Kerala
രാഹുല്‍ മാങ്കൂട്ടം എം എല്‍ എ സ്ഥാനം ഒഴിയില്ല; സസ്‌പെന്‍ഷന്‍ മതിയെന്ന നിലപാടിലേക്ക് കോണ്‍ഗ്രസ്
പാര്‍ട്ടി സമിതി അന്വേഷിച്ച ശേഷം തുടര്‍ നടപടി

തിരുവനന്തപുരം | ലൈംഗിക ചൂഷണ വിവാദത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ കോണ്‍ഗ്രസ് നടപടികളില്‍ തീരുമാനം ഇന്ന്. എം എല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ട എന്നതാണ് പാര്‍ട്ടിയിലെ ധാരണ. ഉപതിരഞ്ഞെടുപ്പുണ്ടായാല്‍ മണ്ഡലം നിലനിര്‍ത്താനാവില്ലെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
രാജിക്ക് പകരം രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഷനാണ് നീക്കം. പാര്‍ട്ടി തലത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് ലഭിച്ച ശേഷം ആവശ്യമെങ്കില്‍ പുറത്താക്കല്‍ നടപടികളിലേക്ക് നീങ്ങാമെന്നാണ് തീരുമാനം. രാവിലെ അന്തിമ തീരുമാനം എടുക്കും.
എം എല്‍ എ സ്ഥാനത്തുനിന്ന് രാജിവെക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ച നേതാക്കളും വനിതാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ അയയുകയാണ്. നിയമസഭാ കാലാവധി തീരാന്‍ ഒമ്പതു മാസം ഉണ്ടെങ്കിലും വേണമെങ്കില്‍ ഉപതിരഞ്ഞെടുപ്പു നടത്താന്‍ സാധ്യതയുണ്ടെന്നാണ് കോണ്‍ഗ്രസ്സിനു ലഭിച്ച നിയമോപദേശം. പാലക്കാട് ഉപതെരഞ്ഞെടുപ്പ് വന്നാല്‍ തിരിച്ചടിയാകും എന്ന വിലയിരുത്തല്‍ പാര്‍ട്ടി അറിയച്ചതോടെ രാജിക്ക് ശക്തമായ സമ്മര്‍ദ്ദം ഉയര്‍ത്തിയ നേതാക്കള്‍ പോലും അയഞ്ഞു. രാഹുലിനെ സസ്‌പെന്‍ഡ് ചെയ്ത് വിവാദങ്ങളെക്കുറിച്ചു അന്വേഷിക്കാന്‍ സമിതിയെ വയ്ക്കാനാണ് നീക്കം. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നുള്ള രാജിക്കൊപ്പം രാഹുലിന്റെ സസ്‌പെന്‍ഷന്‍ കൂടി ആകുമ്പോള്‍, രാഷ്ട്രീയ എതിരാളികളുടെ ആരോപണങ്ങളെ നേരിടാന്‍ കഴിയും എന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
എന്നാല്‍ സി പി എമ്മിനെതിരെ പാര്‍ട്ടി കോടതി എന്ന ആരോപണം ഉന്നയിക്കാറുള്ള യു ഡി എഫിന് പാര്‍ട്ടി അന്വേഷിക്കുമെന്ന തീരുമാനത്തിന് എങ്ങനെ മറുപടി പറയുമെന്ന ചോദ്യം ചില നേതാക്കള്‍ ഉയര്‍ത്തിയിട്ടുണ്ട്. രാഹുല്‍ എം എല്‍ എ സ്ഥാനം രാജിവച്ചില്ലെങ്കില്‍ ഈ വിഷയം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുമെന്നും അത് തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ പാര്‍ട്ടിക്ക് വലിയ ബാധ്യത ആയിരിക്കുമെന്നും പാര്‍ട്ടിയില്‍ അഭിപ്രായം ശക്തമാണ്. ദേശീയ തലത്തില്‍ ബി ജെ പി വിഷയം ഏറ്റെടുത്തതോടെ അതു രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ നീക്കങ്ങള്‍ക്കും തിരിച്ചടിയാകുമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്.