Connect with us

From the print

കോട്ട കാക്കാൻ ചാക്ക്

1996 മുതൽ തുടർച്ചയായി ബി ജെ പി കൈവശം വെക്കുന്ന മണ്ഡലം മൂന്നാം ഘട്ടത്തിൽ ഈ മാസം ഏഴിന് ബൂത്തിലേക്ക് പോകുമ്പോൾ പാർട്ടിക്ക് സാധാരണയിൽ കൂടുതലായ ഭയമുണ്ട്

Published

|

Last Updated

മധ്യപ്രദേശിലെ ബി ജെ പി ശക്തികേന്ദ്രത്തിലെ മണ്ഡലങ്ങളിലൊന്നാണ് മൊറേന. 1996 മുതൽ തുടർച്ചയായി ബി ജെ പി കൈവശം വെക്കുന്ന മണ്ഡലം മൂന്നാം ഘട്ടത്തിൽ ഈ മാസം ഏഴിന് ബൂത്തിലേക്ക് പോകുമ്പോൾ പാർട്ടിക്ക് സാധാരണയിൽ കൂടുതലായ ഭയമുണ്ട്. ബി ജെ പി ഏഴ് തവണ തുടർച്ചയായി വിജയിച്ച കോട്ടയിൽ കോൺഗ്രസ്സ്, ബഹുജൻ സമാജ് പാർട്ടി (ബി എസ് പി) എന്നിവകളിൽ നിന്ന് കടുത്ത വെല്ലുവിളിയാണ് ഉയരുന്നത്.

കഴിഞ്ഞ പാർലിമെന്റ് തിരഞ്ഞെടുപ്പിൽ 47.6 ശതമാനം വോട്ട് നേടി മുൻ കൃഷി മന്ത്രിയായിരുന്ന നരേന്ദ്ര സിംഗ് തോമർ വിജയിച്ചുവന്ന മണ്ഡലത്തിലെ സ്ഥിതിഗതികൾ ആകെ മാറിയിരിക്കുന്നു. 2023ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ എട്ട് നിയമസഭാ മണ്ഡലങ്ങളിൽ അഞ്ചും കോൺഗ്രസ്സാണ് നേടിയത്. സംസ്ഥാന ഭരണം പിടിച്ചെങ്കിലും ഈ മണ്ഡലത്തിലെ മൂന്ന് സീറ്റുകൾ മാത്രമാണ് ബി ജെ പിക്ക് നേടാനായത്. നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടിംഗ് പാറ്റേൺ നിലനിർത്താനായാൽ മണ്ഡലത്തിൽ മാറ്റങ്ങൾ സംഭവിക്കും. കോൺഗ്രസ്സിനൊപ്പം ബി എസ് പിയും മണ്ഡലത്തിൽ ശക്തമായ പ്രചാരണമാണ് നടത്തുന്നത്.

മുൻ എം എൽ എ ശിവമംഗൾ സിംഗ് തോമറിനെ ബി ജെ പി മത്സരിപ്പിക്കുമ്പോൾ കോൺഗ്രസ്സിനായി സത്യപാൽ സിംഗ് സികർവാർ എന്ന നീതുവാണ് കളത്തിൽ. രണ്ട് പേരും രജ്പുത് വിഭാഗക്കാരാണ്. പ്രാദേശിക വ്യവസായി രമേഷ് ഗാർഗിനെയാണ് ബി എസ് പി സ്ഥാനാർഥിയാക്കിയിരിക്കുന്നത്. വ്യാപരികളുടേയും പട്ടിക ജാതി വിഭാഗത്തിന്റേയും വോട്ട് ലക്ഷ്യമാക്കിയാണ് ബി എസ് പി സ്ഥാനാർഥിയുടെ പ്രചാരണം. പട്ടിക ജാതി വിഭാഗത്തിന് 20 ശതമാനത്തിലധികം വോട്ടുള്ള മണ്ഡലമാണിത്.

