Editorial
നടപ്പാതകള്‍ യാത്രക്കാരുടെ അവകാശം
ഇരുചക്രവാഹന യാത്രക്കാര്‍ കഴിഞ്ഞാല്‍ റോഡപകടങ്ങളില്‍ കൊല്ലപ്പെടുന്നവരില്‍ രണ്ടാം സ്ഥാനത്ത് കാല്‍നട യാത്രക്കാരാണ്. 33 ശതമാനം വരും റോഡുകളില്‍ ജീവന്‍ പൊലിയുന്ന കാല്‍നട യാത്രക്കാരുടെ എണ്ണം. 2022ല്‍ മാത്രം 32,825 കാല്‍നട യാത്രക്കാര്‍ മരിച്ചുവെന്നാണ് കണക്ക്.

വാഹനങ്ങള്‍ക്ക് മാത്രമല്ല കാല്‍നട യാത്രക്കാര്‍ക്ക് കൂടിയുള്ളതാണ് പൊതുനിരത്തുകള്‍. റോഡ് നിര്‍മിക്കുമ്പോള്‍ കാല്‍നട യാത്രക്കാര്‍ക്കും സുരക്ഷിതമായി സഞ്ചരിക്കാനുള്ള സൗകര്യങ്ങള്‍ സജ്ജീകരിക്കേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയാണ്. നടപ്പാതകള്‍ ഉപയോഗിക്കാനുള്ള അവകാശം ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം കാല്‍നട യാത്രക്കാര്‍ക്ക് ഫുട്പാത്തുകള്‍ ഉപയോഗിക്കാനുള്ള അവകാശം ഉറപ്പാക്കണമെന്നും ഇക്കഴിഞ്ഞ മേയ് 14ന് സുപ്രീം കോടതി വ്യക്തമാക്കി. നടപ്പാതകള്‍ ഇല്ലാത്തതിനാല്‍ കാല്‍നട യാത്രക്കാര്‍ റോഡുകളില്‍ സഞ്ചരിക്കാന്‍ നിര്‍ബന്ധിതരാകുന്നതാണ് നല്ലൊരു പങ്ക് റോഡപകടങ്ങള്‍ക്കും കാരണമെന്നും ജസ്റ്റിസ് അഭയ് എസ് ഓക, ജസ്റ്റിസ് ഉജ്ജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബഞ്ച് ചൂണ്ടിക്കാട്ടി.
റോഡുകളിലെ നടപ്പാതാ സൗകര്യത്തിന് മാര്‍ഗരേഖയും ചട്ടങ്ങളും രൂപവത്കരിക്കാനും നിര്‍ദേശം നല്‍കി. രണ്ടര മാസം കടന്നുപോയിട്ടും ബന്ധപ്പെട്ടവരില്‍ നിന്ന് അനുകൂല പ്രതികരണം ഉണ്ടാകാത്ത സാഹചര്യത്തില്‍ ഈ മാസം ഒന്നിന് കോടതി വിഷയം വീണ്ടും പരിഗണനക്കെടുക്കുകയും നാലാഴ്ചക്കകം നിലപാട് അറിയിക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്. ഇല്ലെങ്കില്‍ അമിക്കസ്‌ക്യൂറിയുടെ സഹായത്തോടെ കോടതിക്ക് കാര്യങ്ങള്‍ നടപ്പാക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.
