International
യുക്രൈൻ മന്ത്രിസഭാ കെട്ടിടത്തിന് നേരെ റഷ്യൻ വ്യോമാക്രമണം; മൂന്ന് മരണം
റഷ്യയിലെ എണ്ണ പൈപ്പ് ലൈൻ ആക്രമിച്ച് യുക്രൈൻ്റെ തിരിച്ചടി

കീവ് | യുക്രൈൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ വ്യോമാക്രമണങ്ങളിൽ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 18 പേര്‍ക്ക് പരുക്കേൽക്കുകയും ചെയ്തു. യുക്രൈൻ മന്ത്രിമാരുടെ ഓഫീസുകൾ സ്ഥിതി ചെയ്യുന്ന പ്രധാന സർക്കാർ കെട്ടിടം കത്തി നശിച്ചു. 800ലധികം ഡ്രോണുകളും 13 മിസൈലുകളുമാണ് റഷ്യ പ്രയോഗിച്ചതെന്നാണ് യുക്രൈന്‍ പറയുന്നത്. കെട്ടിടത്തിന്റെ മുകളിൽ തീപ്പിടിത്തമുണ്ടായതായി യുക്രേനിയൻ തലസ്ഥാനത്തെ സൈനിക ഭരണ മേധാവി തിമൂർ തകചെങ്കോ പറഞ്ഞു. കീവിലെ മന്ത്രിസഭാ കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്ന് ശക്തിയായ പുക ഉയരുന്നത് ദൃക്‌സാക്ഷികൾ കണ്ടതായി റോയിട്ടേഴ്‌സ് റിപോർട്ട് ചെയ്തു.
സർക്കാർ ആസ്ഥാനം ഉൾപ്പെടെ തലസ്ഥാനത്തെ നിരവധി കെട്ടിടങ്ങൾ അഗ്നിക്കിരയായി. നഗരത്തിൽ ഡ്രോണുകൾ വർഷിച്ചതോടെയാണ് ആക്രമണം ആരംഭിച്ചതെന്ന് കീവ് മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ പറഞ്ഞു.
കീവ് ആക്രമണത്തിന് മറുപടിയായി റഷ്യയിലെ ബ്രയാൻസ്ക് മേഖലയിലെ ഡ്രുഷ്ബ എണ്ണ പൈപ്പ് ലൈൻ യുക്രൈൻ ആക്രമിച്ചു. ഹംഗറിയിലേക്കും സ്ലൊവാക്യയിലേക്കും എണ്ണ വിതരണം ചെയ്യുന്ന ട്രാൻസിറ്റ് പൈപ്പ് ലൈനാണ് ആക്രമിച്ചത്.