Connect with us

articles

രാഹുൽ വെല്ലുവിളിക്കുന്നത് ഡീപ് സ്റ്റേറ്റിനെ

തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നു എന്നതിനപ്പുറം ഒരു ഡീപ്പ് സ്റ്റേറ്റ് സംവിധാനം എങ്ങനെയാണ് ഇന്ത്യയിൽ രൂപപ്പെട്ടു വരുന്നത് എന്നതിന്റെ ഭയപ്പെടുത്തുന്ന തെളിവുകളാണ് രാഹുൽ രാജ്യത്തിന് മുന്നിൽ അവതരിപ്പിച്ചത്. രാജ്യം ഏറെ ഞെട്ടലോടെ കേട്ട വാർത്താ സമ്മേളനം മുഖ്യധാരാ മാധ്യമങ്ങൾ എങ്ങനെ കൈകാര്യം ചെയ്തു എന്നുകൂടി വിലയിരുത്തുന്നിടത്താണ് ഇന്ത്യയിലെ ജനാധിപത്യം എത്രമാത്രം വെല്ലുവിളികളിലൂടെയാണ് കടന്നു പോകുന്നത് എന്ന് മനസ്സിലാക്കാനാകുക.

Published

|

Last Updated

ലോകത്തെ എറ്റവും വലിയ ജനാധിപത്യ രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനത്തെയാണ് രാഹുൽ ഗാന്ധി 70 മിനുട്ട് മാത്രം നീണ്ടുനിന്ന വാർത്താ സമ്മേളനം കൊണ്ട് അനാവരണം ചെയ്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നു എന്നതിനപ്പുറം ഒരു ഡീപ്പ് സ്റ്റേറ്റ് സംവിധാനം എങ്ങനെയാണ് ഇന്ത്യയിൽ രൂപപ്പെട്ടു വരുന്നത് എന്നതിന്റെ ഭയപ്പെടുത്തുന്ന തെളിവുകളാണ് രാഹുൽ രാജ്യത്തിന് മുന്നിൽ അവതരിപ്പിച്ചത്. രാജ്യം ഏറെ ഞെട്ടലോടെ കേട്ട വാർത്താ സമ്മേളനം ജനാധിപത്യത്തിന്റെ നാലാം തൂണായി പരിഗണിക്കപ്പെടുന്ന മുഖ്യധാരയിലെ ദൃശ്യ-അച്ചടി മാധ്യമങ്ങൾ എങ്ങനെ കൈകാര്യം ചെയ്തു എന്നുകൂടി വിലയിരുത്തുന്നിടത്താണ് ഇന്ത്യയിലെ ജനാധിപത്യം എത്രമാത്രം വെല്ലുവിളികളിലൂടെയാണ് കടന്നു പോകുന്നത് എന്ന് മനസ്സിലാക്കാനാകുക. ഗോദി മീഡിയ എന്ന അടയാളക്കുറി ചാർത്തി ഇത്തരം മാധ്യമങ്ങൾ പരിഹസിക്കപ്പെടുമ്പോഴും ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ളതും ദൃശ്യപരതയുള്ളതുമായ മാധ്യമങ്ങളായി അവർ വളരുന്ന സാഹചര്യം കൂടി നമ്മുടെ ജനാധിപത്യത്തെ അപകടപ്പെടുത്തുന്നുണ്ട്.

ഇന്ത്യയിൽ തിരഞ്ഞെടുപ്പ് തോൽക്കുന്ന പാർട്ടികൾ തിരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിക്കുന്നത് അത്ര പുതുമയുള്ള ഒന്നല്ല. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ പിന്തുടരുന്ന കാലം മുതൽക്കേ ആരോപണങ്ങളുണ്ട്. പക്ഷേ കേവലമായ പത്രസമ്മേളനങ്ങളിലും ഒറ്റപ്പെട്ട പ്രസ്താവനങ്ങളിലും മാത്രമാണ് നാം ഇതുവരെ അത് കണ്ടിട്ടുള്ളത്.

