Pathanamthitta
പത്തനംതിട്ടയില്‍ മഴക്കെടുതികള്‍ വ്യാപകം; ഒരു മരണം, 57 വീടുകള്‍ ഭാഗികമായി തകര്‍ന്നു
വീടുകള്‍ക്കു മുകളിലേക്ക് മരം വീണ് വിവിധയിടങ്ങളിലായി രണ്ടുപേര്‍ക്ക് പരുക്കേറ്റു

പത്തനംതിട്ട | പത്തനംതിട്ട ജില്ലയില്‍ മഴക്കെടുതികള്‍ വ്യാപകം. മേപ്രാലില്‍ പൊട്ടിവീണ വൈദ്യുത കമ്പിയില്‍ തട്ടി യുവാവ് മരിച്ചു. മേപ്രാല്‍ തട്ടുതറയില്‍ വീട്ടില്‍ സി ടി റെജി (48) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തോടെയായിരുന്നു സംഭവം. മേപ്രാല്‍ ന്യൂ ഇന്ത്യ ചര്‍ച്ച് ഓഫ് ഗോഡ് പള്ളിക്ക് സമീപം പൊട്ടിവീണു കിടന്ന വൈദ്യുത കമ്പിയില്‍ നിന്നുമാണ് റെജിക്ക് വൈദ്യുതാഘാതമേറ്റത്.
വീടുകള്‍ക്കു മുകളിലേക്ക് മരം വീണ് വിവിധയിടങ്ങളിലായി രണ്ടുപേര്‍ക്ക് പരുക്കേറ്റു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റില്‍ 57 വീടുകള്‍ ഭാഗികമായി തകര്‍ന്നു. തിങ്കളാഴ്ച 17 വീടുകള്‍ ഭാഗികമായി തകര്‍ന്നിരുന്നു. മരങ്ങള്‍ കടപുഴകി വീണാണ് വീടുകള്‍ക്ക് നാശനഷ്ടം ഏറെയുണ്ടായത്. ഇന്ന് രാവിലെയും ജില്ലയുടെ പലഭാഗങ്ങളിലും ശക്തമായ കാറ്റ് വീശി.
കഴിഞ്ഞദിവസങ്ങളില്‍ പെയ്ത മഴയേ തുടര്‍ന്ന് നദികളില്‍ ജലനിരപ്പ് ഉയര്‍ന്നിരുന്നു. പമ്പാനദി ഇരുകര മുട്ടിയാണ് ഒഴുകുന്നത്. മണിമലയാറ്റിലും ജലനിരപ്പുയര്‍ന്നു. മല്ലപ്പള്ളി താലൂക്കിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായത്. 28 വീടുകള്‍ ഭാഗികമായി തകര്‍ന്നു. കോഴഞ്ചേരിയില്‍ 15, റാന്നിയില്‍ പത്ത്, അടൂരില്‍ ഒന്ന്, തിരുവല്ല മൂന്ന് എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളില്‍ വീടുകള്‍ക്കുണ്ടായ നാശനഷ്ടം. കാര്‍ഷിക മേഖലയിലും കനത്ത നാശനഷ്ടമാണ് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. കെ എസ് ഇ ബിക്ക് മരം കടപുഴകി വീണ് വൈദ്യുത തൂണുകള്‍ ഒടിഞ്ഞും കമ്പികള്‍ പൊട്ടിമാറിയതും ലക്ഷങ്ങളുടെ നഷ്ടമുണ്ടായി.
ജില്ലയിലെ മലയോര മേഖലകളില്‍ രാത്രി വൈകിയും വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മല്ലപ്പള്ളി, തിരുവല്ല താലൂക്കുകളിലായി രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. തിരുവല്ലയില്‍ തോട്ടപ്പുഴശേരി വില്ലേജിലെ നെടുമ്പ്രയാര്‍ എം ടി എല്‍ പി സ്‌കൂളിലും മല്ലപ്പള്ളിയില്‍ വെണ്ണിക്കുളം എസ് ബി എച്ച് എസ് എസിലുമാണ് ക്യാമ്പുകള്‍.