Connect with us

editorial

സത്യപാല്‍ മാലിക് സി ബി ഐയുടെ പുതിയ 'ഇര'

അഴിമതിയല്ല പ്രശ്‌നം, പുല്‍വാമ തീവ്രവാദി ആക്രമണത്തെക്കുറിച്ച് സത്യപാല്‍ മാലിക് നടത്തിയ ചില വെളിപ്പെടുത്തലുകളെ ചൊല്ലിയാണ് സി ബി ഐ അദ്ദേഹത്തെ വേട്ടയാടുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒരു മാധ്യമവുമായുള്ള അഭിമുഖത്തിലാണ് 40 ഇന്ത്യന്‍ ജവാന്മാര്‍ കൊല്ലപ്പെട്ട പുല്‍വാമ സംഭവം സുരക്ഷാ വീഴ്ച മൂലമാണ് സംഭവിച്ചതെന്ന് സത്യപാല്‍ മാലിക് തുറന്നു പറഞ്ഞത്.

Published

|

Last Updated

ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനെയാണ് കേന്ദ്ര ഏജന്‍സി ഇപ്പോള്‍ വട്ടമിട്ടു പറക്കുന്നത്. അദ്ദേഹവുമായി ബന്ധപ്പെട്ട മുപ്പതോളം കേന്ദ്രങ്ങളില്‍ സി ബി ഐ റെയ്ഡ് നടത്തുകയുണ്ടായി കഴിഞ്ഞ ദിവസം. ജമ്മുകശ്മീര്‍ ജലവൈദ്യുതി അഴിമതിക്കേസുമായി ബന്ധപ്പെട്ടാണത്രെ റെയ്ഡ്. കേസുമായി ബന്ധപ്പെട്ട് ജമ്മുവിലും ഡല്‍ഹിയിലുമായി എട്ട് കേന്ദ്രങ്ങളില്‍ കഴിഞ്ഞ മാസം റെയ്ഡ് നടന്നിരുന്നു.

എന്നാല്‍ അഴിമതിയല്ല പ്രശ്നം, പുല്‍വാമ തീവ്രവാദി ആക്രമണത്തെക്കുറിച്ച് സത്യപാല്‍ മാലിക് നടത്തിയ ചില വെളിപ്പെടുത്തലുകളെ ചൊല്ലിയാണ് സി ബി ഐ അദ്ദേഹത്തെ വേട്ടയാടുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒരു മാധ്യമവുമായുള്ള അഭിമുഖത്തിലാണ് 40 ഇന്ത്യന്‍ ജവാന്മാര്‍ കൊല്ലപ്പെട്ട പുല്‍വാമ സംഭവം സുരക്ഷാ വീഴ്ച മൂലമാണ് സംഭവിച്ചതെന്ന് സത്യപാല്‍ മാലിക് തുറന്നു പറഞ്ഞത്. തീവ്രവാദി ആക്രമണം പതിവായ കശ്മീരില്‍ റോഡ് മാര്‍ഗം സൈനികരെ കൊണ്ടുപോകുന്നത് സുരക്ഷിതമല്ലെന്നും അവരുടെ യാത്രക്ക് വിമാനം അനുവദിക്കണമെന്നും സി ആര്‍ പി എഫ് ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അത് നിരസിക്കുകയായിരുന്നു. വിമാനം അനുവദിച്ചിരുന്നുവെങ്കില്‍ സൈനികരുടെ കൂട്ടമരണം ഒഴിവാക്കാമായിരുന്നുവെന്നും മാലിക് നിരീക്ഷിച്ചു.

