National
രാഹുൽ ഉന്നയിക്കുന്നത് ഗൗരവസ്വഭാവമുള്ള ചോദ്യങ്ങളെന്ന് ശശി തരൂർ
ജനാധിപത്യ സംവിധാനം നശിപ്പിക്കാൻ ഇടവരുത്തരുത്

ന്യൂഡൽഹി | തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ ക്രമക്കേട് സംബന്ധിച്ച് രാഹുൽ ഗാന്ധി ഉന്നയിക്കുന്നത് ഗൗരവസ്വഭാവമുള്ള ചോദ്യങ്ങളാണെന്നും മുഖവിലക്കെടുക്കേണ്ടത് അത്യാവശ്യമാണെന്നും ശശി തരൂർ എം പി ‘എക്‌സി’ൽ കുറിച്ചു. നമ്മുടെ ജനാധിപത്യ സംവിധാനം മഹത്തരമായ ഒന്നാണെന്നും അതിനെ നശിപ്പിക്കാൻ ഇടവരുത്തരുതെന്നും തരൂർ ആവശ്യപ്പെട്ടു.
രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് തരൂരിന്റെ ട്വീറ്റ്. അടുത്തിടെ തുടരെത്തുടരെയുള്ള മോദി അനുകൂല പരാമർശങ്ങൾക്ക് പിന്നാലെ തരൂർ രാഹുലിനെ പിന്തുണക്കുന്നത് ആദ്യമായാണ്.
കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങൾ രാഹുൽ ഗാന്ധി ഉന്നയിച്ചത്. രാജ്യത്ത് വോട്ട് മോഷണം നടക്കുന്നുണ്ടെന്നും ഹരിയാന തിരഞ്ഞെടുപ്പോടെ അത് വ്യക്തമായതാണെന്നും ആരോപിച്ച രാഹുല്‍, കർണാടകയിലെ മഹാദേവപുര മണ്ഡലത്തിൽ നടന്ന ക്രമക്കേടുകളുടേതെന്ന് ആരോപിക്കപ്പെടുന്ന വോട്ടർ പട്ടിക രേഖകളും പുറത്തുവിട്ടിരുന്നു,