എന്നാൽ കഴിഞ്ഞ ദിവസത്തെ രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളനം അങ്ങനെ ഒന്നായിരുന്നില്ല. ആറ് മാസം സമയമെടുത്ത് വോട്ടർ പട്ടിക പഠിക്കാൻ ടീമിനെ തയ്യാറാക്കി. ഗവേഷക വിദ്യാർഥിയുടെ പ്രൊഫഷനൽ അന്വേഷണ രീതിയിൽ ഒരു മണ്ഡലത്തിലെ മാത്രം പട്ടിക പഠിക്കുകയും അത് ഡിജിറ്റൽ രൂപത്തിലാക്കി ക്രമക്കേടുകൾ സാധാരണക്കാർക്ക് വരെ മനസ്സിലാകും വിധം ദൃശ്യാവതരണം നടത്തുകയും ചെയ്തു. ടെലിപ്രോംപ്റ്ററിന്റെയോ മീഡിയ മാനേജർമാരുടെ പിന്തുണയോ ഇല്ലാതെ ക്ലാസ്സെടുക്കുകയാണ് ചെയ്തത്. പണി അറിയാവുന്ന പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധി മാറിയിരിക്കുന്നു എന്നതിന്റെ ഏറ്റവും ഗംഭീരമായ അടയാളം കൂടിയായിരുന്നു വ്യാഴാഴ്ചത്തെ പത്രസമ്മേളനം. രാഹുലിന്റെ ഈ പ്രകടനം പ്രതിപക്ഷ സഖ്യത്തിന് നൽകുന്ന പ്രതീക്ഷയും ഊർജവും ചെറുതായിരിക്കില്ല. 2014 മുതൽ ഒരു ദശാബ്ദകാലമായി സംയുക്ത വാർത്താ സമ്മേളനങ്ങളിലല്ലാതെ ഒരിക്കൽപോലും മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടാൻ ധൈര്യപ്പെടാത്ത പ്രധാനമന്ത്രിക്ക് മുന്നിൽ രാഹുൽ ഗാന്ധി ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രതിപക്ഷ നേതാവായി ഇപ്പോൾ തലയുയർത്തി നിൽക്കുക കൂടി ചെയ്തിരിക്കുകയാണ്.

വിശ്വാസ്യത തെളിയിക്കേണ്ടത് ആരാണ്?
കർണാടകയിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിലെ 1,00,250 വ്യാജ വോട്ടുകൾ സൃഷ്ടിച്ചതിൽ തിരഞ്ഞെടുപ്പ് കമ്മീഷനും ബി ജെ പിയും ഒത്തുകളിച്ചുവെന്നാണ് രാഹുലിന്റെ പ്രധാന ആരോപണം. മഹാരാഷ്ട്ര, ഹരിയാന, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിലും വോട്ടർ പട്ടികയിൽ കൃത്രിമം നടന്നതായും 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടതാണെന്നും അദ്ദേഹം ആരോപിച്ചിരിക്കുകയാണ്. ഇതിന് തെളിവായി വോട്ടർ പട്ടികയിലെ കണക്ക് നിരത്തി ഡ്യൂപ്ലിക്കേറ്റ് വോട്ടർമാർ (11,965), വ്യാജ/അസാധുവായ വിലാസങ്ങൾ (40,009), ഒറ്റ വിലാസത്തിൽ ഒന്നിലധികം വോട്ടർമാർ (10,452), അസാധുവായ ഫോട്ടോകൾ (4,132), ഫോം 6-ന്റെ ദുരുപയോഗം (33,692) എന്നിവ അക്കമിട്ട് പ്രദർശിപ്പിച്ചിരിക്കുകയാണ്. മെഷീൻ-റീഡബിൾ വോട്ടർ പട്ടികകളും സി സി ടി വി രംഗങ്ങളും നൽകാത്തതിന് തിരഞ്ഞെടുപ്പ് കമ്മീഷന് നേരെ ഉന്നയിച്ച വിമർശവും രാഹുൽ പുറത്തുവിട്ട കണക്കുകളും ഇന്ത്യയിലെ ഏറ്റവും വലിയ ഭരണഘടനാ സ്ഥാപനങ്ങളിൽ ഒന്നായ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കയുണർത്തുന്നുണ്ട്. അതുകൊണ്ട് തന്നെ വിശ്വാസ്യത തെളിയിക്കാനുള്ള ബാധ്യത കമ്മീഷന്റേത് കൂടിയാണ്. എന്നാൽ രാഹുലിന്റെ ആരോപണത്തെ നിഷേധിച്ച കമ്മീഷൻ പരാതിയുണ്ടെങ്കിൽ സത്യവാങ്മൂലം നൽകാൻ ആവശ്യപ്പെടുകയും വ്യാജ തെളിവുകൾ നൽകുന്നത് ശിക്ഷാർഹമാണെന്ന പ്രസ്താവനയുടെ രൂപത്തിൽ ഭീഷണിപ്പെടുത്തുകയുമാണ് ചെയ്തിരിക്കുന്നത്.

ഡിജിറ്റൽ രൂപത്തിൽ സാമൂഹിക മാധ്യമങ്ങളിൽ അടക്കം തത്്സമയം കാണിക്കുകയും ഓൺലൈൻ ഡാറ്റാ ശേഖരത്തിൽ ഇപ്പോഴും ലഭ്യമായതുമായ വിവരങ്ങൾക്ക് തെളിവ് ചോദിക്കുന്ന കമ്മീഷൻ, പരാതിയുണ്ടെങ്കിൽ എഴുതി നൽകൂ എന്ന് പറയുന്നതിന്റെ താർക്കിക യുക്തി പരിഹസിക്കപ്പെടേണ്ടതാണ്. കാരണം രാഹുൽ സംസാരിക്കുന്നത് ഒന്നോ രണ്ടോ ആളുകളുടെ കള്ളവോട്ടിനെ കുറിച്ചല്ല, വലിയൊരു തിരഞ്ഞെടുപ്പ് അട്ടിമറിയെ കുറിച്ചാണ് എന്ന തിരിച്ചറിവെങ്കിലും കമ്മീഷന് ഉണ്ടാകേണ്ടതായിരുന്നു.

