National
രാജ്യദ്രോഹക്കേസ്: മാധ്യമപ്രവർത്തകരുടെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി
ഓപറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട ലേഖനത്തിന് സിദ്ധാര്‍ഥ് വരദരാജനും കരണ്‍ ഥാപ്പറിനുമെതിരെയാണ് കേസ്

ദിസ്പുര്‍ | ലേഖനമെഴുത്തിൻ്റെ പേരിൽ അസം പോലീസെടുത്ത രാജ്യദ്രോഹക്കേസില്‍ മാധ്യമ പ്രവര്‍ത്തകരായ സിദ്ധാര്‍ഥ് വരദരാജൻ്റെയും കരണ്‍ ഥാപ്പറിൻ്റെയും അറസ്റ്റ് താത്കാലികമായി തടഞ്ഞ് സുപ്രീംകോടതി. അടുത്ത മാസം 15 വരെയാണ് ഇടക്കാല സംരക്ഷണമെന്ന നിലയിൽ അറസ്റ്റ് തടഞ്ഞത്. എല്ലാവരും കോടതി ഉത്തരവ് പാലിക്കുമെന്ന് കരുതുന്നുവെന്ന് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു.
ഇടക്കാല സംരക്ഷണം സുപ്രീം കോടതി നല്‍കിയതിന് ശേഷവും പുതിയ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് മാധ്യമ പ്രവര്‍ത്തകരുടെ അഭിഭാഷക സുപ്രീം കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് രണ്ടാമത്തെ കേസിലെയും അറസ്റ്റ് സുപ്രീം കോടതി തടഞ്ഞത്. ഇരുവരും അന്വേഷണവുമായി സഹകരിക്കണമെന്നും നിര്‍ദേ ശിച്ചാണ് സുപ്രീം കോടതി വിധി.
ഭാരതീയ ന്യായ സംഹിതയിലെ 152 വകുപ്പ് അനുസരിച്ചാണ് അസം പോലീസ് ഇരുവർക്കുമെതിരെ രാജ്യദ്രാഹക്കുറ്റം ചുമത്തി കേസെടുത്തത്. ഓപറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് എഴുതിയ ലേഖനത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു കേസ്.