Connect with us

Ongoing News

കേരള മോഡലിന് നിറം മങ്ങിയെന്ന് രമേശ് ചെന്നിത്തല

ഉമ്മന്‍ചാണ്ടിയുടെ പേരിലുള്ള അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് ഫുജൈറയില്‍ വിതരണം ചെയ്തു

Published

|

Last Updated

ഫുജൈറ | കേരള മോഡലിന് നിറം മങ്ങിയെന്നും ആരോഗ്യ- വിദ്യാഭ്യാസ രംഗങ്ങളില്‍ കേരളത്തില്‍ ഉണ്ടായ പ്രതിസന്ധി വളരെ വലുതാണെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തില്‍ യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ മികച്ച വിദ്യാഭ്യാസവും ഉചിതമായ ശമ്പളത്തോടുകൂടി ജോലിയും യുവാക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്ന പദ്ധതികള്‍ ആവിഷകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. ഫുജൈറയില്‍ ഇന്‍കാസ് സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് ദാന ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദേഹം.

കേരളത്തില്‍ പത്ത് വര്‍ഷക്കാലം ഒരു സര്‍ക്കാര്‍ ഭരിച്ചിട്ട് മയക്കുമരുന്ന് നിയന്ത്രിക്കാനായില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. കേരളത്തില്‍ വരുന്ന വാര്‍ത്തകള്‍ അസ്വസ്ഥാജനകമാണ്. നമ്മുടെ കുട്ടികളെ ലഹരിയില്‍ നിന്ന് മോചിപ്പിക്കണം. ഇതിനെതിരെയ കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണ്. അതിന് പ്രവാസികളുടെയും കുടുംബങ്ങളുടെയും പൂര്‍ണപിന്തുണ അനിവാര്യമാണ്. കേരളത്തിലെ വിദ്യാഭ്യാസ ആരോഗ്യ മേഖലകള്‍ നേരിടുന്ന വെല്ലുവിളികളും മയക്കുമരുന്നിന് അടിമകളാകുന്ന പുതിയ തലമുറയും അതുവഴി കുടുബങ്ങള്‍ നേരിടുന്ന ദുരിതവും വരച്ചുകാട്ടിയാണ് ചെന്നിത്തല പ്രസംഗിച്ചത്.

ഫുജൈറ, ദിബ്ബ, ഖോര്‍ഫഖാന്‍ മേഖലകളിലെ വിവിധ സ്‌കൂളുകളിലെ പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെയും മികവ് തെളിയിച്ച അധ്യാപകരെയും ചടങ്ങില്‍ ആദരിച്ചു. ഫുജൈറ ഇന്‍കാസ് പ്രസിഡണ്ട് ജോജു മാത്യു ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ഇന്‍കാസ് യു എ ഇ പ്രസിഡണ്ട് സുനില്‍ അസീസ്സ്, മുഹമ്മദ് ജാബിര്‍, അശോക് കുമാര്‍, ബി എ നാസര്‍, പി സി ഹംസ, ലെസ്റ്റിന്‍ ഉണ്ണി, ജി പ്രകാശ്, ജിതിഷ് നമ്പറോണ്‍, ബിജോയി ഇഞ്ചിപറമ്പില്‍, ബേബി തങ്കച്ചന്‍, സജി ചെറിയാന്‍ ഉള്‍പ്പടെയുള്ളവര്‍ സംബന്ധിച്ചു. വിവിധ കലാപരിപാടകളും ഇതോടൊപ്പം അരങ്ങേറി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരിലുള്ള ഫുജൈറയിലെ ഏറ്റവും പ്രമുഖ വിദ്യാഭ്യാസ അവാര്‍ഡാണിത്.

Latest