Connect with us

Kerala

പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ കവരുന്നതില്‍ നിന്ന് പിന്മാറണം; സ്പീക്കർക്ക് കത്ത് നൽകി രമേശ് ചെന്നിത്തല

ഇപ്പോള്‍ നടക്കുന്ന എട്ടാം സമ്മേളന കാലയളവില്‍ മാത്രം തള്ളിയത് ആറ് അടിയന്തര പ്രമേയങ്ങളാണ്.

Published

|

Last Updated

തിരുവനന്തപുരം | പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ കവര്‍ന്നെടുക്കുന്ന നടപടികളില്‍ നിന്ന് സ്പീക്കര്‍ പിന്മാറണമെന്നാവശ്യപ്പെട്ട് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്ത് നൽകി. പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ ഹനിക്കരുത്. കേരള പിറവിക്ക് ശേഷമുള്ള അടിയന്തര പ്രമേയങ്ങളുടേയും അവ നിരാകരിച്ചതിന്റെയും ചര്‍ച്ച ചെയ്തതിന്റെയും കണക്കുകള്‍ അക്കമിട്ട് നിരത്തിയാണ് അദ്ദേഹം കത്ത് നല്‍കിയത്.

ഒരു സമ്മേളനത്തില്‍ തന്നെ പ്രതിപക്ഷത്തിന്റെ ആറ് അടിയന്തര പ്രമേയങ്ങള്‍ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെ സ്പീക്കര്‍ തള്ളിയത് ചരിത്രത്തില്‍ ഇതാദ്യമാണ്. 234 ദിവസം നിയമസഭ സമ്മേളിച്ച 13ാം കേരള നിയമസഭയില്‍ (ഉമ്മന്‍ ചാണ്ടി മന്ത്രിസഭ) 191 അടിയന്തര പ്രമേയങ്ങളില്‍ അംഗങ്ങളെ കേള്‍ക്കാതെ തള്ളിയത് ഏഴ് എണ്ണം മാത്രമാണ്. ഒന്നാം പിണറായി സര്‍ക്കാറിന്റെ 2016- 2021 കാലഘട്ടത്തിലെ 174 അടിയന്തര പ്രമേയ നോട്ടീസില്‍ അംഗത്തിന് സംസാരിക്കാന്‍ അവസരം നല്‍കാതെ തള്ളിയത് വെറും എട്ടണ്ണമാണ്. എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാറിന്റെ ഇത് വരെയുള്ള കാലയളവില്‍ (15 മത് കേരള നിയമസഭ) എട്ട് സമ്മേളനങ്ങളിലായി, ഇത് വരെ കൂടിയ 110 ദിവസങ്ങളിലായി 11 അടിയന്തിര പ്രമേയങ്ങളാണ് അംഗങ്ങള്‍ക്ക് ഒരു വാക്ക് പോലും സംസാരിക്കാന്‍ പോലും അവസരമില്ലാതെ തള്ളിയത്. അതില്‍ ഇപ്പോള്‍ നടക്കുന്ന എട്ടാം സമ്മേളന കാലയളവില്‍ മാത്രം തള്ളിയത് ആറ് അടിയന്തര പ്രമേയങ്ങളാണ്. ഇത് സഭാ ചരിത്രത്തില്‍ ആദ്യമായാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

ഇവ തള്ളിയതാകട്ടെ രാഷ്ടീയ കാരണങ്ങളാലാണ്. ഒരു മാനദണ്ഡവും അതിന് പാലിക്കപ്പെട്ടില്ലെന്നത് സഭക്ക് നാണക്കേട് ഉണ്ടാക്കുന്ന കാര്യം തന്നെയാണ്.
സ്പീക്കര്‍ സര്‍ക്കാറിന്റെ വക്താവായി മാത്രം ചുരുങ്ങരുത്. 2011 – 2016 ലെ യു ഡി എഫ് കാലഘട്ടത്തിലെ സ്പീക്കർമാർ അടിയന്തര പ്രമേയങ്ങളോട് കാട്ടിയ മാനദണ്ഡമെങ്കിലും പാലിക്കണം. എക്സിക്യൂട്ടീവിന് നിയമസഭയോടുള്ള ഉത്തരവാദിത്വം ഉറപ്പ് വരുത്തുന്നതിനുള്ള ഉപാധികളില്‍ ഒന്നാണ് അടിയന്തര പ്രമേയം. അത് പ്രതിപക്ഷത്തിന്റെ സുപ്രധാന അവകാശങ്ങളില്‍ ഒന്നാണെന്ന കാര്യം സ്പീക്കര്‍ വിസ്മരിക്കരുത്.

കേരള പിറവിക്ക് ശേഷം 1,200 അടിയന്തര പ്രമേയങ്ങളില്‍ 32 എണ്ണമാണ് സഭ ചര്‍ച്ചെക്കെടുത്തത്. അംഗങ്ങള്‍ക്ക് സംസാരിക്കാര്‍ അവസരം നല്‍കാതെ നിഷേധിച്ചത് നാമമാത്രമാണെന്നത് ശ്രദ്ധേയമാണ്. ഏറ്റവും കൂടുതല്‍ അടിയന്തിര പ്രമേയങ്ങള്‍ അംഗങ്ങള്‍ക്ക് സംസാരിക്കാന്‍ പോലും അനുമതിയില്ലാതെ തള്ളിയതിന്റെ റെക്കോര്‍ഡ് ഷംസീറിന് സ്വന്തമെന്നും കത്തില്‍ ചെന്നിത്തല ചൂണ്ടിക്കാട്ടി

 

---- facebook comment plugin here -----

Latest