Kerala
യുവ അഭിഭാഷകയെ മര്‍ദിച്ച സീനിയര്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസ് അറസ്റ്റിൽ
ഒളിവിൽ പോയ പ്രതിയെ പിടിച്ചത് രണ്ടാം നാൾ

തിരുവനന്തപുരം|വഞ്ചിയൂരില്‍ യുവ അഭിഭാഷക ശ്യാമിലിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പ്രതിയായ സീനിയര്‍ അഭിഭാഷകന്‍ ബെയിലിന്‍ ദാസ് പിടിയിലായി. തിരുവനന്തപുരം സ്റ്റേഷൻ കടവിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇയാൾക്കെതിരെ കേസെടുത്തിരുന്നു. പ്രതി നൽകിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷന്‍സ് കോടതിയുടെ പരിഗണനയിലാണ്. മർദനത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ രണ്ടാം നാളാണ് പിടിച്ചത്.
വഞ്ചിയൂര്‍ കോടതിയിലെ ജൂനിയര്‍ വനിതാ അഭിഭാഷക അഡ്വ. ശ്യാമിലി ജസ്റ്റിന് ചൊവ്വാഴ്ട ഉച്ചക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ കുറ്റാരോപിതനായ സീനിയര്‍ അഭിഭാഷകന്‍ ബെയ്ലിന്‍ ദാസിനെ ബാർ അസ്സോസിയേഷൻ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
മുഖത്ത് ക്രൂരമായി മര്‍ദിച്ചതിന്റെ പാടുകളുണ്ടായിരുന്നു. മര്‍ദിച്ചതിന്റെ കാരണം കൃത്യമായി അറിയില്ലെന്നാണ് ശ്യാമിലി പറയുന്നത്. പുതിയതായി വന്ന ജൂനിയറിനോട് തന്റെ കാര്യത്തില്‍ ഇടപെടരുതെന്ന് പറയാന്‍ ബെയിലിനോട് ശ്യാമിലി ആവശ്യപ്പെട്ടതാണ് ബെയ്ലിനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. അക്രമത്തില്‍ വഞ്ചിയൂര്‍ പോലീസിനും ബാര്‍ അസോസിയേഷനും ശ്യാമിലി പരാതി നല്‍കിയിരുന്നു.
തനിക്കെതിരെ ചുമത്തിയ വകുപ്പുകള്‍ നിലനില്‍ക്കുന്നില്ലെന്നാണ് പ്രതി നൽകിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വാദം. ബോധപൂര്‍വം സ്ത്രീത്വത്തെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തിട്ടില്ലെന്നും ബെയിലിന്‍ ദാസിൻ്റെ ജാമ്യാപേക്ഷയിലുണ്ട്.
പ്രതിയായ സീനിയര്‍ അഭിഭാഷകനെ പിടികൂടാന്‍ വൈകിയതില്‍ കടുത്ത അതൃപ്തിയിലായിരുന്നു കുടുംബം. ബെയിലിന്‍ ദാസിനെ അഭിഭാഷക മര്‍ദിച്ചെന്ന ബാര്‍ അസോസിയഷന്‍ സെക്രട്ടറിയുടെ പ്രസ്താവന കള്ളമാണെന്നും കുടുംബം പറഞ്ഞു.
യുവ അഭിഭാഷക ശ്യാമിലിയെ ക്രൂരമായി മര്‍ദിച്ച മുതിര്‍ന്ന അഭിഭാഷകന്‍ ബെയ്ലിന്‍ ദാസിനെ അറസ്റ്റ് ചെയ്യാത്തിതിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. പാര്‍ട്ടി ബന്ധുവായ പ്രതിയെ രക്ഷിക്കാനാണ് പോലീസും സര്‍ക്കാറും ശ്രമിക്കുന്നതെന്നായിരുന്നു വി ഡി സതീശന്‍ ആരോപിച്ചു.