Connect with us

Web Special

കശ്മീരില്‍ ഓരോ കുടുംബത്തിനും പ്രത്യേകം തിരിച്ചറിയല്‍ രേഖ; ആശങ്കയുമായി സാങ്കേതിക വിദഗ്ധര്‍

വിഭജനവും നിരീക്ഷണവും ഉള്‍പ്പെടെ അനന്തമായ ദുരോപയോഗ സാധ്യതകളാണ് ഇത്തരം പദ്ധതികള്‍ക്കുള്ളതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Published

|

Last Updated

മ്മു കശ്മീരിലെ ഓരോ കുടുംബത്തിനും പ്രത്യേകം തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുമെന്ന് കഴിഞ്ഞ നവംബറിലാണ് ലെഫ്.ഗവര്‍ണര്‍ മനോജ് സിന്‍ഹ പ്രഖ്യാപിച്ചത്. ഓരോ കുടുംബത്തെയും തിരിച്ചറിയുന്നതിന് അക്ഷരങ്ങളടങ്ങിയ എട്ടക്ക നമ്പറോട് കൂടിയുള്ളതാണ് കാര്‍ഡ്. കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും പേര്, പ്രായം, യോഗ്യത, ജോലി അടക്കമുള്ള വിവരങ്ങള്‍ കാര്‍ഡിലുണ്ടാകും. ജമ്മു കശ്മീര്‍ ഡിജിറ്റല്‍ വിഷന്‍ രേഖ എന്ന പദ്ധതിയുമായി ബന്ധപ്പെട്ടാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. ജമ്മു കശ്മീരിലെ കുടുംബങ്ങളെ സംബന്ധിച്ച ആധികാരികവും പരിശോധിച്ചറപ്പിച്ചതും വിശ്വസനീയവുമായ വിവരം ശേഖരിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം, പദ്ധതി സംബന്ധിച്ച് പലവിധ ആശങ്കകള്‍ പങ്കുവെക്കുകയാണ് സാങ്കേതികവിദഗ്ധര്‍. അവ വിശദമായി അറിയാം:

നിരീക്ഷണത്തിനുള്ള മാര്‍ഗം

പുതിയ കാര്‍ഡ് കുടുംബനാഥന്റെ ആധാറുമായും ബേങ്ക് അക്കൗണ്ടുമായും ബന്ധിപ്പിക്കും. ആധാറില്‍ ഓരോ വ്യക്തിയുടെയും വിവരങ്ങളാണുള്ളതെങ്കില്‍ പുതിയ ഐ ഡി കാര്‍ഡില്‍ വരുമാനം, തൊഴില്‍, വിവാഹ സ്ഥിതി അടക്കമുള്ള നിരവധി വിവരങ്ങളുണ്ടാകും. ഫലത്തില്‍ ജനങ്ങളുടെമേലുള്ള പരിപൂര്‍ണ നിരീക്ഷണമാണ് ഇതിലൂടെയുണ്ടാകുകയെന്ന് സൈബര്‍ സുരക്ഷാ വിദഗ്ധന്‍ ആനന്ദ് വെങ്കട് പറയുന്നു. ഒരാളുടെ മതത്തെ സംബന്ധിച്ച് മാത്രമല്ല, കുടുംബത്തിലെ എല്ലാവരും ഒരേ സമുദായത്തില്‍ പെട്ടവരാണോ എന്ന് പോലും അറിയാനാകും. അയല്‍വാസികളെയും നാട്ടുകാരെയും സംബന്ധിച്ച് അറിയാം. നാട്ടിലെ ഏകദേശ മതകീയ പശ്ചാത്തലം അടക്കമുള്ളവ അറിയാനാകും. ഇത്തരം മേഖലകളില്‍ പോലീസ് ഉള്‍പ്പെടെയുള്ള ഏജന്‍സികളെ ഉപയോഗിച്ച് ഭരണകൂടത്തിന് സമ്മര്‍ദം ചെലുത്താനും ഉപദ്രവിക്കാനും സാധിക്കും.

