International
അഫ്ഗാനിസ്ഥാനിൽ വീണ്ടും ശക്തമായ ഭൂകമ്പം; രക്ഷാപ്രവർത്തനം തടസ്സപ്പെട്ടു; മരണസംഖ്യ 1400 കവിഞ്ഞു
ചൊവ്വാഴ്ച റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം കൂടുതൽ നാശനഷ്ടങ്ങൾക്കും മരണങ്ങൾക്കും കാരണമാകുമെന്ന് ആശങ്കയുയർത്തുന്നു.

കാബൂൾ | കഴിഞ്ഞ ഞായറാഴ്ച 1,400-ൽ അധികം പേരുടെ മരണത്തിന് കാരണമായ വൻ ഭൂകമ്പത്തിന് പിന്നാലെ അഫ്ഗാനിസ്ഥാന്റെ തെക്ക്-കിഴക്കൻ മേഖലയിൽ വീണ്ടും ശക്തമായ ഭൂചലനം. ചൊവ്വാഴ്ച റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം കൂടുതൽ നാശനഷ്ടങ്ങൾക്കും മരണങ്ങൾക്കും കാരണമാകുമെന്ന് ആശങ്കയുയർത്തുന്നു.
ഞായറാഴ്ച രാത്രിയുണ്ടായ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ അതേ ആഴത്തിലാണ് (10 കിലോമീറ്റർ) ചൊവ്വാഴ്ചത്തെ ഭൂചലനവുമുണ്ടായത്. ഈ മേഖലയിലെ ഗ്രാമങ്ങളിലെ വീടുകൾ പൂർണ്ണമായും തകർത്ത് സമീപകാലത്തെ ഏറ്റവും വലിയ ഭൂകമ്പങ്ങളിൽ ഒന്നായിരുന്നു ഞായറാഴ്ചത്തേത്.
ചൊവ്വാഴ്ചത്തെ ഭൂകമ്പം രക്ഷാപ്രവർത്തനങ്ങളെ തടസ്സപ്പെടുത്തി. മലമുകളിൽ നിന്ന് പാറകൾ ഇടിഞ്ഞുവീണത് റോഡുകൾ തടസ്സപ്പെടുത്തുകയും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുക്കുന്നത് അപകടകരമാക്കുകയും ചെയ്തെന്ന് സഫിയുള്ള നൂർസായ് എന്ന ദുരിതാശ്വാസ പ്രവർത്തകൻ പറഞ്ഞു. പുതിയ ഭൂകമ്പത്തിൽ കൂടുതൽ ആളുകൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇത് മരണസംഖ്യ വർദ്ധിപ്പിക്കുമെന്നും നൂർസായ് കൂട്ടിച്ചേർത്തു.
ദുർഘടമായ ഭൂപ്രകൃതി ഒറ്റപ്പെട്ട ഗ്രാമങ്ങളിലെ രക്ഷാപ്രവർത്തനങ്ങളെ ഗുരുതരമായി ബാധിക്കുന്നുണ്ട്. ഭൂകമ്പം നാശം വിതച്ച പ്രദേശങ്ങൾ സന്ദർശിച്ച ഒരു റോയിട്ടേഴ്സ് പത്രപ്രവർത്തകൻ, അവിടെയുള്ള എല്ലാ വീടുകളും തകർന്നിട്ടുണ്ടെന്നും ആളുകൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷാപ്രവർത്തനം നടത്തുകയാണെന്നും റിപ്പോർട്ട് ചെയ്തു. രണ്ടാമത്തെ ഭൂകമ്പത്തിൽ ഭാഗികമായി തകർന്ന വീടുകൾ പൂർണ്ണമായി തകർന്നതായി പ്രദേശവാസികൾ പറയുന്നു.
താലിബാൻ ഭരണകൂടം ഔദ്യോഗികമായി പുറത്ത് വിട്ട കണക്കുകൾ പ്രകാരം മരണ സംഖ്യ 1,411 ആണ്. 3,124 പേർക്ക് പരുക്കേറ്റു. 5,400ൽ അധികം വീടുകൾ തകർന്നു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് അഫ്ഗാനിസ്ഥാനിലെ യുഎൻ കോർഡിനേറ്റർ അറിയിച്ചു.