National
ജസ്റ്റിസ് യശ്വന്ത് വർമക്ക് തിരിച്ചടി; ആഭ്യന്തര അന്വേഷണ റിപ്പോർട്ടിനെതിരായ ഹർജി സുപ്രീം കോടതി തള്ളി
ഡൽഹി ഹൈക്കോടതി ജഡ്ജിയായിരിക്കെ മാർച്ച് 14-ന് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലുണ്ടായ തീപിടുത്തത്തെ തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിനിടെ ഔട്ട്‌ഹൗസിൽ നിന്ന് വലിയ തുക കറൻസി നോട്ടുകൾ കണ്ടെത്തിയതാണ് കേസിന് ആധാരം.

ന്യൂഡൽഹി | വീട്ടിൽ വൻ തുക കണ്ടെത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മയെ സ്ഥാനത്തുനിന്ന് നീക്കാൻ ശുപാർശ ചെയ്ത ആഭ്യന്തര അന്വേഷണ റിപ്പോർട്ടിനെതിരായ റിട്ട് ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് വർമ്മയെ നീക്കം ചെയ്യാൻ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും അന്നത്തെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന നൽകിയ ശുപാർശയെ ചോദ്യം ചെയ്തുള്ള ഹർജിയും കോടതി തള്ളി. ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, എ.ജി. മാസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ജൂലൈ 30-ന് വിധി പറയാൻ മാറ്റിവെച്ച കേസിൽ ഇന്ന് വിധി പ്രസ്താവിക്കുകയായിരുന്നു.
ആഭ്യന്തര അന്വേഷണത്തിൽ പങ്കെടുത്ത ശേഷം, പാനലിന്റെ അധികാരത്തെ ചോദ്യം ചെയ്ത ജസ്റ്റിസ് വർമ്മയുടെ നടപടി പരിഗണിക്കാനാവില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. ഹർജി നിലനിൽക്കില്ലെന്ന് കണ്ടെത്തിയെങ്കിലും, വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് മറ്റ് അഞ്ച് വിഷയങ്ങളിൽ തീരുമാനമെടുക്കാൻ ബെഞ്ച് തയ്യാറായി.
സുപ്രീം കോടതിയുടെ വെബ്‌സൈറ്റിൽ തീപിടുത്തവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും അപ്‌ലോഡ് ചെയ്തതിനെക്കുറിച്ചുള്ള ജസ്റ്റിസ് വർമ്മയുടെ എതിർപ്പുകൾ തള്ളിയ ബെഞ്ച്, ഉചിതമായ സമയത്ത് അദ്ദേഹം ഇത് ചോദ്യം ചെയ്തില്ല എന്നും ചൂണ്ടിക്കാട്ടി. ജസ്റ്റിസ് വർമ്മക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ മാത്യൂസ് ജെ. നെടുമ്പാറ ഫയൽ ചെയ്ത ഹർജിയും കോടതി തള്ളി.
ജസ്റ്റിസ് വർമ്മയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, ഒരു ജഡ്ജിയെ തെളിയിക്കപ്പെട്ട ദുഷ്‌പെരുമാറ്റം അല്ലെങ്കിൽ കഴിവില്ലായ്മ എന്നിവയുടെ അടിസ്ഥാനത്തിൽ മാത്രമേ നീക്കം ചെയ്യാൻ കഴിയൂ എന്ന് വാദിച്ചു. എന്നാൽ, ആഭ്യന്തര നടപടിക്രമം പ്രാഥമിക അന്വേഷണം മാത്രമാണെന്നും അതിന്റെ റിപ്പോർട്ട് തെളിവായി പോലും പരിഗണിക്കാത്ത സ്ഥിതിക്ക് ഈ ഘട്ടത്തിൽ ഹർജി നിലനിൽക്കില്ല എന്നും ജസ്റ്റിസ് ദത്ത ചൂണ്ടിക്കാട്ടി.
ഡൽഹി ഹൈക്കോടതി ജഡ്ജിയായിരിക്കെ മാർച്ച് 14-ന് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലുണ്ടായ തീപിടുത്തത്തെ തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിനിടെ ഔട്ട്‌ഹൗസിൽ നിന്ന് വലിയ തുക കറൻസി നോട്ടുകൾ കണ്ടെത്തിയതാണ് കേസിന് ആധാരം. ഈ സംഭവം വലിയ വിവാദമായതോടെ അന്നത്തെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന മൂന്നംഗ ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ചു. സമിതി റിപ്പോർട്ട് നൽകിയതിന് ശേഷം, രാജി വെക്കാൻ ജസ്റ്റിസ് വർമ്മ തയ്യാറാകാതിരുന്നതിനാൽ തുടർനടപടികൾക്കായി ചീഫ് ജസ്റ്റിസ് റിപ്പോർട്ട് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കൈമാറുകയായിരുന്നു.
സമിതി 55 സാക്ഷികളെയും ഇലക്ട്രോണിക് തെളിവുകളും പരിശോധിച്ചതിന് ശേഷം, ഔദ്യോഗിക വസതിയിൽ പണം കണ്ടെത്തിയെന്നും ഇതിന് തൃപ്തികരമായ വിശദീകരണം നൽകാൻ ജസ്റ്റിസ് വർമ്മക്ക് കഴിഞ്ഞില്ലെന്നും കണ്ടെത്തിയിരുന്നു. കഴിഞ്ഞയാഴ്ച രാജ്യസഭ, ലോക്സഭ എം.പിമാർ ജസ്റ്റിസ് വർമ്മയെ ഇംപീച്ച് ചെയ്യാനുള്ള നോട്ടീസും നൽകിയിരുന്നു.