National
'കുറച്ചെങ്കിലും വിവേകം കാണിക്കണം; പോയി മാപ്പ് പറയൂ'; സോഫിയ ഖുറേഷിയ അധിക്ഷേപിച്ച ബിജെപി മന്ത്രിയോട് സുപ്രീ കോടതി
മന്ത്രിക്ക് എതിരെ ക്രിമിനൽ നടപടികൾ ആരംഭിക്കാനുള്ള ഹൈക്കോടതിയുടെ നിർദ്ദേശം സ്റ്റേ ചെയ്യാൻ കോടതി വിസമ്മതിച്ചു.

ന്യൂഡൽഹി | ഇന്ത്യൻ ആർമി ഓഫീസർ കേണൽ സോഫിയ ഖുറേഷിക്കെതിരെ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ മധ്യപ്രദേശ് മന്ത്രി വിജയ് ഷാക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശം. മന്ത്രിയുടെ അഭിപ്രായങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും നിരുത്തരവാദപരമാണെന്നും ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് അഭിപ്രായപ്പെട്ടു. ഭരണഘടനാ സ്ഥാനങ്ങൾ വഹിക്കുന്ന വ്യക്തികൾ സംഭാഷണത്തിൽ സംയമനം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
“നിങ്ങൾ എങ്ങനെയുള്ള അഭിപ്രായങ്ങളാണ് പറയുന്നത്? നിങ്ങൾ കുറച്ചെങ്കിലും വിവേകം കാണിക്കണം. ഹൈക്കോടതിയിൽ പോയി ക്ഷമ ചോദിക്കൂ,” – ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അദ്ദേഹത്തിനെതിരെ ക്രിമിനൽ നടപടികൾ ആരംഭിക്കാനുള്ള ഹൈക്കോടതിയുടെ നിർദ്ദേശം സ്റ്റേ ചെയ്യാൻ കോടതി വിസമ്മതിച്ചു. അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണം തേടി നൽകിയ ഹരജിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്. ഒറ്റ ദിവസം കൊണ്ട് നിങ്ങൾക്കൊന്നും സംഭവിക്കില്ലെന്നും നിങ്ങൾ ആരാണെന്ന് നിങ്ങൾക്കറിയാമെന്നും ഹരജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു.
മധ്യപ്രദേശിലെ ഗോത്രവർഗ ക്ഷേമ മന്ത്രിയായ വിജയ് ഷാ മെയ് 12 ന് ഇൻഡോറിലെ റായ്കുണ്ട ഗ്രാമത്തിൽ നടത്തിയ ഒരു പൊതു പ്രസംഗമാണ് വിവാദത്തിന് കാരണം. പ്രാദേശിക പരിപാടിയിൽ സംസാരിക്കവെ, കേണൽ സോഫിയ ഖുറേഷിക്കെതിരെ വർഗീയവും ലിംഗവിവേചനപരവും അപകീർത്തികരവുമായ പരാമർശങ്ങൾ ഷാ നടത്തുകയായിരുന്നു. ‘പാക് ഭീകരവാദികൾ നമ്മുടെ സഹോദരിമാരുടെയും പെൺമക്കളുടെയും സിന്ദൂരം മായ്ച്ചു. ഭീകരവാദികൾ ഹിന്ദുക്കളെ വിവസ്ത്രരാക്കി കൊലപ്പെടുത്തി. എന്നാൽ മോദിജി അവരുടെ തന്നെ സഹോദരിയെ അങ്ങോട്ടേക്കയച്ച് പ്രതികാരം ചെയ്യു, അങ്ങനെ പാകിസ്ഥാനെ പാഠം പഠിപ്പിച്ചു’- എന്നായിരുന്നു മന്ത്രിയുടെ പ്രസ്‌താവന.
ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള ദേശീയ പത്രസമ്മേളനങ്ങളിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര, വിംഗ് കമാൻഡർ വ്യോമിക സിംഗ് എന്നിവരോടൊപ്പം പതിവായി പ്രത്യക്ഷപ്പെടുന്ന മുതിർന്ന ഇന്ത്യൻ ആർമി ഓഫീസറാണ് കേണൽ സോഫിയ ഖുറേഷി.
പ്രതിപക്ഷത്തിന്റെയും സൈനികരുടെയും ബിജെപിയിലെ തന്നെ ചിലരുടെയും വിമർശനം രൂക്ഷമായതോടെയാണ് വിജയ് ഷാക്ക് എതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്.