Connect with us

National

സേഫ് ആന്‍ഡ് സ്‌ട്രോങ് തട്ടിപ്പുകേസ്: പ്രവീണ്‍ റാണ തിരഞ്ഞെടുപ്പു കമ്മീഷനെയും കബളിപ്പിച്ചു

റോയല്‍ പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാനാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിച്ചു.

Published

|

Last Updated

തൃശൂര്‍ | തൃശൂരിലെ സേഫ് ആന്‍ഡ് സ്‌ട്രോങ് സാമ്പത്തിക തട്ടിപ്പുകേസില്‍ പ്രതിയായ പ്രവീണ്‍ റാണ തിരഞ്ഞെടുപ്പ് കമ്മീഷനെയും കബളിപ്പിച്ചതായി വിവരം. നിലനില്‍പ്പിനായി പ്രവീണ്‍ റാണ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിച്ചു. റോയല്‍ പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാനാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിച്ചു. യഥാര്‍ഥ സാമ്പത്തിക ശേഷിയും കേസുകളും മറച്ചുവച്ചു. ഒളിവില്‍ തുടരുകയാണ് പ്രവീണ്‍ റാണ.

രാജ്യത്തെ മണി പവറിനും മസില്‍ പവറിനും എതിരായ കൂട്ടായ്മ എന്ന പേരിലാണ് കഴിഞ്ഞ ഏപ്രിലില്‍ റോയല്‍ ഇന്ത്യാ പീപ്പിള്‍സ് പാര്‍ട്ടി രൂപവത്കരിച്ചത്. ബിസിനസിലും സിനിമയിയിലും താരമായി സ്വയം അവരോധിച്ച റാണ രാഷ്ട്രീയത്തിലും കൈവെക്കുകയായിരുന്നു. രാഷ്ട്രീയ ബന്ധങ്ങളിലൂടെ തനിക്കെതിരായ ഏത് നീക്കത്തെയും തടയാമെന്നായിരുന്നു റാണയുടെ കണക്കുകൂട്ടല്‍.

രാജ്യത്തെ പട്ടിണിപ്പാവങ്ങളെ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പാര്‍ട്ടി രൂപവത്കരണമെന്നാണ് രേഖകളിലുളളത്. കോടികളുടെ ആസ്ഥിയുണ്ടെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിരുന്ന റാണ പക്ഷെ, പാര്‍ട്ടി രൂപവത്കരണത്തിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ രേഖകളില്‍ കാണിച്ച സാമ്പത്തികം തീരെ കുറവായിരുന്നു.

അഞ്ച് ലക്ഷം രൂപ മാത്രമാണ് ബേങ്കില്‍ സ്വന്തമായുള്ളതെന്നാണ് വ്യക്തമാക്കിയിരുന്നത്. ഭാര്യയുടെ പേരില്‍ ഒരു ലക്ഷം രൂപയാണുള്ളതെന്നും കാണിച്ചു. തനിക്കും ഭാര്യക്കും കൂടി ആകെയുള്ളത് ഏഴ് പവന്റെ സ്വര്‍ണമാണെന്നും രേഖകളില്‍ കാട്ടി.

സേഫ് ആന്‍ഡ് സ്‌ട്രോങ് അടക്കം നിരവധി കമ്പനികളുടെ ഡയറക്ടര്‍ സ്ഥാനം വഹിച്ചിരുന്ന റാണ തനിക്ക് ഒരു പൈസയുടെ പോലും ഷെയറുകളില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷനോട് വ്യക്തമാക്കിയിരുന്നത്.

 

Latest