രജ്പുത് വിഭാഗങ്ങൾക്കെതിരെയുള്ള ഗുജ്ജാർ, ബ്രാഹ്മണ വോട്ടുകളും ബി എസ് പി ലക്ഷ്യംവെക്കുന്നുണ്ട്. ഇത്തവണ മണ്ഡലത്തിൽ ജാതി രാഷ്ട്രീയം ആധിപത്യം സ്ഥാപിക്കുമെന്നാണ് വോട്ടർമാർ തന്നെ വ്യക്തമാക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ അട്ടിമറി തിരുത്താൻ മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ ജാതികളിലെ കോൺഗ്രസ്സ് നേതാക്കളെ ബി ജെ പി വിലക്കെടുത്തിട്ടുണ്ട്. ആറ് തവണ എം എൽ എയും മുൻ മന്ത്രിയുമായ രാംനിവാസ് റാവത്ത്, മൊറേന മേയർ ശാരദ സോളങ്കി എന്നിവരുൾപ്പെടെ എട്ടിലധികം കോൺഗ്രസ്സ് നേതാക്കളെയാണ് അടുത്തിടെ ബി ജെ പി കൂറ് മാറ്റിയത്.

ബി ജെ പിക്കെതിരെ ബ്രാഹ്മണർക്കും ഗുജ്ജാറുകൾക്കും ഇടയിൽ വലിയ അമർഷം നിലനിൽക്കുന്നുണ്ടെന്നും അതിനാൽ മണ്ഡലത്തിലെ സ്ഥിതി ആശങ്കയിലാണെന്നും പ്രാദേശിക ബി ജെ പി നേതാവ് പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുജ്ജാർ നേതാക്കളെ പരാജയപ്പെടുത്താൻ പ്രമുഖ ബി ജെ പി നേതാവ് സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ചുവെന്നതാണ് മണ്ഡലത്തിലെ ഗുജ്ജാറുകളുടെ ബി ജെ പി രോഷത്തിന് കാരണം. ജില്ലാ ഭരണകൂടത്തിലും പോലീസിലും രജപുത്ര ഉദ്യോഗസ്ഥർ ആധിപത്യം പുലർത്തുന്നുവെന്നതും ഗുജ്ജാറുകളെ പ്രകോപിച്ചിട്ടുണ്ട്. ഈ സാഹചര്യങ്ങൾ കണക്കിലെടുത്താണ് കോൺഗ്രസ്സിൽ നിന്ന് ജാതി നോക്കി നേതാക്കളെ ചാക്കിട്ടുപിടിച്ചതെന്നും ബി ജെ പി നേതാക്കൾ തന്നെ വിശദീകരിക്കുന്നു.

കൂറുമാറ്റങ്ങൾ ഞങ്ങളെ രണ്ട് തരത്തിൽ സഹായിച്ചു. ഒന്നാമത്തേത് കോൺഗ്രസ്സിന്റെ മനോവീര്യം കുറക്കുകയും കോൺഗ്രസ്സിന് അടിത്തറ നഷ്ടപ്പെട്ടുവെന്ന സന്ദേശം വോട്ടർമാർക്കിടയിൽ പരത്താനുമായി. രണ്ടാമതായി, കൂറുമാറിയ നേതാക്കൾ അവരുടെ അംഗങ്ങളെ പോയി ബോധ്യപ്പെടുത്താൻ ചുമതല ഏൽപ്പിച്ചിട്ടുണ്ട്. ജാതി അടിസ്ഥാനത്തിൽ ബി ജെ പിയെ പിന്തുണക്കാനാണ് അവരെ എൽപ്പിച്ചിരിക്കുന്ന ദൗത്യമെന്നും പ്രദേശിക ബി ജെ പി നേതാക്കൾ വിശദീകരിക്കുന്നു.

---- facebook comment plugin here -----

Latest