ജനങ്ങളുടെ വിശ്വാസം കുറയും

അതിസങ്കീര്‍ണമായ സാമൂഹിക- രാഷ്ട്രീയ പശ്ചാത്തലമുള്ള കശ്മീരില്‍ ഇത്തരം രഹസ്യ നിരീക്ഷണ പദ്ധതികള്‍ വരുന്നത് സര്‍ക്കാറും ജനങ്ങളും തമ്മിലുള്ള വിശ്വാസത്തില്‍ ഉലച്ചില്‍ വരുത്തും. പ്രത്യേകിച്ച് 2019 ആഗസ്റ്റ് അഞ്ചിന് കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ച പശ്ചാത്തലത്തില്‍. ഇതിനെ തുടര്‍ന്ന് ഒരു വര്‍ഷത്തോളം നീണ്ട ഇന്റര്‍നെറ്റ് വിച്ഛേദനമുണ്ടായി. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ അടക്കം നിരീക്ഷിച്ചാണ് ഭരണകൂടം പുതിയ സര്‍ക്കാര്‍ ജീവനക്കാരെ നിയമിക്കുന്നതെന്ന് 2021ല്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു.

വിവര ചോര്‍ച്ച

സൈബര്‍ ആക്രമണത്തിലൂടെ വിവരങ്ങള്‍ ചോര്‍ത്താനുള്ള സാധ്യത വളരെ കൂടുതലാണെന്ന് സൈബര്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച്, അതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങളുടെ വിവരം മോഷ്ടിക്കാനുള്ള ആഭ്യന്തരവും ബാഹ്യവുമായ ശ്രമങ്ങളുണ്ടാകും. ലോകത്ത് സൈബര്‍ ആക്രമണ സാധ്യത കൂടുതലുള്ള രാജ്യങ്ങളില്‍ ആറാമതാണ് ഇന്ത്യ. നെതര്‍ലാന്‍ഡ്‌സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സര്‍ഫ്ഷാര്‍ക് വി പി എന്നിന്റെ റിപ്പോര്‍ട്ട് പ്രകാരമാണിത്. 2004ലാണ് ആദ്യം അത്തരമൊരു ആക്രമണമുണ്ടായത്. ലോകത്തെ ഏറ്റവും വലിയ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിച്ച ആധാറുമായി ബന്ധപ്പെട്ട് നേരത്തേ ആശങ്കകള്‍ ഉയര്‍ന്നിരുന്നു. 2022ലെ സി എ ജി റിപ്പോര്‍ട്ടിലും ഈ ആശങ്കകളുണ്ടായിരുന്നു.

യൂറോപ്യന്‍ യൂനിയന്റെ ജനറല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ റഗുലേഷന്‍ (ജി ഡി പി ആര്‍) പോലുള്ള ശക്തമായ ഡാറ്റ പരിരക്ഷാ നിയമം ഇന്ത്യക്കില്ല. ഡാറ്റ സംരക്ഷണത്തിനും സ്വകാര്യതാ അവകാശങ്ങള്‍ക്കുമുള്ള ലോകത്തെ തന്നെ ശക്തമായ നിയമമാണ് യൂറോപ്യന്‍ യൂനിയന്റെത്.