2019 ഫെബ്രുവരി 14നാണ് പുല്‍വാമയില്‍ സി ആര്‍ പി എഫ് വാഹനവ്യൂഹത്തിനു നേരേ തീവ്രവാദി ആക്രമണം നടന്നത്. 2,500ഓളം വരുന്ന സി ആര്‍ പി എഫ് ജവാന്മാര്‍ 78 ബസുകളിലായി ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് സഞ്ചരിക്കുന്നതിനിടെ, ദേശീയ പാത 44ല്‍ അവന്തിപുരക്കടുത്ത് വെച്ച് സ്ഫോടക വസ്തുക്കള്‍ നിറച്ച സ്‌കോര്‍പിയോ വാന്‍ സൈനിക വാഹന വ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നുവെന്നാണ് ഔദ്യോഗിക വിശദീകരണം. ഉഗ്രസ്ഫോടനത്തില്‍ ചിന്നിച്ചിതറിയ ബസിലെ 40 ജവാന്മാര്‍ തത്ക്ഷണം മരണപ്പെട്ടു.
സംഭവത്തിനു ശേഷം ആഭ്യന്തര മന്ത്രാലയത്തിനു സംഭവിച്ച വീഴ്ചയെക്കുറിച്ച് സത്യപാല്‍ മാലിക് പ്രധാനമന്ത്രി മോദിയെ ധരിപ്പിച്ചപ്പോള്‍, ഇക്കാര്യം മറ്റൊരാളോടും മിണ്ടിപ്പോകരുതെന്നായിരുന്നുവത്രെ ഉത്തരവ്. വിഷയം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി സംസാരിച്ചപ്പോഴും സമാന പ്രതികരണമാണുണ്ടായതെന്ന് സത്യപാല്‍ മാലിക് പറയുന്നു. 2019ലെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിലാണ് പുല്‍വാമയും അതിന് തിരിച്ചടിയെന്നോണം ബാലാക്കോട്ട് ആക്രമണവും നടന്നത്. സാമ്പത്തിക മേഖലയിലെ സര്‍ക്കാറിന്റെ പിടിപ്പുകേട്, കര്‍ഷകര്‍ക്കിടയിലെ കടുത്ത അസംതൃപ്തി, റാഫേല്‍ വിമാന ഇടപാടിലെ അഴിമതി തുടങ്ങിയ പ്രശ്നങ്ങളില്‍ കേന്ദ്ര സര്‍ക്കാറും ബി ജെ പിയും കടുത്ത പ്രതിസന്ധിയിലായിരുന്നു ഈ സന്ദര്‍ഭത്തില്‍. പുല്‍വാമയും ബാലാക്കോട്ടുമാണ് പിന്നീട് രാഷ്ട്രീയ അടിയൊഴുക്കിന്റെ ഗതിമാറ്റിയതും ബി ജെ പി പൂര്‍വോപരി ശക്തിയോടെ അധികാരത്തില്‍ തിരിച്ചെത്തിയതും.

സത്യപാല്‍ മാലിക് ഒരു കാര്യത്തിലും സ്ഥിരതയില്ലാത്ത വ്യക്തിയാണെന്ന് കുറ്റപ്പെടുത്തി ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചതല്ലാതെ, അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകള്‍ ഉയര്‍ത്തിയ സംശയങ്ങളില്‍ വ്യക്തമായ വിശദീകരണം നല്‍കാന്‍ ആഭ്യന്തര മന്ത്രാലയത്തിന് ഇന്ന് വരെ ആയിട്ടില്ല. കശ്മീരില്‍ വന്‍ സൈനിക സന്നാഹവും ‘മികച്ച’ ഇന്റലിജന്‍സ് സംവിധാനവുമുണ്ടായിട്ടും ‘തീവ്രവാദി’കള്‍ക്ക് സുഗമമായി ഇത്ര വലിയൊരു ആക്രമണം നടത്താന്‍ എങ്ങനെ സാധിച്ചു? സൈന്യം ജാഗരൂകരായി നിലകൊള്ളുന്ന കാശ്മീര്‍ താഴ്വരയില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച സ്‌കോര്‍പിയോയുമായി 10-12 ദിവസങ്ങള്‍ എങ്ങനെ അവിടെ ചുറ്റിക്കറങ്ങാനായി? ട്രക്ക് ഡ്രൈവര്‍ക്ക് തീവ്രവാദ ബന്ധമുണ്ടായിട്ടും ഇന്റലിജന്‍സിന് അത് കണ്ടെത്താന്‍ കഴിയാതെ പോയതെന്തുകൊണ്ട് തുടങ്ങിയ കാര്യങ്ങളില്‍ ഇരുട്ടില്‍ തപ്പുകയാണ് എന്‍ ഐ എ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാറിനെയും വിമര്‍ശിക്കുന്നവരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സി ബി ഐ, എന്‍ ഐ എ തുടങ്ങി കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടി നിശബ്ദരാക്കുകയോ ബി ജെ പിയിലെത്തിക്കുകയോ ചെയ്യുന്ന ജനാധിപത്യ വിരുദ്ധവും പ്രതിലോമകരവുമായ നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ നിരന്തരം തുടര്‍ന്നു വരുന്നത്. അജിത് പവാര്‍, ഹസന്‍ മുശ്രിഫ്, പ്രഫുല്‍ പട്ടേല്‍, സുവേന്ദു അധികാരി, ഹിമന്ദ ബിശ്വകര്‍മ, ജോതിരാദിത്യ സിന്ധ്യ, അശോക് ചവാന്‍ എന്നിങ്ങനെ കേന്ദ്ര ഏജന്‍സികളെക്കൊണ്ട് പൊറുതി മുട്ടിച്ച് ബി ജെ പിയിലെത്തിച്ച നേതാക്കളുടെ നിര നീണ്ടതാണ്.