കാല്‍നട യാത്രക്കാര്‍ക്ക് സുരക്ഷിതമല്ല രാജ്യത്തെ റോഡുകള്‍ പൊതുവെ. ഇരുചക്രവാഹന യാത്രക്കാര്‍ കഴിഞ്ഞാല്‍ റോഡപകടങ്ങളില്‍ കൊല്ലപ്പെടുന്നവരില്‍ രണ്ടാം സ്ഥാനത്ത് കാല്‍നട യാത്രക്കാരാണ്. 33 ശതമാനം വരും റോഡുകളില്‍ ജീവന്‍ പൊലിയുന്ന കാല്‍നട യാത്രക്കാരുടെ എണ്ണം. 2022ല്‍ മാത്രം 32,825 കാല്‍നട യാത്രക്കാര്‍ മരിച്ചുവെന്നാണ് കണക്ക്. പ്രഭാത നടത്തത്തിനിടെ വാഹനം തട്ടി മരിക്കുന്നതും ഗുരുതര പരുക്കേല്‍ക്കുന്നതും പതിവു വാര്‍ത്തയാണ്. പൊതുനിരത്തുകളില്‍ കാല്‍നട യാത്രക്കാര്‍ക്ക് പ്രത്യേകം നടപ്പാതകള്‍ നിര്‍മിക്കേണ്ടതിന്റെ അനിവാര്യതയിലേക്കാണ് ഇതെല്ലാം വിരല്‍ ചൂണ്ടുന്നത്. നടപ്പാതകളില്ലാത്ത റോഡുകളില്‍ കാല്‍നട യാത്രക്കാര്‍ വാഹനങ്ങള്‍ ചീറിപ്പായുന്ന ഭാഗങ്ങളുടെ ഓരം പറ്റി നടക്കാന്‍ നിര്‍ബന്ധിതരാകുന്നു. എത്ര ശ്രദ്ധിച്ചു നടന്നാലും മത്സരയോട്ടം നടത്തുന്ന ബസുകളില്‍ നിന്നും ചീറിപ്പായുന്ന മറ്റു വാഹനങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ സാധിച്ചെന്നു വരില്ല.
രാജ്യത്ത് നിലവില്‍ പഞ്ചാബ് മാത്രമാണ് ഇക്കാര്യത്തില്‍ ഒരു നയം രൂപവത്കരിച്ചത്. പുതിയ റോഡുകള്‍ നിര്‍മിക്കുമ്പോഴും നിലവിലുള്ള റോഡുകള്‍ വികസിപ്പിക്കുമ്പോഴും കാല്‍നട യാത്രക്കാര്‍ക്കുള്ള നടപ്പാതകളും സൈക്കിള്‍ ട്രാക്കുകളും നിര്‍ബന്ധമാക്കുന്ന നിയമം കൊണ്ടുവന്നിട്ടുണ്ട് 2023 മേയില്‍ പഞ്ചാബ് സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് ഒരു കര്‍മപദ്ധതി തയ്യാറാക്കാനും നാഷനല്‍ ഹൈവേ അതോറിറ്റി പോലുള്ള റോഡ് നിര്‍മാണ അതോറിറ്റികളോട് നിര്‍ദേശിച്ചിട്ടുണ്ട്. കാല്‍നട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബ്- ഹരിയാന ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹരജിയിന്മേല്‍ കോടതി നല്‍കിയ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടി.
ലണ്ടന്‍, പാരീസ്, ഹോങ്കോംഗ്, ബൊഗോട്ട തുടങ്ങി പല വിദേശ നഗരങ്ങളിലും കാല്‍നട യാത്രക്കാര്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള ഗതാഗത സംസ്‌കാരമാണ് നിലവിലുള്ളത്. മിന്നല്‍ വേഗത്തില്‍ പാഞ്ഞുവരുന്ന വാഹനങ്ങളെ ഭയക്കാതെ കാല്‍നട യാത്രക്കാര്‍ക്ക് സഞ്ചരിക്കാനാകും. ഇവ്വിധം സുരക്ഷിത ബോധത്തോടെ യാത്രക്ക് പറ്റുന്ന എത്ര നഗരങ്ങളുണ്ടാകും നമ്മുടെ രാജ്യത്ത്. നടപ്പാതകളോ സീബ്രാ വരകളോ ഇല്ലാത്തവയാണ് റോഡുകളില്‍ മിക്കതും. ഉള്ളവയില്‍ തന്നെ നല്ലൊരു പങ്കും അനായാസം നടക്കാനാകാത്ത വിധം വീതി കുറഞ്ഞതും. വെള്ളം ഒഴിവാക്കാനായി നിര്‍മിച്ച ഓടകള്‍ക്ക് മുകളിലാണ് പല റോഡുകളിലും നടപ്പാതകള്‍ നിര്‍മിക്കുന്നത്. ഇവ പൊട്ടിപ്പൊളിഞ്ഞാല്‍ യാത്രക്കാരുടെ സുരക്ഷിതത്വം അപകടത്തിലായി. മുകളില്‍ പാകിയ സ്ലാബുകള്‍ പൊട്ടിപ്പൊളിഞ്ഞ് യാത്രക്കാര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും മരണപ്പെടുകയും ചെയ്ത സംഭവങ്ങള്‍ ധാരാളം.
