International
50 പേരുമായി പറന്ന റഷ്യന്‍ വിമാനം കാണാതായി
ചൈന അതിര്‍ത്തിയോട് ചേര്‍ന്നുള്ള അമുര്‍ മേഖലയിലെ ടൈന്‍ഡ എന്ന ലക്ഷ്യസ്ഥാനത്തേക്ക് അടുക്കുമ്പോളാണ് റഡാര്‍ സ്‌ക്രീനുകളില്‍ നിന്ന് വിമാനം അപ്രത്യക്ഷമായത്

മോസ്‌കോ | റഷ്യയുടെ കിഴക്കന്‍ മേഖലയില്‍ ഏകദേശം 50 പേരുമായി ടേക്ക് ഓഫ് ചെയ്ത യാത്രാവിമാനവുമായുള്ള ബന്ധം എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ക്ക് നഷ്ടമായി. എ എന്‍ – 24 യാത്രാവിമാനവുമായുള്ള ബന്ധം നഷ്ടമായതായി പ്രാദേശിക ഗവര്‍ണര്‍ അറിയിച്ചു.
വിമാനത്തിനായി ഊര്‍ജിതമായ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സൈബീരിയ ആസ്ഥാനമായ അങ്കാറ എന്ന എയര്‍ലൈന്‍സിന്റേതാണ് വിമാനം. ചൈന അതിര്‍ത്തിയോട് ചേര്‍ന്നുള്ള അമുര്‍ മേഖലയിലെ ടൈന്‍ഡ എന്ന ലക്ഷ്യസ്ഥാനത്തേക്ക് അടുക്കുമ്പോളാണ് റഡാര്‍ സ്‌ക്രീനുകളില്‍ നിന്ന് അപ്രത്യക്ഷമായതെന്ന് പ്രാദേശിക എമര്‍ജന്‍സി മന്ത്രാലയം വ്യക്തമാക്കി.
അഞ്ച് കുട്ടികളടക്കം 43 യാത്രക്കാരും ആറ് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നതായി റീജിയണല്‍ ഗവര്‍ണര്‍ വാസിലി ഓര്‍ലോവ് ടെലിഗ്രാമിലൂടെ അറിയിച്ചു. വിമാനം കണ്ടെത്താന്‍ ആവശ്യമായ എല്ലാ സംവിധാനവും വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.