National
'വോട്ട്ചോരി ഡോട്ട് ഇന്‍' വെബ്സൈറ്റ്; ജനപിന്തുണ തേടി ക്യാമ്പെയ്ന് തുടക്കമിട്ടു രാഹുല്‍ ഗാന്ധി
വോട്ട് ചോര്‍ച്ചയുമായി ബന്ധപ്പെട്ട് എന്തെങ്കിലും അനുഭവമുണ്ടെങ്കില്‍ അതേപ്പറ്റി ജനങ്ങള്‍ക്ക് തുറന്നെഴുതാവുന്നതാണ്.

ന്യൂഡല്‍ഹി| രാജ്യത്ത് വോട്ട് മോഷണം നടക്കുന്നുവെന്ന ആരോപണം വാര്‍ത്താസമ്മേളനം വിളിച്ച് ജനങ്ങളെ അറിയിച്ചതിന് പിന്നാലെ ശക്തമായ നീക്കവുമായി കോണ്‍ഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ജനപിന്തുണ തേടി ക്യാമ്പെയ്ന് തുടക്കമിട്ടു. ഇതിനായി ‘വോട്ട്ചോരി ഡോട്ട് ഇന്‍’ എന്ന പേരില്‍ വെബ്സൈറ്റ് ആരംഭിച്ചു. വെബ്സൈറ്റില്‍ ‘വോട്ട് ചോരി പ്രൂഫ്, ഡിമാന്‍ഡ് ഇസി (ഇലക്ഷന്‍ കമ്മീഷന്‍) അക്കൗണ്ടബിലിറ്റി, റിപ്പോര്‍ട്ട് വോട്ട് ചോരി’ എന്നിങ്ങനെ മൂന്ന് ഒപ്ഷനുകളുണ്ട്. ഇതില്‍ വോട്ട് ചോര്‍ച്ചയുമായി ബന്ധപ്പെട്ട് എന്തെങ്കിലും അനുഭവമുണ്ടെങ്കില്‍ അതേപ്പറ്റി ജനങ്ങള്‍ക്ക് തുറന്നെഴുതാവുന്നതാണ്.
ജനങ്ങള്‍ക്കായി ഒരു സന്ദേശവും പോര്‍ട്ടലില്‍ പങ്കുവെയ്ക്കുന്നുണ്ട്. വോട്ട് ജനാധിപത്യത്തിന്റെ അടിത്തറയാണ്. എന്നാല്‍ നിലവില്‍ അത് അങ്ങനെയല്ലെന്നും സന്ദേശത്തില്‍ പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിന്തുണയോടെ ബിജെപി ഇതിനെതിരെ ആക്രമണം അഴിച്ചുവിടുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കുന്നതിനായി ബെംഗളുരു സെന്‍ട്രലില്‍ മാത്രം ഒരു ലക്ഷത്തോളം വ്യാജ വോട്ടുകളാണ് ഉണ്ടായത്.
കഴിഞ്ഞ ദിവസമായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ട് രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താസമ്മേളനം. രാജ്യത്ത് വോട്ട് മോഷണം നടക്കുന്നുണ്ടെന്നും ഹരിയാന തെരഞ്ഞെടുപ്പോടെ അത് വ്യക്തമായതാണെന്നുമായിരുന്നു രാഹുല്‍ വെളിപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട തെളിവുകളും അദ്ദേഹം പുറത്തുവിട്ടിരുന്നു.