നിയമ പരിരക്ഷയുടെ അഭാവം

ഹരിയാനയിലും തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലും ഇതിന് സമാനമായ ഡാറ്റ ശേഖരണമുണ്ടായിട്ടുണ്ട്. ഈ സംസ്ഥാനങ്ങളൊന്നും ഇതിനായി നിയമ നിര്‍മാണം നടത്തിയിട്ടില്ല. വ്യക്തിവിവരങ്ങളാണ് ശേഖരിച്ച് സംഭരിക്കുന്നത് എന്നതിനാല്‍ സ്വകാര്യതാ അവകാശമെന്ന പ്രശ്‌നം കൂടി ഉദിക്കുന്നുണ്ട്. പൗരന്മാരുടെ സ്വകാര്യത ഹനിക്കില്ലെന്നും വിവരം ദുരുപയോഗം ചെയ്യുന്നില്ലെന്നും ഉറപ്പാക്കാന്‍ നിയമം ആവശ്യമാണെന്ന് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്‍ പ്രസന്ന എസ് പറയുന്നു. ആധാര്‍ നിയമത്തിനെതിരെ കോടതിയെ സമീപിച്ചയാളാണ് പ്രസന്ന. നിയമം നിര്‍മിക്കാതെ പൗരന്മാരുടെ മുഴുവന്‍ വിവരങ്ങളും ശേഖരിക്കുന്നത് സ്വകാര്യതയെന്ന മൗലികാവകാശത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം പറഞ്ഞു. നിയമം നിര്‍മിച്ചാല്‍, എന്താവശ്യത്തിനാണ് വിവരങ്ങള്‍ ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കേണ്ടി വരും. എത്രയൊക്കെ വിവരം ശേഖരിക്കാം, എത്ര തിരിച്ചെടുക്കാം, എന്തിനൊക്കെ ഉപയോഗിക്കാന്‍ പാടില്ല എന്നതൊക്കെ നിയമത്തില്‍ വ്യക്തമാക്കണം. നിയമമില്ലാത്ത പക്ഷം, ഭരണകൂടത്തിന് ഏത് ആവശ്യത്തിനും ഇത്തരം വിവരങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്നും അഡ്വ. പ്രസന്ന ചൂണ്ടിക്കാട്ടി.

അപരവത്കരണം അടക്കമുള്ള മറ്റ് ആശങ്കകള്‍

ആധാര്‍ കാര്‍ഡ് റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്തതിനാല്‍ റേഷന്‍ ധാന്യങ്ങള്‍ ലഭിക്കാതെ ഝാര്‍ഖണ്ഡില്‍ പട്ടിണി മരണങ്ങളുണ്ടായ സംഭവങ്ങള്‍ കശ്മീരിലും ആവര്‍ത്തിക്കുമെന്ന് വിദഗ്ധര്‍ ആശങ്കപ്പെടു്‌നനു. ആധാര്‍ കാര്‍ഡും ഫാമിലി കാര്‍ഡും ലഭിക്കാത്തവര്‍ റേഷന്‍ പോലുള്ള സാമൂഹിക സുരക്ഷാ പദ്ധതികളില്‍ നിന്ന് പുറത്തുപോകേണ്ട അവസ്ഥയുണ്ടാകും.

പ്രാദേശികമായി ജനങ്ങളുടെ വിവരം ശേഖരിക്കുന്നതിനാല്‍ തിരഞ്ഞെടുപ്പില്‍ സ്വാധീനിക്കാനുള്ള ശ്രമമുണ്ടാകും. ജനങ്ങളുടെ സാമ്പത്തിക സ്ഥിതി അറിഞ്ഞ് തിരഞ്ഞെടുപ്പ് സ്വാധീനങ്ങള്‍ ചെലുത്താനാകും. യു ഐ എ ഡി ഐ എ ശേഖരിച്ച വോട്ടര്‍ രേഖകൾ നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുച്ചേരി ബി ജെ പി ഘടകം ദുരുപയോഗം ചെയ്തതായി 2021ല്‍ മദ്രാസ് ഹൈക്കോടതിയില്‍ ഹരജിയെത്തിയിരുന്നത് ഇതിനോട് ചേര്‍ത്തുവായിക്കാം. ഇത് ഗുരുതര വിശ്വാസ വഞ്ചനയാണെന്ന് നിരീക്ഷിച്ച ഹൈക്കോടതി, അന്വേഷിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കി. വിഭജനവും നിരീക്ഷണവും ഉള്‍പ്പെടെ അനന്തമായ ദുരോപയോഗ സാധ്യതകളാണ് ഇത്തരം പദ്ധതികള്‍ക്കുള്ളതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Latest