National
കുട്ടികൾക്ക് എതിരായ ലൈംഗികാതിക്രമം; പോക്സോ കോടതികൾ സ്ഥാപിക്കുന്നതിന് മുൻഗണന നൽകാൻ കേന്ദ്രത്തോട് സുപ്രീം കോടതി
പോക്സോ നിയമപ്രകാരമുള്ള കേസുകൾക്കായി മതിയായ എണ്ണം പ്രത്യേക കോടതികളില്ലാത്തതിനാൽ, വിചാരണ പൂർത്തിയാക്കുന്നതിനുള്ള നിയമത്തിലെ സമയപരിധി പാലിക്കപ്പെടുന്നില്ലെന്ന് കോടതി

ന്യൂഡൽഹി | കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകൾ പ്രത്യേകമായി കൈകാര്യം ചെയ്യാൻ പോക്സോ കോടതികൾ സ്ഥാപിക്കുന്നതിന് മുൻഗണന നൽകണമെന്ന് സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകി. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, പി ബി വരാലെ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നിർദേശം.
പോക്സോ (Protection of Children against Sexual Offences) നിയമപ്രകാരമുള്ള കേസുകൾക്കായി മതിയായ എണ്ണം പ്രത്യേക കോടതികളില്ലാത്തതിനാൽ, വിചാരണ പൂർത്തിയാക്കുന്നതിനുള്ള നിയമത്തിലെ സമയപരിധി പാലിക്കപ്പെടുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. പോക്സോ കേസുകളുടെ അന്വേഷണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ബോധവൽക്കരിക്കാനും, പോക്സോ കേസുകൾക്ക് മുൻഗണന നൽകി വിചാരണ ചെയ്യാൻ പ്രത്യേക കോടതികൾ സ്ഥാപിക്കാനും കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ബെഞ്ച് പറഞ്ഞു.
കേന്ദ്രത്തിന്റെ ധനസഹായത്തോടെ ഭൂരിഭാഗം സംസ്ഥാനങ്ങളും പോക്സോ കേസുകൾക്കായി പ്രത്യേക കോടതികൾ സ്ഥാപിക്കാനുള്ള നിർദ്ദേശങ്ങൾ പാലിച്ചപ്പോൾ, തമിഴ്‌നാട്, ബിഹാർ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ഒറീസ്സ, മഹാരാഷ്ട്ര തുടങ്ങിയ ചില സംസ്ഥാനങ്ങളിൽ ഇത്തരം കേസുകൾ കെട്ടിക്കിടക്കുകയാണ്. ഇത് കണക്കിലെടുത്താണ് കോടതിയുടെ നിരീക്ഷണം.
പോക്സോ കോടതികളുടെ നിലവിലെ സ്ഥിതിയെക്കുറിച്ച് സംസ്ഥാനതല വിവരങ്ങൾ സമർപ്പിക്കാൻ മുതിർന്ന അഭിഭാഷകനും അമിക്കസ് ക്യൂറിയുമായ വി ഗിരിയോടും മുതിർന്ന അഭിഭാഷക ഉത്തരാ ബാബ്ബറോടും സുപ്രീം കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു.