Kerala
കൊടുമുടിയില്‍ കുടുങ്ങിയ ഷെയ്ഖ് ഹസന്‍ ഖാന്‍ സുരക്ഷിതന്‍; ബന്ധുക്കള്‍ക്ക് വിവരം കൈമാറി വിദേശകാര്യ മന്ത്രാലയം
രക്ഷാപ്രവര്‍ത്തനത്തില്‍ പരിശീലനം ലഭിച്ചിട്ടുള്ള പ്രത്യേക സംഘമാണ്, വടക്കേ അമേരിക്കയിലെ ഡെനാലി കൊടുമുടിയില്‍ കുടുങ്ങിയ മലയാളിയായ പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ ഖാനെയും സുഹൃത്ത് ചെന്നൈ സ്വദേശിയെയും രക്ഷപ്പെടുത്തിയത്.

പന്തളം | വടക്കേ അമേരിക്കയിലെ ഡെനാലി കൊടുമുടിയില്‍ കുടുങ്ങിയ മലയാളിയായ പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ സുരക്ഷിതനെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍ പരിശീലനം ലഭിച്ചിട്ടുള്ള പ്രത്യേക സംഘമാണ് ഷെയ്ഖ് ഹസന്‍ ഖാനെയും സുഹൃത്ത് ചെന്നൈ സ്വദേശിയെയും രക്ഷപ്പെടുത്തിയത്. കഴിഞ്ഞ പത്തിനാണ് ഷെയ്ഖ് ഹസന്‍ ഖാന്‍ കൊടുമുടിയുടെ ബേസ് ക്യാമ്പിലെത്തിയത്. അന്ന് ബന്ധുക്കളുമായി ഫോണില്‍ സംസാരിച്ച ശേഷം പിന്നീട് വിവരങ്ങളൊന്നുമുണ്ടായിരുന്നില്ല. ശക്തമായ കൊടുങ്കാറ്റില്‍ പെട്ടതായും രക്ഷപെടുത്തണമെന്നുമുള്ള ഷെയ്ഖ് ഹസന്‍ഖാന്റെ സന്ദേശം സാറ്റലൈറ്റ് ഫോണിലൂടെ ലഭിച്ചതോടെയാണ് ഇരുവരും കൊടുമുടിയില്‍ കുടുങ്ങിയ വിവരം പുറംലോകമറിഞ്ഞത്. ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ സംഭവത്തില്‍ ഇടപെട്ടിരുന്നു.
കേന്ദ്ര വിദേശകാര്യ മന്ത്രാലയം അമേരിക്കയുമായി ബന്ധപ്പെട്ടാണ് ഷെയ്ഖ് ഹസന്‍ഖാന്‍ സുരക്ഷിതനാണെന്ന വിവരം കൈമാറിയത്. അലാസ്‌ക ഗവര്‍ണറുടെ ഓഫീസില്‍ നിന്നുള്ള സന്ദേശമാണ് സംസ്ഥാന സര്‍ക്കാരിനു മന്ത്രാലയം കൈമാറിയത്. ഷെയ്ഖ് ഹസന്‍ഖാനും തമിഴ്‌നാട് സ്വദേശിയും സുരക്ഷിതനാണെന്നും സാറ്റലൈറ്റ് ഫോണിലൂടെ സംസാരിച്ചെന്നും അലാസ്‌ക ഗവര്‍ണറുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. ഡെനാലി പര്‍വതത്തിന്റെ ബേസ് ക്യാമ്പിലേക്ക് ഷെയ്ഖ് ഹസനെ എത്തിച്ചുവെന്ന് അമേരിക്കയിലുള്ള സുഹൃത്തും ധനമന്ത്രി കെ എന്‍ ബാലഗോപാലും കേരളഹൗസ് അധികൃതരും അറിയിച്ചതായി ഷെയ്ഖിന്റെ ഭാര്യ റാണി പറഞ്ഞു. എന്നാല്‍, ഷെയ്ഖുമായി ഇതുവരെ സംസാരിക്കാനായിട്ടില്ല. ഷെയ്ഖിനെ രക്ഷപ്പെടുത്താന്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും ഇടപെട്ടിരുന്നു.
ശക്തമായ കാറ്റിനെ തുടര്‍ന്നാണ് ഡെനാലിയുടെ ക്യാമ്പ് അഞ്ചില്‍ ഷെയ്ഖും സുഹൃത്തും കുടുങ്ങിയത്. സമുദ്രനിരപ്പില്‍ നിന്ന് 17,000 അടി ഉയരത്തിലാണ് ഷെയ്ഖ് ഹസന്‍ കുടുങ്ങിയ സ്ഥലം. കൊടുമുടിയുടെ ആകെ ഉയരം 20,310 അടിയാണ്. എവറസ്റ്റ് ഉള്‍പ്പെടെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലുമുള്ള ഉയരംകൂടിയ പര്‍വതങ്ങള്‍ കയറി അനുഭവസമ്പത്തുള്ള വ്യക്തിയാണ് ഷേക്ക് ഹസന്‍. ഇതിനു മുമ്പ് 2023 ജൂണ്‍ 12ന് ഷെയ്ഖ് ഹസന്‍ ഖാന്‍ ഡെനാലി കൊടുമുടിയുടെ നെറുകയിലെത്തി ദേശീയ പതാക ഉയര്‍ത്തിയിരുന്നു. 21 ദിവസം കൊണ്ടാണ് അന്ന് ദൗത്യം പൂര്‍ത്തീകരിച്ചത്.