Connect with us

Kerala

സിദ്ധാര്‍ഥിന്റെ മരണം; നഷ്ടപരിഹാരത്തുക പിന്‍വലിക്കാന്‍ കുടുംബത്തിന് ഹൈക്കോടതിയുടെ അനുമതി

കോടതിയുടെ നിര്‍ദേശത്തെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തെങ്കിലും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചില്ല.

Published

|

Last Updated

കൊച്ചി |  വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥിന്റെ മരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കെട്ടിവച്ച നഷ്ടപരിഹാരത്തുക പിന്‍വലിക്കാന്‍ കുടുംബത്തിന് ഹൈക്കോടതിയുടെ ഇടക്കാല അനുമതി. അതേ സമയം നഷ്ടപരിഹാരത്തുകയായ ഏഴുലക്ഷം പിന്‍വലിക്കേണ്ടത് സര്‍ക്കാരിന്റെ അപ്പീലിലെ അന്തിമ തീരുമാനത്തിന് വിധേയമായിട്ടായിരിക്കുമെന്നും കോടതി വ്യക്തമാക്കി. കോടതിയുടെ നിര്‍ദേശത്തെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തെങ്കിലും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചില്ല.

ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ട ഏഴുലക്ഷം രൂപ ഹൈക്കോടതിയുടെ മുന്‍ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ കോടതിയില്‍ കെട്ടിവച്ചിരുന്നു. നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിടാന്‍ കമ്മിഷന് നിയമപരമായ അധികാരമില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വാദം. എന്നാല്‍ സിദ്ധാര്‍ഥിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കാന്‍ ഈ തുക നല്‍കേണ്ടത് അത്യാവശ്യമാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ നിലപാടെടുത്തു

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്ന ജെ എസ് സിദ്ധാര്‍ഥിനെ 2024 ഫെബ്രുവരി 18-നാണ് ഹോസ്റ്റല്‍ മുറിയിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സിദ്ധാര്‍ഥിന്റെ ശരീരത്തില്‍ ക്രൂരമായ മര്‍ദനമേറ്റതിന്റെ ക്ഷതങ്ങള്‍ ഉണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി.വലന്റൈന്‍സ് ദിനത്തില്‍ ചില വിദ്യാര്‍ഥിനികളോടൊപ്പം നൃത്തം ചെയ്തതിനെച്ചൊല്ലിയുണ്ടായ തര്‍ക്കങ്ങളാണ് സിദ്ധാര്‍ഥിനെതിരെയുള്ള ആക്രമണത്തിന് കാരണമായതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഫെബ്രുവരി 15, 16 തീയതികളിലായി സിദ്ധാര്‍ഥിനെ ഹോസ്റ്റലിലെ മുറികളിലും കോമ്പൗണ്ടിലുമായി നഗ്‌നനാക്കി ക്രൂരമായി മര്‍ദിച്ചതായി പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. 29 മണിക്കൂറോളം തുടര്‍ച്ചയായി മര്‍ദിക്കുകയും ഭക്ഷണം നിഷേധിക്കുകയും ചെയ്തതാണ് സിദ്ധാര്‍ഥിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തല്‍.

കേസ് ഏറ്റെടുത്ത സിബിഐ റാഗിങ്, ആത്മഹത്യാ പ്രേരണ, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തി 20 പ്രതികള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

 

Latest