Connect with us

National

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്കുള്ള മാര്‍ച്ച് ഭരണഘടന സംരക്ഷിക്കാനുള്ള സമരം; രാഹുല്‍ ഗാന്ധി

മാര്‍ച്ചിനിടെ മഹുവ മൊയ്ത്ര ഉള്‍പ്പെടെയുള്ള എംപിമാര്‍ക്ക് ദേഹാസ്വാസ്ഥ്യം

Published

|

Last Updated

ന്യൂഡല്‍ഹി| വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആസ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യ സഖ്യം എംപിമാര്‍ നടത്തുന്ന മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധ മാര്‍ച്ച് പോലീസ് തടഞ്ഞതോടെ ബാരിക്കേഡ് ചാടിക്കടക്കാന്‍ എംപിമാര്‍ ശ്രമിച്ചു. പോലീസും എംപിമാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. രാഷ്ട്രീയ പോരാട്ടമല്ല, ഭരണഘടന സംരക്ഷിക്കാനുള്ള സമരമാണിതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്കുള്ള മാര്‍ച്ചിനെകുറിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. സത്യം രാജ്യത്തിന് മുന്നിലുണ്ടെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

ജനാധിപത്യം വിജയിക്കുമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു. പോലീസ് വാഹനത്തിലിരുന്ന് പ്രിയങ്ക ഗാന്ധി മോദി സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചു. മാര്‍ച്ചിനിടെ മഹുവ മൊയ്ത്ര ഉള്‍പ്പെടെയുള്ള എംപിമാര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. മിതാലി ബാഗ് എംപി കുഴഞ്ഞുവീണു. ചികിത്സ നല്‍കണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു.

രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, പ്രിയങ്ക ഗാന്ധി എന്നിവരടക്കം 300 ഓളം എം പിമാര്‍ പ്രതിഷേധത്തില്‍ അണിനിരന്നു. ബിഹാറിലെ എസ് ഐ ആര്‍ റദ്ദാക്കണം, രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ടര്‍പട്ടിക ക്രമക്കേട് അന്വേഷിക്കണം എന്നീ കാര്യങ്ങള്‍ ആവശ്യപ്പെട്ടാണ് ഇന്ത്യ സഖ്യം ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുന്നത്. മുപ്പത് പ്രതിപക്ഷ നേതാക്കള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂടിക്കാഴ്ചയ്ക്ക് അനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍ എല്ലാ എം പിമാരെയും കമ്മീഷന്‍ കാണണം എന്ന നിലപാടില്‍ കോണ്‍ഗ്രസ് ഉറച്ചു നില്‍ക്കുകയാണ്.

അതേസമയം വോട്ടര്‍ പട്ടിക ക്രമക്കേടില്‍ രാജ്യവ്യാപക പ്രക്ഷോഭത്തിന് രൂപം നല്‍കാന്‍ കോണ്‍ഗ്രസ് എ ഐ സി സി ജനറല്‍ സെക്രട്ടറിമാരുടെയും സംസ്ഥാന ചുമതലയുള്ള നേതാക്കന്മാരുടെയും യോഗം ഇന്ന് ചേരുന്നുണ്ട്. ഇന്ന് വൈകീട്ട് 4.30യ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയിലാണ് യോഗം. രാഹുല്‍ഗാന്ധി, സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കും. ഇന്ത്യ സഖ്യം നേതാക്കളുടെ യോഗവും ഇന്ന് വൈകീട്ട് ചേരും.

 

Latest