Connect with us

Kerala

യുവ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്; സീനിയര്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസ് മുന്‍കൂര്‍ ജാമ്യം തേടി

ബോധപൂര്‍വ്വം സ്ത്രീത്വത്തെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തിട്ടില്ലെന്ന് ബെയിലിന്‍ ദാസിന്റെ വാദം.

Published

|

Last Updated

തിരുവനന്തപുരം|വഞ്ചിയൂരില്‍ യുവ അഭിഭാഷക ശ്യാമിലിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയായ സീനിയര്‍ അഭിഭാഷകന്‍ ബെയിലിന്‍ ദാസ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. തനിക്കെതിരെ ചുമത്തിയ വകുപ്പുകള്‍ നിലനില്‍ക്കുന്നില്ലെന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വാദം. ബോധപൂര്‍വ്വം സ്ത്രീത്വത്തെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തിട്ടില്ലെന്ന് ബെയിലിന്‍ ദാസ് പറയുന്നു.

ജൂനിയര്‍ അഭിഭാഷകയെ മാറ്റാന്‍ താന്‍ ആവശ്യപ്പെട്ടപ്പോള്‍ പ്രകോപിതനായി ആക്രമിച്ചുവെന്നാണ് പരാതിക്കാരി ബാര്‍ കൗണ്‍സിലിന് നല്‍കിയ പരാതി. പ്രതിയായ സീനിയര്‍ അഭിഭാഷകനെ പിടികൂടാന്‍ വൈകുന്നതില്‍ കടുത്ത അതൃപ്തിയിലാണ് കുടുംബം. ബെയിലിന്‍ ദാസിനെ അഭിഭാഷക മര്‍ദ്ദിച്ചെന്ന ബാര്‍ അസോസിയഷന്‍ സെക്രട്ടറിയുടെ പ്രസ്താവന കള്ളമാണെന്നും കുടുംബം പറഞ്ഞു. യുവ അഭിഭാഷക ശ്യാമിലിയ്‌ക്കെതിരെ ഇന്നലെയാണ് ബാര്‍ അസോസിയേഷന്‍ സെക്രട്ടറി ജി മുരളീധരന്റെ ഗുരുതര ആരോപണം.

അതേസമയം ബാര്‍ അസോസിയേഷന്‍ സെക്രട്ടറി കള്ളം പ്രചരിപ്പിക്കുകയാണെന്നും ജാമ്യം കിട്ടാനുള്ള പ്രചാരണമാണിതെന്നും ശ്യാമിലി മര്‍ദ്ദിച്ചിട്ടുണ്ടെങ്കില്‍ തെളിവ് ഹാജരാക്കട്ടെ എന്നും യുവതിയുടെ മാതാവ് വസന്ത പറഞ്ഞു. സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും പ്രതിയെ പിടികൂടാനാകാത്തതില്‍ വിഷമമുണ്ടെന്നും കുടുബം കൂട്ടിച്ചേര്‍ത്തു. പ്രതിക്കായി അന്വേഷണം തുടരുകയാണെന്ന് വഞ്ചിയൂര്‍ പോലീസ് വ്യക്തമാക്കി.

യുവ അഭിഭാഷക ശ്യാമിലിയെ ക്രൂരമായി മര്‍ദ്ദിച്ച മുതിര്‍ന്ന അഭിഭാഷകന്‍ ബെയ്ലിന്‍ ദാസിനെ അറസ്റ്റ് ചെയ്യാത്തിതിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്തെത്തി. പാര്‍ട്ടി ബന്ധുവായ പ്രതിയെ രക്ഷിക്കാനാണ് പോലീസും സര്‍ക്കാറും ശ്രമിക്കുന്നതെന്ന് വിഡി സതീശന്‍ ആരോപിച്ചു. സ്ത്രീത്വത്തെ അധിക്ഷേപിച്ചതിനു പുറമെ തൊഴിലിടത്ത് അപമര്യാദയായി പെരുമാറിയെന്ന വിഷയവും ഇതിലുണ്ട്. എന്നാല്‍ പോലീസും സര്‍ക്കാരും ഒരു നടപടിയും സ്വീകരിക്കുന്നില്ല.

തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിയായി മത്സരിച്ച ആളാണ് പ്രതിയായ ബെയ്ലിന്‍ ദാസ്. പ്രതിയെ സംരക്ഷിക്കാന്‍ അരയും തലയും മുറുക്കി രംഗത്ത് ഇറങ്ങിയിരിക്കുന്നവര്‍ക്കും ഭരണകക്ഷിയുമായി അടുത്ത ബന്ധമുണ്ട്. എന്ത് ക്രിമിനല്‍ പ്രവര്‍ത്തനം നടത്തിയാലും പാര്‍ട്ടി ബന്ധുവാണെങ്കില്‍ രക്ഷപ്പെടുത്തുമെന്ന പതിവ് രീതിയാണ് ഈ വിഷയത്തിലും സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആക്രമണത്തിന് ഇരയായ അഭിഭാഷകയുമായി സംസാരിച്ചു. അവര്‍ നടത്തുന്ന നിയമ പോരാട്ടത്തിന് കോണ്‍ഗ്രസും യു ഡി എഫും പൂര്‍ണ പിന്തുണ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും വിഡി സതീശന്‍ വ്യക്തമാക്കി.

 

Latest