ഡീപ് സ്റ്റേറ്റ് രൂപപ്പെടുകയാണോ?
രാഷ്ട്രീയ അധികാരികൾ ജനാധിപത്യ തന്ത്രങ്ങൾ ഉപയോഗിച്ച് തന്നെ അധികാരത്തിൽ തുടരുന്ന പ്രതിഭാസത്തെ സംബന്ധിച്ച് മെക്‌സിക്കൻ രാഷ്ട്രീയ ചിന്തകനായ ആൻഡ്രിയാസ് ഷെഡ്‌ലറുടെ ഇലക്ടറൽ അതോറിറ്റേറിയനിസം എന്ന സൈദ്ധാന്തിക നിരീക്ഷണങ്ങൾക്ക് സമാനമായ രാഷ്ട്രീയ സാഹചര്യമാണ് ഇന്ത്യയിൽ ഇപ്പോൾ രൂപപ്പെട്ടു വരുന്നത് എന്നതാണ് രാഹുൽഗാന്ധിയുടെ വാർത്താ സമ്മേളനം ആത്യന്തികമായി പറഞ്ഞുവെക്കുന്നത്. പ്രത്യക്ഷത്തിൽ നിങ്ങൾക്ക് അനുഭവിക്കാനോ കാണാനോ കഴിയാത്ത നിഗൂഢമായ അധികാര കേന്ദ്രം രാജ്യത്തെ മൊത്തം നിയന്ത്രിക്കുന്ന ഭരണ സംവിധാനമായി പ്രവർത്തിക്കാൻ ഇടയുണ്ട് എന്നതിന്റെ അപായ സൂചന കൂടിയായി ഇപ്പോൾ പുറത്തുവരുന്ന തിരഞ്ഞെടുപ്പ് അട്ടിമറിയെ ഭീതിയോടെ നോക്കിക്കാണേണ്ടതുണ്ട്. ഒരു ഡീപ് സ്റ്റേറ്റിന്റെ സഞ്ചാരപഥത്തെ കൃത്യമായി വരച്ചുകാണിക്കുംവിധം ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങൾ അടക്കം അധികാര കേന്ദ്രത്തോട് അടിമത്ത സ്വഭാവത്തിൽ വിധേയപ്പെടുന്നത് ഇന്ത്യയിലെ ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.

തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് മോദി സർക്കാറിന്റെ കാലത്ത് ഉയർന്ന ആരോപണങ്ങളാണ് 2023 മാർച്ചിലെ അനൂപ് ബരൻവാൾ\ യൂനിയൻ ഓഫ് ഇന്ത്യ എന്ന കേസിലെ സുപ്രീം കോടതിയുടെ ചരിത്രപരമായ വിധിയിലേക്ക് നയിച്ചത്. അന്നുവരെ തുടർന്നു പോന്നിരുന്ന സർക്കാറിന്റെ നോമിനിയെ രാഷ്ട്രപതി സാങ്കേതികമായി നിയമിക്കുന്നു എന്ന രീതിയിൽ നിന്ന് പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സുപ്രീം കോടതി ചീഫ് ജസ്റ്റിസും ചേർന്ന സമിതിയെ ചുമതലപ്പെടുത്തിയാണ് കോടതി ഉത്തരവിറക്കിയത്. ഇത് കമ്മീഷണർമാരുടെ നിയമനത്തിൽ കൂടുതൽ വിശ്വാസ്യത കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ 2023ൽ തന്നെ സുപ്രീം കോടതിയുടെ വിധി മറികടക്കാൻ കേന്ദ്ര സർക്കാർ പുതിയ ബില്ല് കൊണ്ടുവരികയും അതിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പകരമായി പ്രധാനമന്ത്രി നിർദേശിക്കുന്ന ക്യാബിനറ്റ് റാങ്കുള്ള കേന്ദ്രമന്ത്രിയെ ഉൾപ്പെടുത്തുകയും ചെയ്യുകയായിരുന്നു. 2023 ഡിസംബറിൽ തന്നെ ഇത് പാർലിമെന്റ് പാസ്സാക്കുകയും ചെയ്തു. ഇന്ത്യയിലെ പരമോന്നത കോടതിയുടെ തിരുത്തലുകൾ വരെ മറികടക്കാൻ പാകത്തിൽ തുടർച്ചയായി നിയമങ്ങൾ നിർമിക്കപ്പെടുക കൂടി ചെയ്യുന്നു എന്നതാണ് രാജ്യം നേരിടുന്ന വലിയ വെല്ലുവിളി.

---- facebook comment plugin here -----

Latest