Connect with us

National

ഹരിയാനയില്‍ വന്‍ അട്ടിമറി, 25 ലക്ഷത്തിന്റെ വോട്ടുകൊള്ള; ആരോപണവുമായി രാഹുല്‍ ഗാന്ധി

ഹരിയാനയില്‍ നടന്നത് ഓപ്പറേഷന്‍ സര്‍ക്കാര്‍ ചോരിയാണ്.

Published

|

Last Updated

ന്യൂഡല്‍ഹി| ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ 25 ലക്ഷം കള്ള വോട്ടുകള്‍ നടന്നെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി. ബിജെപിക്ക് കള്ളവോട്ടിന് എല്ലാ സഹായവും നല്‍കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്. സ്വീറ്റി, സീമ, സരസ്വതി എന്നീ വ്യത്യസ്ത പേരുകളില്‍ ഒരു യുവതി 22 പ്രാവശ്യം പത്തു ബൂത്തുകളിലായി വോട്ട് ചെയ്തെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അതിന്റെ രേഖകളും രാഹുല്‍ പുറത്തുവിട്ടു. ഇത്തരത്തില്‍ വോട്ട് ചെയ്തത് ബ്രസീലീയന്‍ മോഡല്‍ മതിയൂസ് ഫെരെരോയാണെന്നും രാഹുല്‍ പറഞ്ഞു.

വോട്ട് കൊള്ള ഏതെങ്കിലും സീറ്റുകളില്‍ മാത്രമായി സംഭവിക്കുന്നതല്ല. സംസ്ഥാനതലത്തിലും ദേശീയതലത്തിലും ആസൂത്രിതമായി നടക്കുന്നതാണ്.
കോണ്‍ഗ്രസ് ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ബിജെപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെയുള്ള രാഹുലിന്റെ രൂക്ഷവിമര്‍ശനം.

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ജയം പരാജയമാക്കിയതാണ്. എക്സിറ്റുപോളുകളും പോസ്റ്റല്‍ വോട്ടുകളുമെല്ലാം കോണ്‍ഗ്രസിന് അനുകൂലമായിരുന്നു. അവിടെ 1.18 ലക്ഷം വോട്ടാണ് കോണ്‍ഗ്രസ് – ബിജെപി വ്യത്യാസം. കോണ്‍ഗ്രസ് തോറ്റ എട്ട് മണ്ഡലങ്ങളില്‍ ആകെ വോട്ടു വ്യത്യാസം 22,729 മാത്രമാണ്. കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ വലിയ ഗൂഢാലോചന നടന്നു. ഇത് ഒരു സംസ്ഥാനം തട്ടിയെടുത്ത കഥയാണ്. ഹരിയാനയില്‍ നടന്നത് ഓപ്പറേഷന്‍ സര്‍ക്കാര്‍ ചോരിയാണ്.

ഒരു വോട്ടര്‍ ഐഡിയില്‍ ഒരാള്‍ക്ക് ഒരു മണ്ഡലത്തില്‍ മാത്രം നൂറ് വോട്ടുകളാണുള്ളത്. ഒരേ ഫോട്ടോ ഉപയോഗിച്ച് രണ്ട് പോളിങ് ബൂത്തില്‍ മാത്രം 223 വോട്ടുകള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെയാണ് രാഹുലിന്റെ വാര്‍ത്താ സമ്മേളനം. നേരത്തെ കര്‍ണാടകയിലെ വോട്ടുചോരിയുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു.