കണ്ടതെന്ന് മുഹമ്മദ് മുഹ്‍സിൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. കാറിൻ്റെ ഡാഷ്ബോർഡിന് മുകളിലായി പാമ്പ് ചുരുണ്ടുകൂടി കിടക്കുന്നതിൻ്റെ ചിത്രവും വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ചേരയാണ് ഇതെന്നാണ് പ്രാഥമിക നിഗമനം.

മഴ കനത്തതോടെ പാമ്പുകൾ മാളങ്ങളിൽ നിന്ന് പുറത്തിറങ്ങാനും സുരക്ഷിതമായ ഇടങ്ങൾ തേടി വീടുകളിലേക്കും വാഹനങ്ങളിലേക്കും കയറാനുമുള്ള സാധ്യത വർദ്ധിച്ചിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ അതീവ ജാഗ്രത പുലർത്തേണ്ടതിൻ്റെ ആവശ്യകത ഊന്നിപ്പറഞ്ഞാണ് എംഎൽഎയുടെ പോസ്റ്റ്.

“മഴക്കാലമാണ്, പാമ്പുകൾ എവിടെയും കയറാം.. എല്ലാവരും ശ്രദ്ധിക്കുക..” എന്ന് മുന്നറിയിപ്പ് നൽകിയാണ് എംഎൽഎയുടെ പോസ്റ്റ് അവസാനിക്കുന്നത്.