Connect with us

Kerala

റോഡ് പരിപാലനത്തിൽ വീഴ്ച: മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

വീഴ്ച കണ്ടെത്തിയത് മഞ്ചേരി ഡിവിഷനിലെ പെരിന്തൽമണ്ണ ഉപവിഭാഗത്തിൽ

Published

|

Last Updated

തിരുവനന്തപുരം | റോഡ് പരിപാലനത്തിൽ വീഴ്ച വരുത്തിയ മലപ്പുറം ജില്ലയിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. നിരത്ത് വിഭാഗം മഞ്ചേരി ഡിവിഷനിലെ പെരിന്തൽമണ്ണ ഉപവിഭാഗത്തിലാണ് വീഴ്ച കണ്ടെത്തിയത്. ഇത് സംബന്ധിച്ച് പൊതു ജനങ്ങളിൽ നിന്നു ലഭിച്ച പരാതികൾ അന്വേഷിക്കാൻ നിരത്ത് വിഭാഗം ചീഫ് എൻജിനീയർക്ക് നിർദേശം നൽകിയിരുന്നു. ചീഫ് എൻജിനീയർ സമർപ്പിച്ച റിപോർട്ടിന്റെ അടിസ്ഥാനത്തിൽ നിരത്ത് വിഭാഗം മഞ്ചേരി ഡിവിഷനിലെ എക്സിക്യൂട്ടീവ് എൻജിനീയർ, പെരിന്തൽമണ്ണ ഉപവിഭാഗത്തിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, പെരിന്തൽമണ്ണ സെക്‌ഷൻ അസിസ്റ്റന്റ് എൻജിനീയർ എന്നിവരെ സസ്‌പെൻഡ് ചെയ്യാനാണ് മന്ത്രി മുഹമ്മദ് റിയാസ് നിർദേശം നൽകിയത്.

മലപ്പുറം ജില്ലയിൽ നിർമാണ പ്രവൃത്തിക്ക് തുക അനുവദിച്ചിട്ടും കൃത്യ സമയത്ത് സാ​ങ്കേതിക അനുമതി നേടി ടെണ്ടറിംഗ് നടത്താത്തതാണ് ഉദ്യോഗസ്ഥരുടെ സസ്​പെൻഷനിലേക്ക് നയിച്ചത്. പൊതുജനങ്ങൾ പരാതി ഉന്നയിച്ചപ്പോൾ ഭരണാനുമതി ലഭിച്ചില്ലെന്ന തെറ്റായ മറുപടിയാണ് ചില ഉദ്യോഗസ്ഥർ നൽകിയത്. വിശദമായ അന്വേഷണത്തിന് പൊതുമരാമത്ത് വിജിലൻസ് വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി റിയാസ് അറിയിച്ചു.

Latest