Kerala
കോഴിക്കോട് നഗരത്തിൽ പൊതു ഇഫ്ത്വാർ ടെൻ്റുകൾ സ്ഥാപിക്കണം: കേരള മുസ്ലിം ജമാഅത്ത്
റമസാനിലെ പ്രത്യേക പ്രാർത്ഥനകൾക്കും ഇഫ്താറിനും ദർഗാ സിയാറത്തുകൾക്കും, ഷോപ്പിംങ്ങിനുമായി ലക്ഷക്കണക്കിന് ജനങ്ങൾ റമസാനിൽ കോഴിക്കോട്ട് എത്തുന്നു
റമസാൻ കാലത്ത് കോഴിക്കോട് നഗരത്തിൽ വിവിധ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മേയർ ഒ സദാശിവന് കേരള മുസ്ലിം ജമാഅത്ത് പ്രതിനിധികൾ നിവേദനം നൽകുന്നു
കോഴിക്കോട്|കേരളത്തിലെ പകുതിയോളം വരുന്ന ജില്ലകളിലെ ജനങ്ങൾ വിവിധ ആവശ്യങ്ങൾക്ക് ആശ്രയിക്കുന്ന മലബാറിന്റെ തലസ്ഥാന നഗരിയായ കോഴിക്കോട് പട്ടണത്തിൽ റമസാൻ കാലത്ത് പൊതു ഇഫ്താർ ടെൻ്റുകൾ സ്ഥാപിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് കോർപ്പറേഷൻ അധികൃതരോട് ആവശ്യപ്പെട്ടു. കോഴിക്കോട് പട്ടണവും പരിസരവും കൂടുതൽ സജീവമാകുന്ന കാലമാണ് റമസാൻ. റമസാനിലെ പ്രത്യേക പ്രാർത്ഥനകൾക്കും ഇഫ്താറിനും ദർഗാ സിയാറത്തുകൾക്കും, ഷോപ്പിംങ്ങിനുമായി ലക്ഷക്കണക്കിന് ജനങ്ങൾ റമസാനിൽ കോഴിക്കോട്ട് എത്തുന്നു. നഗരത്തിലെ കച്ചവടക്കാരുടെയും വലിയ പ്രതീക്ഷയാണ് റമസാൻ കാലം.
കോർപ്പറേഷനും സർക്കാറിനും വലിയ വരുമാനമാണ് റമസാനിലൂടെ ലഭ്യമാകുന്നത്.
എന്നാൽ ഷോപ്പിംങ്ങിനും മറ്റ് ആവശ്യങ്ങൾക്കുമായി കുടുംബസമേതം നഗരത്തിൽ എത്തുന്നവർ ഇഫ്താറിനും മറ്റും മതിയായ സൗകര്യങ്ങില്ലാതെ റോഡുകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പരിസരങ്ങളിലും നോമ്പ് തുറക്കുകയാണ്. നഗരത്തിലെത്തുന്നവരെ അതിഥികളായി സ്വീകരിക്കൽ കോഴിക്കോട്ടുകാരുടെ പാരമ്പര്യവും സംസ്കാരിക തനിമയുമാണ്. ഈ സാഹചര്യത്തിൽ കോഴിക്കോട് ബീച്ച്, സരോവരം ബയോ പാർക്ക് പരിസരം, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡുകൾ, മെഡിക്കൽ കോളേജ്, എസ്എം സ്ട്രീറ്റ് തുടങ്ങിയ സ്ഥലങ്ങളിൽ വിവിധ മേഖലകളിലുള്ളവരെ സഹകരിപ്പിച്ച് പൊതു ഇഫ്താർ ടെൻ്റുകൾ കോർപ്പറേഷന്റെ നേതൃത്വത്തിൽ സ്ഥാപിക്കണം.
വിശുദ്ധ റമസാനിൽ രാത്രി കാല പോലീസ് പട്രോളിംഗ് സജീവമാക്കാൻ ഇടപെടുക. പൊതു ഇടങ്ങളിലെ വെളിച്ചവും ശുചിമുറി സൗകര്യങ്ങളും മെച്ചപ്പെടുത്തുക, പാർക്കിംഗ് സൗകര്യങ്ങൾ വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. സോൺ ജനറൽ സെക്രട്ടറി ടി എൻ അബ്ദുസ്സലാം, ഡോ. അമീൻ മുഹമ്മദ് സഖാഫി, എം എ നിസാർ എന്നിവരാണ് മേയർ ഒ. സദാശിവൻ, ഡെപ്യൂട്ടി മേയർ എസ്. ജയശ്രീ എന്നിവർക്ക് നിവേദനം നൽകിയത്.




