Connect with us

Kerala

രാഹുല്‍ മാറി നില്‍ക്കണം; കോണ്‍ഗ്രസിലെ വനിതാ നേതാക്കളും രംഗത്ത്

രാഹുല്‍ എംഎല്‍എ സ്ഥാനം ഒഴിയണമെന്നാണ് നേതാക്കളായ ഷാനിമോള്‍ ഉസ്മാന്‍, ദീപ്തി മേരി വര്‍ഗീസ്, ബിന്ദു കൃഷ്ണ എന്നിവരുടെ അഭിപ്രായം.

Published

|

Last Updated

കോഴിക്കോട്| ആരോപണവിധേയനായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ കോണ്‍ഗ്രസിലെ വനിതാ നേതാക്കളും. രാഹുല്‍ എംഎല്‍എ സ്ഥാനം ഒഴിയണമെന്നാണ് നേതാക്കളായ ഷാനിമോള്‍ ഉസ്മാന്‍, ദീപ്തി മേരി വര്‍ഗീസ്, ബിന്ദു കൃഷ്ണ എന്നിവരുടെ അഭിപ്രായം. രാഹുല്‍ വിഷയത്തില്‍ കോണ്‍ഗ്രസ് മാതൃകപരമായ തീരുമാനം എടുക്കുമെന്ന് ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. നിയമമോ, പരാതിയോ അല്ല, ധാര്‍മികത തന്നെയാണ് വിഷയം. മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിനും കോണ്‍ഗ്രസ് എടുക്കുന്ന പോലൊരു തീരുമാനം എടുക്കാന്‍ സാധിക്കില്ല. കോണ്‍ഗ്രസിന്റേത് വിപ്ലവകരമായ നടപടിയാണ്. രാഹുല്‍ മാറി നില്‍ക്കണമൊണ് തന്റെ നിലപാട്. സ്ത്രീകളുടെ മനസ്സാക്ഷിയോടൊപ്പം നില്‍ക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും ഷാനിമോള്‍ ഉസ്മാന്‍ കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങള്‍ ശരിയോ തെറ്റോ എന്നത് അന്വേഷണത്തില്‍ തെളിയട്ടെയെന്ന് ദീപ്തി മേരി വര്‍ഗീസ് വ്യക്തമാക്കി. ഇപ്പോള്‍ പുറത്ത് വരുന്ന ചാറ്റുകളും ശബ്ദരേഖകളുമെല്ലാം മാധ്യമങ്ങളിലൂടെയാണ് പുറത്ത് വരുന്നത്. ഇതൊക്കെ തെളിയിക്കപ്പെടേണ്ട കാര്യങ്ങളാണ്. രാഹുലിന്റെ രാജി കോണ്‍ഗ്രസിന്റെ മേലുള്ള കളങ്കമല്ല, ആര് എന്ത് തെറ്റ് ചെയ്താലും അതിന്റെ ഉത്തരവാദിത്തം അതത് വ്യക്തികള്‍ക്കാണ്. ഇതിന്റെ ബാധ്യത ഏറ്റെടുക്കേണ്ട ആവശ്യം കോണ്‍ഗ്രസിനില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തിരുത്തേണ്ടത് അതത് വ്യക്തികളാണെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വൈകാതെ പാര്‍ട്ടി ഉചിതമായ തീരുമാനമെടുക്കുമെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു. രാഹുലിനെതിരെ വന്ന ആരോപണങ്ങള്‍ ഒരു പൊതുപ്രവര്‍ത്തകനില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ആരോപണം ഉയര്‍ന്ന് 24മണിക്കൂറിനുള്ളില്‍ പാര്‍ട്ടി ആദ്യഘട്ട തീരുമാനമെടുത്തിരുന്നു. രണ്ടാം ഘട്ടത്തിലും പാര്‍ട്ടി ഉടന്‍ തീരുമാനമെടുക്കും. ജനങ്ങള്‍ക്ക് മാതൃകയാകേണ്ട വ്യക്തിയില്‍ നിന്ന് ഒരിക്കലും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. അത് അംഗീകരിക്കാന്‍ കഴിയില്ല. ഉപതെരഞ്ഞെടുപ്പിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കേണ്ട. സ്ത്രീകളുടെ സുരക്ഷയാണ് പ്രധാനമെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി.

 

Latest