നടപ്പാതകള്‍ നിര്‍മിക്കുന്നതോടൊപ്പം യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്ന അതിലെ തടസ്സങ്ങള്‍ നീക്കാനും കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനുമുള്ള ബാധ്യതയും ഭരണകൂടങ്ങള്‍ക്കുണ്ട്. തൂങ്ങിക്കിടക്കുന്ന കേബിളുകളും ചാഞ്ഞുകിടക്കുന്ന മരച്ചില്ലകളും പരസ്യബോര്‍ഡുകളും പലപ്പോഴും നടപ്പാത യാത്ര പ്രയാസകരമാക്കുന്നു. നടപ്പാതകള്‍ കൈയേറി ബൈക്കുകളും കാറുകളും പാര്‍ക്ക് ചെയ്യുന്നതും ഉന്തുവണ്ടിക്കച്ചവടം നടത്തുന്നതും നഗരങ്ങളില്‍ പതിവു കാഴ്ചയാണ്. ഓണം പോലുള്ള ഉത്സവ സീസണുകളില്‍ തെരുവു കച്ചവടക്കാര്‍ നടപ്പാതകളും റോഡുകളും കൈയടക്കുന്നു. ഇതിനെതിരെ പരാതി ശക്തമാകുമ്പോള്‍ അധികൃതര്‍ കൈയേറ്റക്കാരെ ഒഴിപ്പിക്കുമെങ്കിലും താമസിയാതെ കച്ചവടക്കാര്‍ തിരിച്ചെത്തും. നഗരങ്ങളില്‍ പര്‍ച്ചേസിനായി എത്തുന്ന ഉപഭോക്താക്കള്‍ കടകള്‍ക്കു മുമ്പിലെ നടപ്പാതകളില്‍ വാഹനം കയറ്റി നിര്‍ത്തിയാണ് പാര്‍ക്ക് ചെയ്യാറുള്ളത്.
ലോകത്ത് കുറഞ്ഞ നഗരങ്ങളില്‍ മാത്രമേ മികച്ച രീതിയിലുള്ള കാല്‍നട യാത്രാ സൗകര്യങ്ങള്‍ നടപ്പാക്കിയിട്ടുള്ളൂവെന്ന് 2020ല്‍ “ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റല്‍ പോളിസി’ (ഐ ടി ഡി പി) പ്രസിദ്ധീകരിച്ച റിപോര്‍ട്ട് വെളിപ്പെടുത്തി. എന്നാല്‍ പേരിന് നടപ്പാത പണിതതു കൊണ്ടായില്ല, 1.8 മീറ്റര്‍ വീതി, അംഗപരിമിതര്‍ക്ക് വീല്‍ചെയറില്‍ സഞ്ചരിക്കാന്‍ സൗകര്യം, ഓരോ 200 മീറ്ററിലും ടേബിള്‍ടോപ് ക്രോസ്സിംഗ് തുടങ്ങിയ സൗകര്യങ്ങളോടെയായിരിക്കണം നിര്‍മാണമെന്നാണ് ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ്സിന്റെ നിര്‍ദേശം.