Connect with us

Alappuzha

കടൽ കലിതുള്ളി; ആറാട്ടുപുഴയും തൃക്കുന്നപ്പുഴയും ദുരിതത്തിൽ 

തീരദേശ റോഡിലെ ഗതാഗതത്തെയും കടലാക്രമണം ബാധിച്ചു.

Published

|

Last Updated

ആറാട്ടുപുഴ | കടൽക്ഷോഭം കൂടുതൽ ശക്തി പ്രാപിക്കുന്നത് ആറാട്ടുപുഴ, തൃക്കുന്നപ്പുഴ തീരവാസികളെ ഭീതിയിലാഴ്ത്തുന്നു. തീരദേശ റോഡും നിരവധി കച്ചവട സ്ഥാപനങ്ങളും വീടുകളും കടലാക്രമണ ഭീഷണിയിലാണ്. ദുർബല പ്രദേശങ്ങളിൽ കടൽഭിത്തി വലിയ അപകടാവസ്ഥയിലാണുള്ളത്. തീരദേശ റോഡിലെ ഗതാഗതത്തെയും കടലാക്രമണം ബാധിച്ചു.

വലിയഴീക്കൽ, പെരുമ്പള്ളി, എം ഇ എസ് ജംഗ്ഷൻ എന്നിവിടങ്ങളിലാണ് കൂടുതൽ അപകടാവസ്ഥ. തീരദേശ റോഡിലേക്ക് മണൽ അടിച്ച് കയറുന്നത് ഗതാഗതത്തെ ബാധിക്കുന്നുണ്ട്. പലയിടത്തും റോഡിൽ വെള്ളം കെട്ടി നിൽക്കുന്നുണ്ട്. കടൽ ഇനിയും കലിതുള്ളിയാൽ ഗതാഗതം പൂർണമായും തടസപ്പെടും. വലിയഴീക്കൽ പാലത്തിലേക്ക് കയറുന്ന ഭാഗത്തും എം ഇ എസ് ജംഗ്ഷൻ, കാർത്തിക ജംഗ്ഷൻ  റോഡ് എന്നിവ മണ്ണിൽ മൂടി. കാർത്തിക ജംഗ്ഷന് തെക്കുവശം, എ സി പള്ളി ജംഗ്ഷൻ മുതൽ വടക്ക്, രാമഞ്ചേരി, തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പ്രണവം നഗർ, ചേലക്കാട്, പാനൂർ തുടങ്ങിയ സ്ഥലങ്ങളിലും കടലാക്രമണം കൂടുതൽ  ദുരിതം വിതച്ചു.

വലിയഴീക്കൽ ഭാഗത്ത് വലിയ നാശമാണ് ഉണ്ടായിരിക്കുന്നത്. ഇവിടെ  തീരദേശ റോഡ് ഏതുനിമിഷവും കടലെടുക്കുന്ന അവസ്ഥയിലാണ്. ആറാട്ടുപുഴ ബസ് സ്റ്റാൻഡ് ഭാഗത്ത് മുപ്പതോളം കടകൾ തകർച്ചാഭീഷണിയിലാണ്. യുദ്ധകാലാടിസ്ഥാനത്തിൽ പ്രതിരോധ നടപടികൾ ഉണ്ടായില്ലെങ്കിൽ തീരദേശ മേഖലയിൽ കനത്ത നാശമാണ് ഉണ്ടാകുക.
---- facebook comment plugin here -----