എന്‍ സി പിയിലായിരിക്കെ സാമ്പത്തിക കുറ്റത്തിന് ഇ ഡിയുടെ അന്വേഷണം നേരിട്ടിരുന്ന അജിത് പവാറും ഹസന്‍ മുശ്രിഫും പ്രഫുല്‍ പട്ടേലും ബി ജെ പിയില്‍ ചേക്കേറിയതോടെ അന്വേഷണം മരവിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ്സിലായിരിക്കെ ശാരദാ ചിട്ടി ഫണ്ട് കേസില്‍ അന്വേഷണത്തിന് വിധേയനായിരുന്ന സുവേന്ദു അധികാരി ബി ജെ പിയില്‍ എത്തിയതോടെ കേസന്വേഷണം നിലച്ചു. ഇതേ കേസില്‍ അന്വേഷണം നേരിട്ടിരുന്ന മറ്റൊരു തൃണമൂല്‍ നേതാവ് മുകുള്‍ റോയിയും ബി ജെ പിയിലെത്തിയതോടെ കേസിന് എന്ത് സംഭവിച്ചു എന്നറിയില്ല. മുന്‍ അസം കോണ്‍ഗ്രസ്സ് നേതാവായിരുന്ന ഹിമന്ദ ബിശ്വകര്‍മ ജല കുംഭകോണ കേസില്‍ അന്വേഷണത്തിന് നേരത്തേ വിധേയനായിരുന്നു. ബി ജെ പിയില്‍ ചേര്‍ന്നതോടെ ഈ കേസിനും അഡ്രസില്ലാതായി. കോണ്‍ഗ്രസ്സിലായിരിക്കെ ഭൂമി വില്‍പ്പന കേസില്‍ കൃത്രിമ രേഖ സൃഷ്ടിച്ചുവെന്ന കുറ്റത്തില്‍ അന്വേഷണ വിധേയനായിരുന്ന ജോതിരാദിത്യ സിന്ധ്യ ബി ജെ പിയില്‍ ചേര്‍ന്നതോടെ കേസ് അവസാനിച്ചു.

ആദര്‍ശ് ഫ്‌ലാറ്റ് അഴിമതിക്കേസില്‍ മുഖ്യമന്ത്രി സ്ഥാനം രാജി വെക്കേണ്ടി വന്ന മുന്‍ കോണ്‍ഗ്രസ്സ് നേതാവ് അശോക് ചവാനും ബി ജെ പിയിലെത്തിയതോടെ ശുദ്ധനായി. ബി ജെ പിയില്‍ ചേര്‍ന്നാല്‍ സി ബി ഐ, ഇ ഡി കേസുകളില്‍ നിന്ന് മോചിതമാക്കാമെന്ന് ബി ജെ പി നേതൃത്വം വാഗ്ദാനം ചെയ്ത കാര്യം വിവാദ മദ്യനയ കേസില്‍ ആരോപണ വിധേയനായ ആം ആദ്മി നേതാവും ഡല്‍ഹി ഉപ മുഖ്യമന്ത്രിയുമായിരുന്ന മനീഷ് സിസോദിയ മാധ്യമങ്ങളോട് വെളിപ്പെടുത്തിയതാണ്. ഇതിന്റെയെല്ലാം തുടര്‍ച്ചയായി വേണം സത്യപാല്‍ മാലികിനെ വേട്ടയാടുന്ന സി ബി ഐ നടപടിയെയും കാണാന്‍.

 

---- facebook comment plugin here -----

Latest