Connect with us

Uae

ജനജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ ആരാഞ്ഞ് പ്രസിഡന്റ്- ഇലോൺ മസ്‌ക് കൂടിക്കാഴ്ച

എ ഐ, സാങ്കേതികവിദ്യ സാധ്യതകൾ ചർച്ച ചെയ്തു

Published

|

Last Updated

അബൂദബി| യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാൻ അമേരിക്കൻ സംരംഭകൻ ഇലോൺ മസ്‌കുമായി കൂടിക്കാഴ്ച നടത്തി. ആധുനിക സാങ്കേതികവിദ്യ, നിർമിത ബുദ്ധി എന്നീ മേഖലകളിലെ പുതിയ മാറ്റങ്ങളും സാധ്യതകളും ഇരുവരും ചർച്ച ചെയ്തു.
ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും പുരോഗതിക്കും സാങ്കേതികവിദ്യയെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതായിരുന്നു പ്രധാന ചർച്ചാവിഷയം. ഇക്കാര്യത്തിൽ യു എ ഇയുടെ നയങ്ങളും പങ്കാളിത്തങ്ങളും കൂടിക്കാഴ്ചയിൽ വിഷയമായി. ആഗോള തലത്തിലുള്ള പങ്കാളിത്തം ഈ മേഖലയിൽ അനിവാര്യമാണെന്ന് ഇരുവരും വിലയിരുത്തി. അറിവുകൾ കൈമാറുന്നതിനും നൂതന ആശയങ്ങൾ നടപ്പിലാക്കുന്നതിനും ഡിജിറ്റൽ മാറ്റങ്ങൾ വേഗത്തിലാക്കുന്നതിനും ഇത് സഹായിക്കും.
അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാൻ, ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം, അബൂദബി ഉപഭരണാധികാരിയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് അഡ്വാൻസ്ഡ് ടെക്‌നോളജി കൗൺസിൽ ചെയർമാനുമായ ശൈഖ് തഹ്്നൂൻ ബിൻ സായിദ് അൽ നഹ്്യാൻ തുടങ്ങിയ പ്രമുഖർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ദുബൈ ലൂപ്പ് 2026ൽ
നേരത്തെ ലോക ഗവൺമെന്റ് ഉച്ചകോടിയിൽ ഇലോൺ മസ്‌ക് അവതരിപ്പിച്ച “ദുബൈ ലൂപ്പ്’ പദ്ധതി 2026ൽ പ്രവർത്തനസജ്ജമാകും. മണിക്കൂറിൽ 20,000 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള 17 കിലോമീറ്റർ ലൂപ്പാണ് വരുന്നത്. 11 സ്റ്റേഷനുകളുള്ള ഈ പാതയിലൂടെ മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ സാധിക്കും.

Latest