Kerala
രാജി ധാര്‍മികതയുടെ പേരില്‍ മാത്രം, പരാതി വന്നാല്‍ നിയമപരമായി നേരിടും; ആരോപണങ്ങള്‍ തള്ളി രാഹുല്‍ മാങ്കൂട്ടത്തില്‍
കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സഹായിക്കാന്‍ ധാര്‍മികതയുടെ പേരിലാണ് തന്റെ രാജി.

തിരുവനന്തപുരം | ഹൈക്കമാന്‍ഡോ സംസ്ഥാന നേതൃത്വമോ ആവശ്യപ്പെട്ടിട്ടല്ല യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതെന്നും പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. ധാര്‍മികതയുടെ പേരിലാണ് തന്റെ രാജി. സ്ഥാനം ഒഴിയാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ല. ആരോപണം ഉന്നയിച്ച യുവനടി തന്റെ അടുത്ത സുഹൃത്താണ് . ആരോപണം നിയമപരമായി നേരിടുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിയോട് പ്രതികരിച്ചു.
ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ പ്രതിപക്ഷ നേതാവുമായും കെപിസിസി പ്രസിഡന്റുമായി ദേശീയ നേതൃത്വവുമായി സംസാരിച്ചു. ആരും തന്റെ രാജി ആവശ്യപ്പെട്ടിട്ടില്ല.നീതിന്യായ സംവിധാനത്തിന് മുന്‍പില്‍ തനിക്കെതിരെ ആരും പരാതിയും നല്‍കിയിട്ടില്ല.. കുറ്റം ചെയ്തത് കൊണ്ടല്ല, കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സഹായിക്കാന്‍ ധാര്‍മികതയുടെ പേരിലാണ് തന്റെ രാജി. ഈ സര്‍ക്കാരിന്റെ കൊള്ളരുതായ്മകള്‍ക്കെതിരെ ഇനിയും ആഞ്ഞടിക്കും. സൈബറിടത്തിലും തെരുവിലും പ്രക്ഷോഭങ്ങളിലും മാധ്യമങ്ങളിലും ആഞ്ഞടിക്കും. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഒറ്റയ്ക്ക് പോരാടുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
യുവനടി എന്നെ കുറിച്ചാണ് പറഞ്ഞത് എന്ന് ഞാന്‍ വിചാരിക്കുന്നില്ല. വിശ്വസിക്കുന്നുമില്ല. എന്റെ പേര് പറഞ്ഞിട്ടില്ല എന്നാണ് മനസിലാക്കുന്നത്. മാധ്യമങ്ങളാണ് എന്റെ പേര് നല്‍കിയത്. നീതിന്യായ സംവിധാനങ്ങളില്‍ ഞാന്‍ എന്റെ നിരപരാധിത്വം തെളിയിക്കം. ഇന്നത്തെ കാലത്ത് ഓഡിയോ ക്ലിപ്പ് സാധ്യമല്ലാത്ത കാര്യമല്ല. ഗര്‍ഭച്ഛിദ്രം നടത്താന്‍ ഞാന്‍ നിര്‍ബന്ധിച്ചു എന്ന പരാതി വന്നിട്ടുണ്ടോ? ഗര്‍ഭച്ഛിദ്രം നടത്താന്‍ പ്രേരിപ്പിച്ചു എന്ന പരാതി ഏതെങ്കിലും വ്യക്തി പറഞ്ഞിട്ടുണ്ടോ? ആരും പരാതി നല്‍കിയിട്ടില്ല. പരാതി നല്‍കുമ്പോള്‍ നിരപരാധിത്വം തെളിയിക്കാന്‍ പോരാട്ടം നടത്തുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു
യുവനടിക്ക് അശ്ലീല സന്ദേശമയച്ചെന്നും പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് നയിച്ചെന്നുമുള്ള ആരോപണത്തിന് പിറകെയാണ് രാഹുലിന്റെ രാജി. അതേ സമയം യുവ നടി രാഹുലിന്റെ പേര് പറഞ്ഞിരുന്നില്ല. ഒരു വ്യക്തിയോടല്ല യുദ്ധമെന്നും ആരോപണ വിധേയന്റെ പേര് പറയാനില്ലെന്നും യുവനടി വ്യക്തമാക്കി